ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ...? എങ്കിൽ ഇക്കാര്യങ്ങൾ ഓർത്തുവെച്ചോളൂ...
|എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എങ്ങനെ കഴിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്
പുതിയൊരു വർഷം പിറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. പുതുവത്സരത്തിൽ പുതിയ ശീലങ്ങളും ചിട്ടകളും പ്രതിജ്ഞകളും എടുക്കുന്നവരും കുറവല്ല. അടുത്ത വർഷമെങ്കിലും ശരീരഭാരം കുറക്കണം എന്ന് കരുതുന്നവരാണോ നിങ്ങൾ.. കൃത്യമായ തയ്യാറെടുപ്പുകളും ജീവിത ശൈലികളിലെ മാറ്റവുമെല്ലാം ഇക്കാര്യത്തിൽവേണം. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ഭക്ഷണശീലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താൻ നിങ്ങളെ സഹായിക്കും.
സമീകൃത പോഷകാഹാരം
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണക്രമം ശീലമാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ജങ്ക്ഫുഡുകൾ തുടങ്ങിയവയെയും മാറ്റിനിർത്താം..
ഭക്ഷണം ആസ്വദിച്ച് കഴിക്കാം...
എന്ത് ഭക്ഷണം കഴിക്കുക എന്നതുപോലെ തന്നെ എങ്ങനെ കഴിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. അത് ശരീരഭാരം കുറക്കുന്നതിലും പ്രധാനപ്പെട്ടതാണ്. ഭക്ഷണം സാവധാനം മാത്രം കഴിക്കുക.. നമ്മുടെ വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോണിൽ നോക്കുക ,ടി.വി കാണുക തുടങ്ങിയ ഒഴിവാക്കുക.
വ്യായാമം ശീലമാക്കുക
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ വ്യായമത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ജിമ്മിൽപോയോ അല്ലാതെയോ ദിവസവും വ്യായാമം ചെയ്യാൻ ശ്രമിക്കുക. നടത്തം, എയ്‌റോബിക് വ്യായാമങ്ങൾ ,ഡാൻസ് എന്നിവയെല്ലാം ദിവസവും ചെയ്യാം. തുടക്കത്തിൽ കുറഞ്ഞ സമയം മാത്രം വ്യായാമത്തിൽ ഏർപ്പെടുക. ക്രമേണക്രമേണ വ്യയാമം ചെയ്യുന്നതിന്റെ ദൈർഘ്യം കൂട്ടുകയും ചെയ്യാം.
ജലാംശം നിർത്തുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അതേസമയം, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പരമാവധി കുറക്കുക.ഇതിന് പകരം ശുദ്ധമായ വെള്ളം, ഹെർബൽ ടീ എന്നിവ കുടിക്കാം.
ഉറക്കം മുഖ്യം
ദിവസവും ഏഴ് മുതൽ ഒമ്പതുമണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ഉറക്കം കുറയുന്നത് ഹോർമോൺ ബാലൻസ് താളം തെറ്റിക്കും. കൂടാതെ ഉറക്കമൊഴിക്കുന്നത് വിശപ്പ് കൂട്ടുകയും ചെയ്യും. ഈ സമയത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷങ്ങൾ കഴിക്കുന്നത് ശരീര ഭാരം കൂട്ടാനും കാരണമാകും. അതുകൊണ്ട് കൃത്യമായ സമയം ഉറങ്ങാനായി ശ്രദ്ധിക്കുക
സാമൂഹിക പിന്തുണ
നിങ്ങൾ ശരീരഭാരം കുറക്കാൻ തീരുമാനിച്ചാൽ അതിനെ കളിയാക്കാനും നിരുത്സാഹപ്പെടുത്താനും ഒരുപാട് പേരുണ്ടാകും. അത്തരക്കാരുമായി കൂട്ടുകൂടാതിരിക്കുക. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ,കുടുംബാംഗങ്ങൾ, സമാന ചിന്താഗതിക്കാർ എന്നിവരുടെ പിന്തുണ തേടുക. നിങ്ങളെപ്പോലെ ശരീരഭാരം കുറക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു ഗ്രൂപ്പുണ്ടാകുക. അതുവഴി പരസ്പരം പ്രചോദനവും പ്രോത്സാഹനവും വളർത്താനും സാധിക്കും.
സമ്മർദങ്ങളെ അകറ്റി നിർത്തുക
സമ്മർദങ്ങൾ അമിതമാകുമ്പോൾ അത് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥക്കും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും. അതുകൊണ്ട് സമ്മർദങ്ങളെ പരമാവധി അകറ്റി നിർത്തുക.. മനസിനെ സന്തുലിതവും ശാന്തവുമായി നിലനിർത്താൻ ശ്രമിക്കുക. കഴിയുമെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങൾ ശീലമാക്കാം.