Health
കീറ്റോ ഡയറ്റിൽ ഉൾപെടുത്തേണ്ട അഞ്ച് പ്രധാന വിഭവങ്ങള്‍
Health

കീറ്റോ ഡയറ്റിൽ ഉൾപെടുത്തേണ്ട അഞ്ച് പ്രധാന വിഭവങ്ങള്‍

Web Desk
|
17 Dec 2022 11:29 AM GMT

അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്

ശരീരഭാരം കുറക്കാൻ ഏറ്റവും കൂടുതൽപേർ ആശ്രയിക്കുന്നതും ഏറെ ഫലപ്രദമായതുമായ ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കീറ്റോ ഡയറ്റ് പ്രശസ്തിയാർജിച്ചത്. അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കലോറി കൊഴുപ്പിൽ നിന്ന് നേടുക എന്നതാണ് ലക്ഷ്യം.

പ്രോട്ടീന്റെ അളവിൽ മാറ്റങ്ങൾ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തിൽ നിന്നും, 15-25% പ്രോട്ടീനിൽ നിന്നും, ബാക്കി കൊഴുപ്പിൽ നിന്നും ആണ്. എന്നാൽ കീറ്റോ ഡയറ്റിൽ 10%-20% (20-50g) ഊർജ്ജം മാത്രമേ അന്നജത്തിൽ നിന്നും പാടുള്ളു.

കീറ്റോ ഡയറ്റുമായി ബന്ധപ്പെട്ട ഭക്ഷണക്രമം ശരിയായ രീതിയിൽ പിന്തുടരാൻ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കീറ്റോ ഫ്രണ്ട്‌ലിയായിട്ടുള്ള 5 വിഭവങ്ങള്‍ പരിചയപ്പെടാം.

ഇല വർഗങ്ങൾ

കിഴങ്ങു വർഗങ്ങൾ ഒഴിവാക്കി ഇല വർഗങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ ശ്രമിക്കണം. കാരണം കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെയധികം കുറഞ്ഞതും ഉയർന്ന പോഷകഗുണങ്ങൾ അടങ്ങിയ ഒന്നുമാണ് ഇലവർഗങ്ങൾ. എളുപ്പത്തിൽ ലഭ്യമാവുന്ന ഇവ തീർച്ചയായും ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക.

മത്സ്യം


പ്രോട്ടീനുകളാൽ സമ്പന്നമാണ് മത്സ്യം. കാർബോ ഹൈഡ്രേറ്റ് ഒട്ടും അടങ്ങിയിട്ടില്ലതാനും. കൂടാതെ വിറ്റാമിൻ ബി, പൊട്ടാസ്യം, സെലേനിയം എന്നിവയുടെ കേന്ദ്രമാണ് മത്സ്യങ്ങൾ. ഓമേഗ 3 ഫാറ്റുകൾ അടങ്ങിയിരിക്കുന്ന സാൽമൺ, മത്തി, അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത്തരം കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുട്ട


ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഡി, ഇ, കെ, ബി12, ഫോളേറ്റ്, ലൂട്ടെയ്ൻ, എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അവക്കാഡോ


കീറ്റോ ഡയറ്റിന്റെ അവിഭാജ്യ ഘടകമാണ് അവക്കാഡോ. കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കീറ്റോ ഡയറ്റ് പിൻതുടരുന്നവർ അവക്കാഡോ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിവിധതരം വിറ്റാമിനുകളും മിനറൽസും, പൊട്ടാസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളുടെയും ജലത്തിന്റെയും സാന്നിധ്യമുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ ബെസ്റ്റാണ് അവക്കാഡോ.

ബെറി


ഫൈബറും ആൻറി ഓക്‌സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

കീറ്റോ ഡയറ്റിന്റെ ഗുണങ്ങള്‍ എന്തൊക്കെ ?

1∙ അതിവേഗം ഭാരം കുറയ്ക്കാന്‍ സഹായിക്കും.

2∙ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

3∙ തടിയുള്ള ഒരു വ്യക്തി അഞ്ചു പത്തു കിലോ കുറഞ്ഞാൽ അയാളുടെ പ്രമേഹവും രക്ത സമ്മർദവും നിയന്ത്രണത്തിലാകും. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണ്.

ദോഷങ്ങള്‍?

1∙ കീറ്റോ ഡയറ്റില്‍ നാരടങ്ങിയ ഭക്ഷണം കൂടുതലായി ഇല്ലാത്തതിനാല്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല.

2∙ ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സം മറ്റൊരു ദോഷഫലമാണ്. ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാം.

3∙ കൊഴുപ്പ്, റെഡ് മീറ്റ് തുടങ്ങിയ ഭക്ഷണങ്ങൾ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്‍ക്കും മടുപ്പുണ്ടാക്കും.

Similar Posts