വരണ്ട ചർമം വലയ്ക്കുന്നുണ്ടോ? പരീക്ഷിച്ച് നോക്കാം ഈ വഴികൾ...
|ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമം കൂടുതൽ ആരോഗ്യപ്രദമാക്കും
തണുപ്പുകാലമായി... വരണ്ട ചർമക്കാർ ഇത്രത്തോളം തല പുകയ്ക്കുന്ന ഒരു കാലാവസ്ഥയില്ല. ചർമം വരളുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും തണുപ്പ് പോലെ വരൾച്ചയുണ്ടാക്കുന്ന ഒന്നില്ല എന്ന് തന്നെ പറയാം. തണുപ്പുകാലത്ത് വരണ്ട ചർമക്കാർക്ക് പരീക്ഷിക്കാവുന്ന ചില വഴികൾ പരിചയപ്പെടാം...
1. വെളിച്ചെണ്ണ
ചർമം മൃദുവാക്കാൻ വെളിച്ചെണ്ണ പോലെ ഗുണം ചെയ്യുന്ന ഒന്നില്ല. മറ്റൊന്നും ചേർക്കാതെ തന്നെ ശരീരത്തിൽ തേയ്ക്കാമെന്നതും വെളിച്ചെണ്ണയുടെ പ്ലസ് പോയിന്റാണ്. എല്ലാ ദിവസവും വെളിച്ചെണ്ണ തേച്ചു കുളിക്കുന്നത് ഏറെ ഫലം ചെയ്യും.
2. മിനറൽ ഓയിൽ
പെട്രോളിയം ജെല്ലി എന്നറിയപ്പെടുന്ന മിനറൽ ഓയിൽ ചർമത്തിൽ ഒരു സംരക്ഷണ പാളി പോലെ പ്രവർത്തിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈർപ്പത്തെ ചർമത്തിൽ ലോക്ക് ചെയ്തുവയ്ക്കുകയാണ് മിനറൽ ഓയിലുകളുടെ ജോലി. ചർമത്തിലെ പാടുകൾക്കും തടിപ്പുകൾക്കുമൊക്കെ മികച്ച പരിഹാരമാണ് ഇവ.
3.സോപ്പും ഡിറ്റർജന്റും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
ചർമം വരണ്ടതാക്കുന്നതിൽ സോപ്പിനുള്ള പങ്ക് ചെറുതല്ല. അലക്കുമ്പോഴും പാത്രം കഴുകുമ്പോഴുമൊക്കെ ഗ്ലൗസ് ഇടുന്നത് ഡിറ്റർജന്റും സോപ്പുമായി നേരിട്ട് കോൺടാക്ട് വരുന്നത് ഒഴിവാക്കും.
4.ചൂട് വെള്ളത്തിലുള്ള കുളി വേണ്ട
ചൂട് വെള്ളത്തിൽ കുളിക്കുന്നത് ചർമം വരണ്ടതാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് വെള്ളത്തിൽ കുളി ഒഴിവാക്കാനാവാത്തവർ ചെറു ചൂട് വെള്ളം ഉപയോഗിക്കണം.
5.ചിട്ടയായ ഭക്ഷണരീതി
ആരോഗ്യമുള്ള ചർമത്തിന് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമം കൂടുതൽ ആരോഗ്യപ്രദമാക്കും. ഇത് വരൾച്ചയും കുറയ്ക്കും. ബ്ലൂബെറി,തക്കാറി,കാരറ്റ്,ബീൻസ്,പീസ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തുന്നതാണുത്തമം.