'വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കുന്നു';വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ധർ
|ശാരീരികമായ പ്രയാസങ്ങൾക്കൊപ്പം ഉത്കണ്ഠ, വിഷാദം എന്നിവ വർധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം
വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ മാത്രമല്ല, ഒരാളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ദർ. എച്ച്ടി ലൈഫ്സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ, സീനിയർ സൈക്യാട്രിസ്റ്റും മനസ്ഥലിയുടെ സ്ഥാപകയുമായ ഡോ. ജ്യോതി കപൂറിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന എന്തും മാനസികാരോഗ്യത്തെയും ബാധിക്കുന്നുവെന്ന് അവർ പറഞ്ഞു.
പരിസ്ഥിതിയിൽ മലിനീകരണം വർദ്ധിക്കുന്നതിനനുസരിച്ച്, ആളുകളുടെ മാനസികാരോഗ്യത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് അവർ വ്യക്തമാക്കുന്നത്. ശാരീരികമായ പ്രയാസങ്ങൾക്കൊപ്പം ഉത്കണ്ഠ, വിഷാദം എന്നിവ വർധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ''വായു മലിനീകരണം ശ്വസന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്, അതിനോടൊപ്പം ഉത്കണ്ഠയും വിഷാദവും വർധിക്കുന്നത് മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നു''- ഉജാല സിഗ്‌നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ ഷുചിൻ ബജാജ് പറഞ്ഞു.
വായു മലിനീകരണം ഗുരുതരമായ ന്യൂറോ കോഗ്‌നിറ്റീവ് ഇഫക്റ്റുകൾക്ക് കാരണമാകും. പെരുമാറ്റത്തിലെ മാറ്റം മുതൽ ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്‌സ് വരെ - അത് ആത്യന്തികമായി മാനസികാരോഗ്യത്തിൽ വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കും. മലിനീകരണ കണങ്ങൾക്ക് ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് കടക്കാനും ചില സന്ദർഭങ്ങളിൽ ഘ്രാണനാഡിയുടെ ആക്‌സോണിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കാനും കഴിയും.
ഉയർന്ന അളവിലുള്ള വായു മലിനീകരണം രക്തക്കുഴലുകൾക്ക് വീക്കം ഉണ്ടാക്കുന്നു. ഇത് ഹാനികരമായ മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചില വ്യക്തികളെ നിരാശയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് വിദഗ്ദാഭിപ്രായം. മനുഷ്യനിലെ ഉത്കണ്ഠയും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനമാണെന്ന് ഗുരുഗ്രാമിലെ പാരസ് ഹോസ്പിറ്റലിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ സങ്കൽപ് സൂര്യ മോഹൻ പറഞ്ഞു. രോഗലക്ഷണങ്ങൾ പലപ്പോഴും മന്ദഗതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. കാൻസർ, വായു മലിനീകരണം കൊണ്ടുണ്ടാകുന്ന ആസ്ത്മ മറ്റ് ശാരീരിക അസ്വസ്ഥതകൾ പരോക്ഷമായി മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്