കുഞ്ഞുങ്ങളല്ലേ... കരുതൽ കൂടുതൽ വേണം; ന്യുമോണിയ തടുക്കാൻ വഴിയുണ്ട്
|സ്വന്തം പാത്രങ്ങളും ഗ്ലാസുകളും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക
ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിന് കാരണമാകുന്ന കൊലയാളിയാണ് ന്യുമോണിയ. ഈ പകർച്ചവ്യാധി ശ്വാസകോശത്തെയാണ് നേരിട്ടുബാധിക്കുന്നത്. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണിത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ജീവന് ഭീഷണിയാണ് ഈ രോഗം.ബംഗ്ലാദേശിൽ ഓരോ വർഷവും അഞ്ച് വയസ്സിന് താഴെയുള്ള 12,000 കുട്ടികൾ ന്യുമോണിയ ബാധിച്ച് മരിക്കുന്നുവെന്നാണ് ഐസിഡിഡിആർ, ബി പുറത്തുവിട്ട കണക്ക്. ലോകമെമ്പാടും, ഈ രോഗം അഞ്ച് വയസ്സിന് താഴെയുള്ള 700,000ത്തിലധികം കുട്ടികളുടെ ജീവൻ അപഹരിക്കുന്നുവെന്ന് യുണിസെഫിന്റെ കണക്കുകളും വ്യക്തമാക്കുന്നു.
ശൈത്യകാലത്താണ് കുട്ടികളിൽ ന്യുമോണിയ പിടിപെടുന്നത്. ജീവൻ അപകടത്തിലാക്കുന്ന ഈ രോഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള പ്രധാന മാർഗം രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. രോഗം പിടിപെടാതിരിക്കാനും കുട്ടികൾക്ക് കൂടുതൽ കരുതൽ നൽകാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
1. ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ വാക്സിനുകൾ കൊണ്ട് തടയാം. കൃത്യസമയത്ത് നിങ്ങളുടെ കുട്ടിക്ക് ന്യൂമോകോക്കൽ (പിസിവി) വാക്സിൻ നൽകുന്നത് ഉറപ്പാക്കുക.
2.മതിയായ പോഷകാഹാരം ഉറപ്പാക്കണം. വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ കഴിയുന്ന ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ പോഷകാഹാരം കുട്ടികളെ സഹായിക്കും.
3.വായു മലിനീകരണം പോലുള്ള അപകട ഘടകങ്ങളിൽ നിന്ന് കുട്ടികളെ കഴിവതും അകറ്റി നിർത്തുക
4.ജലദോഷം ബാധിച്ച കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും അകന്നുനിൽക്കുക. ന്യുമോണിയ പകർച്ചവ്യാധിയാണ്, വായുവിലൂടെയുള്ള കണങ്ങൾ (ചുമ അല്ലെങ്കിൽ തുമ്മൽ) വഴി പകരാം. നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ്, ചുമ, തുമ്മൽ എന്നിവ ഉണ്ടെങ്കിൽ, അവരെ ആരോഗ്യമുള്ള കുട്ടികളിൽ നിന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്.
5.ശുചിത്വം പാലിക്കുകയാണ് പ്രധാനം. ഇടയ്ക്കിടെ മൂക്കും വായും തൊടുന്നത് പോലുള്ള ശീലങ്ങൾ ഒഴിവാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുന്നതിലൂടെ വൈറസുകളോ ബാക്ടീരിയകളോ നിങ്ങളുടെ കുട്ടിയുടെ മൂക്കിലേക്കോ വായിലേക്കോ പ്രവേശിക്കുന്നത് തടയാൻ കഴിയും. കൈ കഴുകാൻ ബുദ്ധിമുട്ടാണെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
6. സ്വന്തം പാത്രങ്ങളും ഗ്ലാസുകളും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. മുഖത്ത് ഉപയോഗിക്കുന്ന ടിഷ്യൂ, തൂവാല എന്നിവ ഒരിക്കലും മറ്റൊരാൾക്ക് കൊടുക്കുകയോ അവരുടേത് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർബന്ധമായും മനസിലാക്കുക.
7. കുട്ടികളുടെ ശരീരതാപനില ഉറപ്പാക്കുക. പുറത്ത് കളിക്കാൻ പോകുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും പുറത്ത് തണുപ്പ് കൂടുതലാണെങ്കിൽ കഴിവതും കുട്ടികളെ വീടിനകത്ത് തന്നെയിരുത്തുന്നതാണ് നല്ലത്.
പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കുട്ടിക്ക് ജലദോഷം പിടിപെടുകയാണെങ്കിൽ ഡോക്‌ടറുടെ സഹായം തേടുക. കുട്ടിയുടെ ആരോഗ്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കണം. ബംഗ്ലാദേശിൽ ന്യുമോണിയ ബാധിച്ചുണ്ടായ മരണങ്ങളിൽ കൂടുതലും ചികിത്സ വൈകിയത് മൂലമാണുണ്ടായതെന്ന് കണക്കുകൾ പറയുന്നു.