വാക്സിനെത്തി; പക്ഷേ, അറിഞ്ഞിരിക്കണം സെർവിക്കൽ കാൻസറിനെ കുറിച്ച്
|സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് സെർവിക്കൽ കാൻസർ
ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം( സെർവിക്കൽ കാൻസർ) പ്രതിരോധിക്കാനുള്ള തദ്ദേശീയ വാക്സിൽ ഈ മാസം ആദ്യമാണ് ഇന്ത്യ വികസിപ്പിച്ചെടുത്തത്. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് 'ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ-സെർവാവാക്' (ക്യൂ.എച്ച്.പി.വി.) വികസിപ്പിച്ചത്. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിൻ ഒമ്പതുമുതൽ 14 വയസ്സുള്ള പെൺകുട്ടികളിലാണ് കുത്തിവെക്കുന്നത്.ഈ വര്‍ഷാവസാനത്തോടെയാണ് ജനങ്ങള്‍ക്കായി വാക്സിന് ലഭ്യമാകുക.
വാക്സിൻ എത്തിയെങ്കിലും സെർവിക്കൽ കാൻസറിനെ കുറിച്ച് കൂടുതലായി ബോധവത്കരണം നടക്കാറില്ല. സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദമാണ് സെർവിക്കൽ കാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് (HPV) രോഗത്തിന് കാരണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം പകരുന്നത്.ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക, ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക, ക്രമം തെറ്റിയ ആര്‍ത്തവം,ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ,നടുവേദന, വെള്ളപോക്ക് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
സെർവിക്കൽ ക്യാൻസറിനെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട അഞ്ചുകാര്യങ്ങൾ ഇതാ...
- ഹ്യൂമൻ പാപ്പിലോമാ വൈറസ് ( HPV ) ആണ് രോഗം പരത്തുന്നതിന് പ്രധാന കാരണം. ലൈംഗിക ബന്ധത്തിലൂടെ ഈ വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക പകരും. അതുകൊണ്ട് തന്നെ സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
- ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ എല്ലാ വകഭേദങ്ങളും സെർവിക്കൽ കാൻസറിന് കാരണമാകില്ല. ചിലത് മാത്രമാണ് രോഗത്തിലേക്ക് നയിക്കുന്നത്. മറ്റുള്ളവ ഏതെങ്കിലും തരത്തിലുള്ള അണുബാധയ്ക്ക് കാരണമാകും.
- വാക്സിനുകൾ ക്യാൻസർ സാധ്യത തടയാൻ സഹായിക്കും. HPV വാക്സിൻ എടുക്കുമ്പോൾ പ്രധാനമായും വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കും. അഥവാ വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും ശരീരം വൈറസിനെതിരെ പോരാടുന്നതിന് ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും അത് ക്യാൻസറിന്റെ അപകടസാധ്യതകളെ തടയുകയും ചെയ്യും.
- ഒരൽപം കരുതലും ശ്രദ്ധയും നൽകിയാൽ രോഗം തടയാനാവും. പതിവ് പരിശോധനകൾ രോഗം തടയാൻ സഹായിക്കും. പാപ് പരിശോധന നടത്തിയാൽ രോഗം വന്നിട്ടുണ്ടോ അല്ലെങ്കിൽ രോഗം പടർന്നിട്ടുണ്ടോ എന്നറിയാൻ സഹായിക്കും.
- പുകവലി രോഗസാധ്യത വർധിപ്പിക്കുന്നു. പുകവലിക്കുമ്പോൾ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ഇല്ലാതാക്കുകയും ചെയ്യും.