പോപ്കോൺ കഴിക്കാൻ ഇതാ ഏഴുകാരണങ്ങൾ
|നിരവധി ആരോഗ്യ ഗുണങ്ങളുള്ള ലഘുഭക്ഷണമാണ് പോപ്കോൺ
പോപ്കോണെന്ന് കേട്ടാൽ തിയേറ്ററിൽ സിനിമ കാണാൻ പോകുന്നതായിരിക്കും ആദ്യം ഓർമയിൽ വരുന്നത്. വെറുതെ കൊറിച്ച് കഴിക്കാവുന്ന വെറും സ്നാക്ക് മാത്രമല്ല ഈ പോപ്കോൺ എന്ന് എത്രപേർക്കറിയാം. പൊട്ടട്ടോ ചിപ്സും വറുത്തതും പൊരിച്ചതുമായ മറ്റ് പലഹാരങ്ങളും കഴിക്കുന്നത് രോഗങ്ങൾ വിളിച്ചുവരുത്തുമ്പോൾ അഞ്ചോ പത്തോ മിനിറ്റിൽ വീട്ടിൽ തന്നെയുണ്ടാക്കാവുന്ന പോപ്കോൺ ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുകയും ചെയ്യും. വാണിജ്യപര്യമായി നിർമിക്കുന്ന പോപ്കോണുകൾ വാങ്ങാൻ മടിക്കുന്നവരുണ്ട്. ഇവർക്ക് ചോളത്തിന്റെ പാക്കറ്റ് വാങ്ങി വീട്ടിൽ തന്നെ പോപ്കോൺ ഉണ്ടാക്കാവുന്നതാണ്. ഇതിനായി അടച്ചുവെക്കാവുന്ന ഒരു പാത്രവും അൽപം ഉപ്പും ഓയിലും മാത്രം മതി. പോപ്കോൺ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സംസ്കരിക്കപ്പെടാത്ത മുഴുധാന്യം
സംസ്കരിക്കപ്പെടാത്ത മുഴുധാന്യമാണ് പോപ്കോൺ. അരി, ഓട്സ്, ഗോതമ്പ് എന്നിവയും മുഴുധാന്യങ്ങളാണ്. സംസ്കരിച്ച ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ധാന്യങ്ങൾ മികച്ച ഭക്ഷണ സ്രോതസ്സാണ്. ഉയർന്ന നാരുകളുള്ള ധാന്യങ്ങൾ ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
നാരുകളുടെ കലവറ
പോപ്കോണിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഗോതമ്പ് ബ്രെഡിനേക്കാൾ കൂടുതൽ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓരോ നാലുകപ്പ് പോപ്കോണിലും നാലുഗ്രാം ഗ്രാം നാരുകളെങ്കിലും അടങ്ങിയിരിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന പോളിഫെനോളുകളും വലിയ അളവിൽ അടങ്ങിയിരിക്കുന്നു.
ഓയിൽ പേരിന് മാത്രം
മറ്റ് പല സ്നാക്കുകളും പാചകം ചെയ്യാൻ വലിയ തോതിൽ ഓയിൽ ആവശ്യമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് കൊഴുപ്പ് അടിഞ്ഞുകൂടാനും ഇടയാക്കും. പോപ്കോണ് പാകം ചെയ്യാൻ പേരിന് മാത്രമാണ് ഓയിൽ വേണ്ടത്. അതുകൊണ്ടുതന്നെ അനാരോഗ്യകരമായ കൊളസ്ട്രോൾ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകൾ വേണ്ടേ വേണ്ട.
ശരീരഭാരം കുറക്കാനും സഹായിക്കും
വറുത്തതും പൊരിച്ചതുമായി സ്നാക്കുകൾ കഴിക്കുമ്പോൾ തടി കൂടുമോ എന്ന പേടി പലർക്കുമുണ്ടാകും. മാത്രവുമല്ല, സ്നാക്കുകൾ കഴിച്ചാലും വയറ് നിറഞ്ഞതായി തോന്നാറില്ല. ഉരുളകിഴങ്ങ് ചിപ്സിനേക്കാൾ പോപ്കോൺ കഴിച്ചാൽ വയറ് നിറഞ്ഞ തോന്നൽ നിങ്ങളിലുണ്ടാക്കും. അത്യാവശ്യം പോപ്കോൺ കഴിച്ച ഒരാൾക്ക് പെട്ടന്ന് തന്നെ വിശപ്പ് തോന്നുകയുമില്ല.വിശപ്പ് ഇല്ലാതാകുമ്പോൾ അമിതമായി മറ്റ് ഭക്ഷണം കഴിക്കാനുള്ള പ്രേരണയും ഇല്ലാതാകും. കൊഴുപ്പുകളും മറ്റും അടങ്ങാത്തതിനാൽ ധൈര്യപൂർവം കഴിക്കുകയും ചെയ്യാം.
അർബുദത്തെ ചെറുക്കും ആന്റി ഓക്സിഡന്റുകൾ
പോപ്കോൺ പോളിഫെനോളുകളുടെ ഉറവിടമാണ്.ഇത് രക്തചംക്രമണത്തിനും ദഹന ആരോഗ്യത്തിനും കാരണമാകുന്ന ആന്റിഓക്സിഡന്റുകൾ കൂടിയാണ്. ഇത് അർബുദം വരാനുള്ള സാധ്യതകളെ ഇത് കുറക്കുകയും ചെയ്യും.
രുചിമാറ്റാം ഇഷ്ടത്തിനനുസരിച്ച്
ചില പൊടിക്കൈകൾ ചെയ്താൽ പോപ്കോണിലും രുചികൾ മാറ്റിയെടുക്കാം. ഉപ്പും മഞ്ഞൾപൊടിയും ചേർത്താൽ സാധാരണ കിട്ടുന്ന പോപ്കോൺ തയാറാക്കാം. ഇനി അതല്ല അൽപം മധുരമുള്ള പോപ്കോണാണ് ഇഷ്ടമെങ്കിൽ കാരമൽ സോസ് ചേർത്തുകൊടുക്കാം. ഇനി രണ്ടും കൂടി മിക്സ് ചെയ്ത് വേണമെങ്കിൽ അങ്ങനെയും ചെയ്യാം. ബട്ടർ, ചീസ് അങ്ങനെ രുചികൾ നിങ്ങളുടെ ഇഷ്ടത്തിനും സർഗാത്മകക്കും അനുസരിച്ച് ചേർക്കാനും കഴിയും.
വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ
കോവിഡ് കാലമായതിനാൽ ഭൂരിഭാഗം പേരും ഇപ്പോൾ സിനിമ കാണുന്നതെല്ലാം വീട്ടിൽ തന്നെയാക്കിയിരിക്കുകയാണ്. സിനിമ തുടങ്ങുന്നതിന് അഞ്ചുമിനിറ്റ് മുമ്പ് എല്ലാവർക്കും വേണ്ട പോപ്കോൺ നമ്മുടെ അടുക്കളയിൽ തന്നെ തയാറാക്കിയെടുക്കാം. സമയവും വിലയും തുച്ഛം ഗുണമോ പതിന്മടങ്ങ് മെച്ചവും.
കുട്ടികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക
പോപ്കോണിന്റെ വലിയ ആരാധകർ കുട്ടികളാണ്. എന്നാൽ ചെറിയ കുട്ടികൾക്ക് ഇത് നൽകുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ചും അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക്. ഇത് തൊണ്ടയിൽ കുരുങ്ങി അപകടം സംഭവിച്ചേക്കാം. വിദേശത്ത് പലയിടത്തും പോപ്കോൺ കുട്ടികൾക്ക് നൽകുന്നത് നിരോധിച്ചിട്ടുണ്ട്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും പോപ്കോൺ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.