ഭ്രമാത്മകതയുണ്ടാക്കുന്ന രോഗാവസ്ഥ, യുകെയിൽ പത്ത് ലക്ഷത്തിലധികം പേർക്കും രോഗം: അറിയാം ചാൾസ് ബോണറ്റ് സിൻഡ്രോമിനെ പറ്റി...
|കാഴ്ചശക്തി 60 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെട്ടവരിലാണ് ചാൾസ് ബോണറ്റ് സിൻഡ്രോമിന് സാധ്യത കൂടുതൽ
യുകെയിൽ പത്ത് ലക്ഷത്തിലധികം പേർക്ക് ചാൾസ് ബോണറ്റ് സിൻഡ്രോമെന്ന് റിപ്പോർട്ട്. എസ്മെസ് അംബ്രല്ല എന്ന ചാരിറ്റി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. തിമിരം പോലുള്ള കാഴ്ച വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ചാൾസ് ബോണറ്റിനെക്കുറിച്ച് കൃത്യമായ ധാരണ മിക്കവർക്കും ഇല്ല എന്നതാണ് വസ്തുതയെന്ന് എക്സ്പ്രസ്.കോ.യുകെയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.
ഭ്രമാത്മകതയുണ്ടാക്കുന്ന രോഗാവസ്ഥയായാണ് ചാൾസ് ബോണറ്റ് പൊതുവേ പറയപ്പെടുന്നത്. ഈ രോഗമുള്ളവർ കൺമുന്നിലില്ലാത്ത വസ്തുക്കളെ കാണും. രൂപമില്ലാത്തതോ നേർരേഖയിലുള്ളതോ ആയ വസ്തുക്കളെയും മൃഗങ്ങളെയും ആളുകളെയുമൊക്കെ ഇവർ കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ആയോ നിറങ്ങളോടെയോ ഈ രൂപങ്ങൾ കാണാം. പൊടുന്നനെ ആവും ചിലപ്പോളിവ പ്രത്യക്ഷപ്പെടുക. ഏതാനും മിനുറ്റുകൾ മാത്രമോ ചിലപ്പോൾ മണിക്കൂറുകൾ വരെയോ ഇവ കണ്ണിൻ മുന്നിലുണ്ടാവും. കണ്ണിൽ നിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ തടസ്സപ്പെടുമ്പോഴാണ് ഇത്തരം രൂപങ്ങൾ കണ്ണിന് മുന്നിൽ പ്രത്യക്ഷപ്പെടുക. കാഴ്ചശക്തി 60 ശതമാനമോ അതിൽ കൂടുതലോ നഷ്ടപ്പെട്ടവരിലാണ് ചാൾസ് ബോണറ്റ് സിൻഡ്രോമിന് സാധ്യത കൂടുതൽ.
ശരിയായ ഉറക്കമാണ് ഈ രോഗാവസ്ഥയിൽ രോഗിക്ക് ചെയ്യാനാവുന്നത് എന്നാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് അറിയിക്കുന്നത്. കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധിക്കണമെന്നും ആരോഗ്യവിദഗ്ധർ അറിയിക്കുന്നു.