പ്രമേഹം പേടിച്ചിരിക്കേണ്ട; ധൈര്യമായി കഴിക്കാം, ഈ 5 പഴങ്ങൾ
|വലിയ അളവിൽ പഞ്ചസാരയുടെ തോത് അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടകരം തന്നെയാണ്. എന്നാൽ, എല്ലാ പഴങ്ങളോടും ഒറ്റയടിക്ക് 'നോ' പറയണമെന്ന് അതിനർത്ഥമില്ല
കോഴിക്കോട്: പ്രമേഹരോഗികൾ പഴം കഴിക്കാൻ പാടില്ലെന്നൊരു ധാരണ പൊതുവെയുണ്ട്. വലിയ അളവിൽ പഞ്ചസാരയുടെ തോത് അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടകരമാണെന്നതു ശരി തന്നെയാണ്. എന്നാൽ, എല്ലാ പഴവർഗങ്ങളോടും അപ്പാടെ 'നോ' പറയണമെന്ന് അതിനർത്ഥമില്ല. അത്യാവശ്യം വേണ്ട വൈറ്റമിനുകളും ധാതുക്കളും ഫൈബറുമെല്ലാം(നാരുകൾ) ഉള്ളടങ്ങിയ, അത്ര അപകടമില്ലാത്ത ചില പഴങ്ങളുമുണ്ട്. പ്രമേഹരോഗികൾക്കും വിശ്വാസത്തോടെ കഴിക്കാം അവ.
1. ഓറഞ്ച്
പഴമെന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലെത്തുന്ന കൂട്ടത്തിൽ മുന്നിലുണ്ടാകും ഓറഞ്ച്. സുലഭമായി, ഏതു കാലത്തും വിപണയിൽ ലഭ്യമാകുമെന്നു മാത്രമല്ല, അധികം കീശ കീറുകയുമില്ല.
എന്നാൽ, പ്രമേഹസൗഹൃദമായ പഴം കൂടിയാണ് ഓറഞ്ച്. വൈറ്റമിൻ സിയും നാരുകളും നന്നായി അടങ്ങിയിട്ടുള്ള പഴമാണ് ഓറഞ്ച് എന്ന് അധികപേർക്കും അറിയാനിടയില്ല. കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് കുതിച്ചുകയറുമെന്ന ആശങ്കയും വേണ്ട. ഒരു സാധാരണ ഓറഞ്ചിൽ പഞ്ചസാരയുടെ തോത് 12 ഗ്രാമിനപ്പുറം കടക്കില്ല.
പക്ഷെ, ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. അമിതമായി വാരിവലിച്ചു തിന്നാനുള്ളല്ല, പഴവുമെന്ന ചിന്ത വേണം. ഭക്ഷണശേഷമോ സലാഡ് ആയോ എല്ലാം കഴിക്കാവുന്നതാണ്.
2. ആപ്പിൾ
പഴങ്ങളുടെ കൂട്ടത്തിലെ ജനപ്രിയരാജാവാണെന്നു പറയാം ആപ്പിളിനെക്കുറിച്ച്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഷുഗർ കുറഞ്ഞ പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ ഉള്ളടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്ന ഗ്ലിസെമിക് സൂചികയിൽ ഏറ്റവും അപകടം കുറഞ്ഞ പഴമാണ് ആപ്പിൾ. അതിനാൽ പ്രമേഹരോഗികൾക്കു ധൈര്യമായി കഴിക്കാം. ജ്യൂസാക്കിയോ സോസാക്കിയോ കഴിക്കുന്നതിനു പകരം ആപ്പിൾ അങ്ങനെ പഴമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക; ഫൈബർ കണ്ടന്റുകൾ പരമാവധി ശരീരത്തിലെത്തിക്കാൻ നോക്കുക.
3. മാതളനാരകം/ഉറുമാമ്പഴം
പലനാട്ടിൽ പലപേരിൽ അറിയപ്പെടുന്ന പഴമാണ്. മാതളനാരകമെന്നു ചിലർ വിളിക്കുന്നു. പൊതുവെ ഉറുമാമ്പഴമെന്നും അറിയപ്പെടുന്നു. പഴവർഗങ്ങളിൽ അൽപം റിച്ചാണ്; വിലകൊണ്ടും ഗുണം കൊണ്ടും. ശരീരത്തിൽ ഉയർന്ന തോതിൽ ഗ്ലൂക്കോസ് സാന്നിധ്യമുള്ളവർക്കു വളരെ ഉപകാരപ്രദമായ പഴമാണ്.
രക്തത്തിലെ പഞ്ചസാരയുടെ തോത് നിർണയിക്കുന്ന ഗ്ലിസെമിക് സൂചികയിലും ഗ്ലിസെമിക് ലോഡിലുമെല്ലാം അപകടം കുറഞ്ഞ പഴമാണ് ഉറുമാമ്പഴം. അതിലേറെ വൈറ്റമിനുകളുടെയും ആന്റിയോക്‌സിഡന്റുകളുടെയും പലതരത്തിലുള്ള ദാധുപദാർത്ഥങ്ങളുടെയും വലിയൊരു കലവറ തന്നെയാണ്.
പഴം അല്ലികളാക്കിയെടുത്ത് കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ എല്ലാമാകാം. എന്നാൽ, ജ്യൂസാക്കുമ്പോൾ പഞ്ചസാര അധികം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.
4. സബർജിൽ
അത്ര സുലഭമല്ല സബർജിൽ. പക്ഷെ, കഴിക്കാത്തവരും കാണാത്തവരും വിരളവുമായിരിക്കും. നാരുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം വലിയ തോതിൽ ഉള്ളടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ തോതും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ ഏറെ സഹായകരം.
പൊതുവെ ആളുകൾക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ്. ഗ്ലിസെമിക് സൂചികയിൽ അപകടംകുറവ്. സബർജിൽ നാരുകൾ പഞ്ചസാരയുടെ സ്വാംശീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഫ്രൂട്ട് സലാഡായും ഡെസേർട്ടിൽ ചേർത്തുമെല്ലാം ഇത് ജീവിതത്തിൻരെ ഭാഗമാക്കാം.
5. തണ്ണീർമത്തൻ
പഴങ്ങളിൽ തണ്ണീർമത്തനോളം ജനപ്രിയമായത് വേറെ ഏതെങ്കിലുമുണ്ട്. വത്തക്കയെന്ന പേരിൽ പ്രശസ്തൻ. ചൂടുകാലത്ത് ദാഹം തീർക്കാനും ആശ്വാസം കൊള്ളാനും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പഴം. ശരീരത്തിൽ ജലാംശം കൂട്ടാൻ ഉപകരിക്കുമെന്നതു തന്നെയാണ് തണ്ണീർമത്തന്റെ പ്രധാന സവിശേഷത. ഇതോടൊപ്പം പ്രമേഹരോഗികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഘടകവുമുണ്ട്; പഞ്ചസാരയുടെ തോതും കുറവാണ്. ഒരു കപ്പിൽ 10 ഗ്രാമാണു പഞ്ചസാരയുടെ തോത്.
Summary: 5 best low-sugar fruits for diabetics