20 മിനുട്ട് വരെ നിര്‍ത്താതെ ഒരേ ചിരി, പൊട്ടിക്കരച്ചില്‍; അനുഷ്‌ക ഷെട്ടിയുടെ അസുഖമെന്ത്?
|രോഗാവസ്ഥ കാരണം പലപ്പോഴും ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്നും അനുഷ്‌ക അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു
ചെന്നൈ: ''എനിക്കൊരു ചിരി രോഗമുണ്ട്. ചിരിയും ഒരു രോഗമാണോ എന്നായിരിക്കും നിങ്ങള്‍ അത്ഭുതപ്പെടുന്നത്. എനിക്ക് അതൊരു അസുഖമാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ ഒരു 15-20 മിനിക്ക് എനിക്ക് നിര്‍ത്താനാകില്ല. കോമഡി സീനുകള്‍ കാണുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴെല്ലാം ഞാന്‍ ചിരിച്ചു മണ്ണുകപ്പിപ്പോകും. പലതവണ അങ്ങനെ ഷൂട്ടിങ് നിര്‍ത്തിവയ്‍ക്കേണ്ടിയും വന്നിട്ടുണ്ട്.''
ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി വെളിപ്പെടുത്തിയതാണിത്. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും കൗതുകം തോന്നുന്നുണ്ടാകും. എപ്പോഴും ചിരിച്ചോണ്ടിരിക്കാന്‍ കഴിയുന്നത് വലിയ സൗഭാഗ്യമല്ലേ എന്നാകും ചിന്തിക്കുന്നുണ്ടാകുക. എന്നാല്‍, ചിരിയും ശാപമായിപ്പോകുന്ന ചില അവസ്ഥകളുണ്ടെന്നാണ് അനുഷ്‌കയുടെ അനുഭവം പറയുന്നത്. നിര്‍ത്താതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന, ചിരി നിയന്ത്രിക്കാനാകാത്ത ഒരു പ്രത്യേക രോഗാവസ്ഥയുണ്ട്. സ്യൂഡോബള്‍ബര്‍ അഫെക്ട്(പി.ബി.എ) എന്നാണ് തലച്ചോറിനെ ബാധിക്കുന്ന ഈ അപൂര്‍വ നാഡീരോഗത്തിനു പേര്.
പി.ബി.ഐ ആണു തനിക്കുള്ളതെന്ന് നടി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവര്‍ പങ്കുവച്ച കാര്യങ്ങള്‍ ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ തന്നെയാണ്. പെട്ടെന്ന് എന്തെങ്കിലും തമാശ കേട്ട് ചിരിച്ചതാകും. അല്ലെങ്കില്‍ വേദനിപ്പിക്കുകയോ ദുഃഖമുണ്ടാക്കുകയോ ചെയ്യുന്ന വാര്‍ത്ത കേട്ട് കരഞ്ഞതാകും. എന്നാല്‍, മിനിറ്റുകളോളം അതു പിന്നീട് നിര്‍ത്താനാകില്ല. ജോലിസ്ഥലത്തോ യാത്രയ്ക്കിടയിലോ പൊതുസ്ഥലങ്ങളിലോ ഒക്കെയാണ് ഇതുണ്ടാകുന്നതെങ്കില്‍ പറയുകയും വേണ്ട! ആദ്യമായി കാണുന്ന ചുറ്റുമുള്ള അപരിചിതരെല്ലാം ഇതെന്താണു സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നുപോകും. അല്ലെങ്കില്‍, മാനസികമായി എന്തെങ്കിലും പ്രശ്‌നങ്ങളുള്ളയാളാണെന്നു പറഞ്ഞു ചിലര്‍ പരിഹസിക്കാനുമിടയുണ്ട്. ഇത്തരം രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന മാനസികാഘാതം ചില്ലറയാകില്ല.
പക്ഷാഘാതം, അള്‍ഷിമേഴ്‌സ് പോലെ തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന ഒരു അസുഖമാണ് സ്യൂഡോബള്‍ബര്‍ അഫെക്ടും. മനുഷ്യന്റെ വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറാണ് ഇത്തരമൊരു രോഗത്തിലേക്കു നയിക്കുന്നത്. ഇത് ആളുകളുടെ വൈകാരിക പ്രകടനങ്ങളെയും താറുമാറാക്കും.
പി.ബി.എയുടെ ലക്ഷണങ്ങള്‍ അതിന്റെ തീവ്രതയിലും ദൈര്‍ഘ്യത്തിലുമെല്ലാം ഓരോ വ്യക്തികള്‍ക്കും അനുസരിച്ചു മാറ്റമുണ്ടാകും. അനുഷ്‌കയുടെ കാര്യത്തില്‍ ചിരി നിര്‍ത്താന്‍ കഴിയാത്തതാണു പ്രശ്‌നമെങ്കില്‍, ഇതിലും വിചിത്രമായ ചില സാഹചര്യവുമുണ്ടാകും.
തമാശ കേട്ട് കരയുകയോ കരയേണ്ട സമയത്ത് ചിരിച്ചുമറിയുകയോ ചെയ്യുന്ന അവസ്ഥയുമുണ്ടാകാം. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ചിലര്‍ക്ക് ഏതാനും സെക്കന്‍ഡുകളായിരിക്കും ഈ അവസ്ഥയുണ്ടാകുക. ചിലരുടേത് മിനിറ്റുകള്‍ നീണ്ടുനില്‍ക്കും.
പി.ബി.എ അത്ര പെട്ടെന്നു ചികിത്സിച്ചു മാറ്റാനാകില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. മറ്റു മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പം പിടിച്ചതാകും. ഡെക്‌സ്‌ട്രോമെത്തോര്‍ഫനും ക്വിനിഡിനും സംയോജിപ്പിച്ചുള്ള ഒരു മരുന്നിന് കേന്ദ്ര ഭക്ഷ്യ-മരുന്ന് നിയന്ത്രണ അതോറിറ്റി(എഫ്.ഡി.എ) അംഗീകാരം നല്‍കിയിട്ടുണ്ട്. ആന്റിഡിപ്രസന്റുകള്‍ ഉള്‍പ്പെടുന്ന മറ്റു ചികിത്സകളുമുണ്ട്. ഇതോടൊപ്പം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഈ രോഗാവസ്ഥയെ കുറിച്ചു കൂടുതല്‍ അവബോധം നല്‍കേണ്ടതും വളരെ പ്രധാനമാണ്. രോഗബാധിതര്‍ക്കു മാനസികപിന്തുണ നല്‍കാനും എപ്പോഴും ശ്രദ്ധ വേണം.
Summary: Anushka Shetty suffering from a rare 'laughing disease'? what is Pseudobulbar Affect(PBA)?