സോഷ്യൽ മീഡിയയ്ക്ക് കൊടുക്കാമോ ഒരു 30 മിനിറ്റ് ബ്രേക്ക്? വെറുതെയാവില്ല, ഉറപ്പ്!
|ദിവസവും 30 മിനിറ്റ് സമൂഹമാധ്യമത്തിൽ നിന്ന് ഇടവേളയെടുത്താൽ ജോലിയിൽ സംതൃപ്തി വർധിക്കുമെന്നാണ് കണ്ടെത്തൽ
ദിവസവും 30 മിനിറ്റ് സോഷ്യൽമീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നത് മാനസികാരോഗ്യം വർധിപ്പിക്കുമെന്ന് പഠനം. ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സമൂഹമാധ്യമങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്നത്. ദിവസവും 30 മിനിറ്റ് സമൂഹമാധ്യമത്തിൽ നിന്ന് ഇടവേളയെടുത്താൽ ജോലിയിൽ സംതൃപ്തിയും ആത്മാർഥതയും വർധിക്കുമെന്നാണ് കണ്ടെത്തൽ.
സമൂഹമാധ്യമങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടുണ്ടെങ്കിലും ഇവ ഭൂരിഭാഗം ആളുകളുടെയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കുറച്ചു സമയം ഓഫ്ലൈൻ ആയാൽ ഫോമോ( ഫിയർ ഓഫ് മിസ്സിങ് ഔട്ട്) അഥവാ സുപ്രധാന വിഷയങ്ങൾ അറിയാതെ പോകുമോ എന്ന ഭയം ഉണ്ടാകുന്നതായും പഠനത്തിൽ പറയുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ നഷ്ടപ്പെടുന്ന സന്തോഷനിമിഷങ്ങൾ സമൂഹമാധ്യത്തിലൂടെ നേടാനാവുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത് എന്നാണ് ജർമനിയിലെ റൂർ സർവകലാശാലയിലെ മനശ്ശാസ്ത്ര വിഭാഗം അസോ.പ്രൊഫസർ ജൂലിയ ബ്രെയ്ലോവ്സ്കയ ചൂണ്ടിക്കാട്ടുന്നത്. ലിങ്ക്ഡ് ഇൻ പോലുള്ളവ ഇതിനൊപ്പം തൊഴിലവസരങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു.
166 പേരിൽ നടത്തിയ പഠനത്തിലാണ് സമൂഹമാധ്യമത്തിൽ നിന്നുള്ള 30 മിനിറ്റ് ഇടവേള മാനസികാരോഗ്യത്തിന് നൽകിയ ഗുണം ഗവേഷകർ മനസ്സിലാക്കിയത്. ഇവരെ രണ്ട് ടീം ആയി തിരിച്ച ഗവേഷകർ ഒരു കൂട്ടരെ സോഷ്യൽ മീഡിയ ശീലം തുടരാൻ അനുവദിച്ചു. മറ്റേ വിഭാഗം ദിവസം മുപ്പത് മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു. ഇരു കൂട്ടരിലും നടത്തിയ നിരീക്ഷണത്തിൽ രണ്ടാമത്തെ ടീമിന് ജോലിയിലെ സംതൃപ്തിയും മാനസികാരോഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അമിത ജോലിഭാഗം തോന്നിയതുമില്ല. ഫോമോ ഇവരിൽ കുറവായിരുന്നതായും കണ്ടെത്തി.
സോഷ്യൽ മീഡിയ ഉപയോഗം കുറയുമ്പോൾ സ്വാഭാവികമായും ജോലി വേഗത്തിൽ കഴിയുകയും ഓവർടൈമിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നതാണ് ഇതിന് കാരണമായി ഗവേഷകർ വിലയിരുത്തുന്നത്. സോഷ്യൽമീഡിയ ഉപയോഗം സഹപ്രവർത്തകരുമായുള്ള സഹകരണം കുറയ്ക്കുന്നത് മൂലം ജോലിസ്ഥലത്ത് ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനും കാരണമാണെന്നും ജൂലിയ പറയുന്നു.