എട്ടു മാസം കൊണ്ട് കുറച്ചത് 46 കിലോ ഭാരം; താരമായി പൊലീസുകാരന്
|ഡൽഹി ഡെപ്യൂട്ടി കമ്മീഷണറായ ജിതേന്ദ്ര മണിയാണ് 130 ല് നിന്ന് 86 കിലോയിലേക്ക് തന്റെ ഭാരം കുറച്ചത്
അമിത വണ്ണവും അതുണ്ടാക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളുമെല്ലാം ഒട്ടേറെ പേരുടെ ഉറക്കം കെടുത്തുന്ന കാര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനുമൊന്നും പലർക്കും ആത്മവിശ്വാസമില്ലാതിരിക്കാനുള്ള കാരണവും ഈ അമിത വണ്ണം തന്നെയാണ്. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാനായി ഏതറ്റം വരെയും പോകാനും ആളുകൾ തയ്യാറാണ്. കൃത്യമായ വ്യായാമില്ലാത്താതാണ് ഒരു പരിധി വരെ അമിത വണ്ണത്തിന് കാരണം. എന്നാൽ ശരിയായ വ്യായമം ചെയ്യുകയും ഡയറ്റ് ഫോളോ ചെയ്യുകയും ചെയ്താൽ ഫലം നിശ്ചിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹിയിൽ നിന്നൊരു പൊലീസുകാരൻ.
ഡെപ്യൂട്ടി കമ്മീഷണറായ ജിതേന്ദ്ര മണിയാണ് എട്ടുമാസം കൊണ്ട് 46 കിലോ കുറച്ച് താരമായത്. 130 കിലോയിൽ നിന്നാണ് ജിതേന്ദ്ര മണി 84 കിലോയിലേക്കെത്തിയത്. ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ഈ അമിത ഭാരം കാരണം ഇദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്നാണ് ജീവിത ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ജിതേന്ദ്ര മണി തയ്യാറായത്.
ആരോഗ്യകരമായ ഭക്ഷണം കൃത്യമനായ അളവിൽ കഴിക്കാനാരംഭിച്ചു. കൂടാതെ ദിവസവും 15,000 ചുവടുകൾ നടക്കാനും തുടങ്ങി. കാർബോഹൈഡ്രേറ്റ് ഉയർ അളവിൽ അടങ്ങിയ ചോറ്, റൊട്ടി തുടങ്ങിയവ ഒഴിവാക്കി കൂടുതൽ പോഷകങ്ങളടങ്ങിയ സൂപ്പ്, സാലഡ്, പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. വ്യായാമവും ഭക്ഷണവുമെല്ലാം കൃത്യമായതോടെ ഇടുപ്പിൽ നിന്നും എട്ടുമാസം കൊണ്ട് 12 കിലോയോളം കുറഞ്ഞുവെന്ന് ജിതേന്ദ്ര പറയുന്നു. കൂടാതെ കൊളസ്ട്രോളും നന്നേ കുറഞ്ഞു. 4.5 ലക്ഷം ചുവടുകൾ നടക്കാമെന്നാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 32 ലക്ഷത്തോളം ചുവടുകൾ നടന്നുകഴിഞ്ഞുവെന്നും ജിതേന്ദ്ര മണി കൂട്ടിച്ചേർത്തു.