താരനകറ്റാൻ നെട്ടോട്ടമോടേണ്ട.. പ്രതിവിധിയുണ്ട്
|ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും ഉപയോഗം താരനു കാരണമാകാറുണ്ട്
ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് താരൻ. താരനകറ്റാൻ പലതരം നുറുങ്ങുവഴികളും സ്വീകരിച്ച് പരാജയപ്പെട്ട് നിൽക്കുന്നവരായിരിക്കും മിക്കപേരും. താരന് ചികിത്സ തേടുന്നതിലും മുൻപ് എന്താണ് താരനെന്നും അതിന്റെ കാരണങ്ങളും അറിയേണ്ടത് അത്യാവശ്യമാണ്
എന്താണ് താരൻ
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണിത്. ത്വക്കിലുള്ള സെബേഷ്യസ് ഗ്രന്ഥികൾ വൻതോതിൽ സെബം ഉത്പാദിപ്പിക്കുന്നത് മൂലമാണ് താരൻ ഉണ്ടാകുന്നത്. ഇതിന്റെ പരിണിത ഫലങ്ങൾ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കാണപ്പെടാറുണ്ട്.
ശരീരത്തിൽ ചിലഭാഗങ്ങൾ വരണ്ടതും ചുവന്ന നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. താരൻ വ്യാപിക്കുന്നതിനനുസരിച്ച് അവിടങ്ങളിൽ ചൊറിച്ചിലനുഭവപ്പെടുകയും ചിലപ്പോൾ വീക്കത്തിനും കാരണമാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരന് കാരണമാകാറുണ്ട്.
ഇക്കാരണങ്ങൾ കൊണ്ടും താരനുണ്ടാകും
സാധരണയായി വരണ്ടകാലത്ത് വായുവിൽ ഈർപ്പം കുറയുന്നത് മൂലം ചർമം പെട്ടന്ന് തന്നെ വരണ്ട് പോകുന്നു. ഇത് താരന് കാരണമാകാറുണ്ട്. മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ അലർജിക്ക് കാരണമാകുകയും തലയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടാനും ഇടവരുത്തുന്നു. ഇടക്കിടെ തലകഴുകുന്നതും അത്ര നല്ലതല്ല. ഇത് താരൻ വർധിക്കാൻ ഇടയാക്കുന്നു.
താരൻ നീക്കം ചെയ്യാൻ ചില മാർഗങ്ങൾ ഇതാ
ടീ ട്രീ ഓയിലും വിർജിൻ കോക്കനട്ട് ഓയിലും
ഒരു മിക്സിങ് ബൗളിൽ പത്ത് തുള്ളി ടീട്രീ ഓയിലും അഞ്ച് ടേബിൾ സ്പൂൺ വിർജിൻ കോക്കനട്ട് ഓയിലും മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം ഒരു ഹെയർ ക്ലൻസർ ഉപയോഗിച്ച് വൃത്തിയാക്കുക.
ആപ്പിൾ സിഡെർ വിനെഗർ
മൂന്ന് ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗറിൽ അതേ അളവിൽ വെള്ളം ചേർത്ത് ആ മിശ്രിതം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. തലയോട്ടിയിലും മുടിയിലും മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ തേച്ച് പിടിപ്പിക്കണം. തുടർന്ന് ഹെയർ ക്ലെൻസർ ഉപയോഗിച്ച് മുടി നന്നായി കഴുകുക.
ആപ്പിൾ സിഡെർ വിനെഗർ പതിവായി പുരട്ടുന്നത് തലയോട്ടിയിലെ സ്വാഭാവിക പിഎച്ച് നിലയെ സന്തുലിതമാക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്നു.
3. വേപ്പില
അൽപം വേപ്പിലയെടുത്ത് രാത്രി തിളച്ച വെള്ളത്തിൽ മുക്കിവെക്കുക. രാവിലെ ഇതെടുത്തരച്ച് പേസ്റ്റ് രൂപത്തിലാക്കി തൈരിൽ കലർത്തി തലയോട്ടിയിൽ പുരട്ടുക. 30 മിനിട്ടോളം വെച്ചശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴികിക്കളയാം. വേപ്പില പതിവായി ഉപയോഗിക്കുന്നത് മുടിയിലും തലയോട്ടിയിലും താരൻ മൂലമുണ്ടാകുന്ന ഫംഗസിനെ അണുവിമുക്തമാക്കാൻ സഹായിക്കുന്നു.
4. ബേക്കിംഗ് സോഡ
2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡ പൗഡറെടുത്ത് നനഞ്ഞ മുടിയിൽ പുരട്ടുക. അൽപ നേരം മസാജ് ചെയ്ത് മൂന്ന് മിനിട്ടിനു ശേഷം ഹെയർ ക്ലൻസർ ഉപയോഗിച്ച് കഴുകിക്കളയാം. ബേക്കിംഗ് സോഡയുടെ ഉപയോഗം താരൻ മുലമുണ്ടാകുന്ന ചൊറിച്ചിലും വീക്കവും കുറക്കാൻ സഹായിക്കുന്നു.
അംല പൊടിയും തുളസിയും
ഉണങ്ങിയ നെല്ലിക്കയുടെ പൊടിയും തുളസി ഇലയും ചേർത്തരച്ച മിശ്രിതം തലയിൽ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. നെല്ലിക്കാ പൊടിയിലെ വിറ്റാമിൻ സി ഗുണങ്ങളും തുളസിയിലെ ആന്റീ ബാക്ടീരിയകൾ ഗുണങ്ങളും താരനകറ്റാൻ സഹായിക്കുന്നു.
6. ഉലുവയും നാരങ്ങാനീരും
2 ടേബിൾസ്പൂൺ ഉലുവയെടുത്ത് രാതി വെള്ളത്തിൽ കുതിർത്തി വെക്കുക. രാവിലെയെടുത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്തതിന് ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് താരനകറ്റാനും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുക. ഉലുവ ഇങ്ങനെ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ കുറക്കാനും സഹായിക്കും.