സൂചി കാണുന്നത് തന്നെ പേടിയാണ്, പിന്നല്ലേ കുത്തുന്നത്..; പേടി മാറ്റേണ്ടേ, വഴിയുണ്ട്
|എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്തയാണ് വേദനയുണ്ടാകുന്ന ഘട്ടത്തിൽ ഉത്കണ്ഠക്ക് കാരണമാകുന്നത്
കണ്ണ് ഇറുക്കി പിടിച്ച് കൈ ചുരുട്ടി ടെൻഷൻ അടിച്ച് ഇരിക്കുന്നവർ ആശുപത്രികളിലെ കുത്തിവെപ്പ് മുറികളിൽ സ്ഥിരം കാഴ്ചയാണ്.സൂചിയാണ് ഇവിടെ വില്ലൻ. സൂചിയുമായി നഴ്സ് നടന്നടുക്കുന്നത് കാണുമ്പോൾ നെഞ്ചിടിപ്പ് കൂടാത്തവർ ചുരുക്കമല്ല. എന്തിനാണ് ഇവരിങ്ങനെ പേടിക്കുന്നത്, ഒരു ഉറുമ്പ് കടിക്കുന്ന വേദനയല്ലേ എന്ന് പറയുമ്പോഴും അത്ര നിസാരമായി കാണേണ്ടതല്ല ഈ പേടി. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ എല്ലാവർക്കും ഉണ്ടാകുന്ന സാധാരണ പേടിയാണിത്. ഐക്‌മോഫോബിയ എന്നാണ് മനഃശാസ്ത്രത്തിൽ ഈ ഭയത്തിന്റെ പേര്.
സൂചിയോട് മാത്രമായിരിക്കില്ല മൂർച്ചയുള്ള സകല വസ്തുക്കളോടും ഐക്‌മോഫോബിയക്കാർക്ക് പേടിയായിരിക്കും. എല്ലാ പ്രായക്കാരിലും സൂചിപ്പേടി ഉണ്ടെങ്കിലും കുട്ടികളിലാണ് ഇത് വ്യാപകം. ശ്രദ്ധതിരിക്കാൻ കളിപ്പാട്ടങ്ങൾ പോലെയുള്ളവ സഹായിക്കുമെങ്കിലും പൂർണമായി ഇവരുടെ ഉത്കണ്ഠ അകറ്റാൻ എന്ത് ചെയ്യുമെന്ന ഗവേഷണത്തിനൊടുവിൽ ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ വിദഗ്ധർ ഒരു കണ്ടെത്തലിലെത്തി, വെർച്വൽ റിയാലിറ്റി (വിആർ). കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമായ വെർച്വൽ റിയാലിറ്റി അഥവാ സാങ്കൽപിക യാഥാ൪ത്ഥ്യം ഇപ്പോൾ വിവിധ മേഖലകളിൽ ഉപയോഗിച്ചുവരുന്നുണ്ട്.
കമ്പ്യൂട്ടർ സ്‌ക്രീനിലോ പ്രൊജക്‌ടറിലോ ശബ്ദസന്നിവേശത്തോടെ യാഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന സാങ്കേതികവിദ്യയാണിത്. കുത്തിവെപ്പെടുക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ വിആർ ഉപകരണങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ. ജമാ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. നാല് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള 149 കുട്ടികളിലാണ് പഠനം നടത്തിയത്.
ആശ്വാസവാക്കുകളും പരിചരണവും മുതൽ കളിപ്പാട്ടങ്ങൾ വരെ കുട്ടികളുടെ ശ്രദ്ധതിരിക്കാനായി ഉപയോഗിച്ചിരുന്നു. എങ്കിലും അധികനേരം കുട്ടികളെ പിടിച്ചിരുത്താനായില്ല. എന്നാൽ, വിആർ ഉപകരണം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ കുട്ടികളുടെ ശ്രദ്ധതിരിക്കാൻ മാത്രമല്ല, വേദന ലഘൂകരിക്കാനും സാധിച്ചുവെന്ന് ഗവേഷകർ പറയുന്നു. കോർട്ടിസോളിൽ (സ്ട്രെസ് ഹോർമോൺ) കുറയ്ക്കാനും ഇതുവഴി സാധിച്ചുവെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എല്ലായിടങ്ങളിലും വിആർ ടെക്‌നോളജി ഉപയോഗിക്കുക സാധ്യമല്ല. വിആർ ടെക്‌നോളജിയുടെ പ്രാധാന്യമല്ല, ഉത്കണ്ഠയും വേദനയും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വേദനയും ഉത്കണ്ഠയും
ഉത്കണ്ഠ മാനസികവും വേദന ശാരീരികവുമാണല്ലോ. വ്യത്യസ്ത ഘടകങ്ങളാണെങ്കിലും ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലാസ് വെഗാസിലെ നെവാഡ സർവകലാശാലയിലെ വിശിഷ്‌ട പ്രൊഫസറും മനഃശാസ്ത്ര ചെയർമാനുമായ ഡോ. ക്രിസ്റ്റഫർ എ കെർണി വിശദീകരിക്കുന്നു. ദ്രുതഗതിയിൽ ശ്വാസം എടുക്കുക, ഹൃദയമിടിപ്പ് കൂടുക, വിറയൽ എന്നിവ ഉത്കണ്ഠയുടെ പ്രധാന ലക്ഷണങ്ങളാണ്. എന്തെങ്കിലും സംഭവിക്കുമോ, ശരീരത്തിനെ ദോഷകരമായി ബാധിക്കുമോ, പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ചിന്തകളാണ് വേദനയുണ്ടാകുന്ന ഘട്ടത്തിൽ ഉത്കണ്ഠക്ക് കാരണമാകുന്നത്. വേദന ഉത്കണ്ഠയെ സ്വാധീനിക്കുന്നത് ഇങ്ങനെയാണ്. കുത്തിവെപ്പ് ഘട്ടത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്.
ഇക്കാര്യം കൃത്യമായി ഉൾക്കൊള്ളാൻ നമ്മുടെ ശരീരം വേദന അനുഭവിക്കുന്നതെങ്ങനെയെന്ന് മനസിലാക്കേണ്ടത് അനിവാര്യമാണെന്ന് മൈൻഡ്പാത്ത് ഹെൽത്തിലെ സൈക്യാട്രിസ്റ്റായ ഡോ. ജിഷാൻ ഖാൻ പറയുന്നു. ചർമ്മത്തിൽ സൂചി കുത്തിവയ്ക്കുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഉത്തേജനത്താൽ നാഡി അറ്റങ്ങൾ സജീവമാകുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. ഇവ സുഷുമ്നാ നാഡിയിലൂടെ നമ്മുടെ തലച്ചോറിന്റെ ഉയർന്ന തലങ്ങളിലേക്ക് സഞ്ചരിക്കുന്ന പ്രേരണകളെ സ്വാധീനിക്കുന്നു. ഇതുവഴി സജീവമാകുന്ന മസ്തിഷ്ക ഭാഗത്തെ ആശ്രയിച്ചാണ് ശരീരത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാകുന്നത്. അത് ചിലപ്പോൾ കരച്ചിലാകാം, വിറയലാകാം, ഹൃദയമിടിപ്പിലുണ്ടാകുന്ന മാറ്റമാകാം.
സമ്മർദ്ദ പ്രതികരണങ്ങളാണ് ആക്റ്റീവ് ആകുന്നതെങ്കിൽ ഇത് രക്തത്തിലേക്ക് സ്‌ട്രെസ് ഹോർമോണുകളായ കോർട്ടിസോളിന്റെയും അഡ്രിനാലിന്റെയും അളവ് കൂട്ടുന്നതിന് കാരണമാകും. ഇങ്ങനെയുണ്ടാകുന്ന ഉത്കണ്ഠ ശരീരത്തിന്റെ നാഡികളെ നേരിട്ട് ബാധിക്കുകയും അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. ചെറിയ വേദനയാണെങ്കിൽ കൂടി അത് വലുതായി അനുഭവപ്പെടുന്നത് ഇതുകാരണമാണ്. കൂടുതൽ ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ കൂടുതൽ വേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളിലും മുതിർന്നവരിലും ഉത്കണ്ഠ വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. കുട്ടികൾ പലപ്പോഴും യുക്തിരഹിതമായാണ് ചിന്തിക്കുന്നതെന്ന് മനസിലാക്കണം. അതിനാൽ, കുട്ടികളിലുണ്ടാകുന്ന ഉത്കണ്ഠ കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളെ സമാധാനിപ്പിക്കാം..
സൂചി കുത്തുമ്പോൾ ശ്രദ്ധതിരിക്കാൻ വിആർ ടെക്‌നോളജി പോലെയുള്ളവ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. അങ്ങനെയെങ്കിൽ കുട്ടികളെ സമാധാനിപ്പിക്കാനുള്ള വഴികൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമല്ലേ.
- തനിച്ചല്ലെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക
- കൂടുതൽ സംസാരിക്കുക
- കുത്തിവെപ്പിന് പോകുമ്പോൾ അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടം എടുക്കാൻ മറക്കരുത്
- മൊബൈലിലോ മറ്റോ അവരുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ പ്ലേ ചെയ്യുക
- പാട്ടുകൾ പാടിക്കൊടുക്കുകയോ കേൾപ്പിക്കുകയോ ചെയ്യാവുന്നതാണ്
- സാവധാനം ശ്വാസം എടുക്കാൻ പ്രേരിപ്പിക്കുക
- എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കുക. സൂചി കുത്തിയാൽ ഇത്രയേ ഉള്ളുവെന്ന് മനസിലാക്കിക്കൊടുക്കുക
- കുത്തിവെപ്പ് എടുത്ത് കഴിയുന്നത് വരെ അവരെ കൊഞ്ചിക്കാവുന്നതാണ്
മേൽപറഞ്ഞ വിദ്യകളിൽ ചിലത് മുതിർന്നവർക്കും പരീക്ഷിക്കാവുന്നതാണ്.