പതിവായി സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം
|ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് എല്ലുകൾക്ക് പണിതരുന്നത്
എന്തെങ്കിലും വയറുനിറച്ചു കഴിച്ചാൽ പെപ്‌സിയോ കോളയോ മൗണ്ടൻ ഡ്യൂവോ അങ്ങനെ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഫൂഡിങ് പൂർണമാവില്ലെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. കഴിക്കുന്നത് ഹെവി ഫുഡ് ആണെങ്കിൽ ഇങ്ങനെ എന്തെങ്കിലും സോഫ്റ്റ് ഡ്രിങ്ക് കുടിച്ചെങ്കിൽ മാത്രമേ പൂർണ തൃപ്തിയും ഫീൽ ചെയ്യാറുള്ളു. എന്നാൽ ദിവസേനയോ ഇടവിട്ടോ ഇത്തരത്തിലുള്ള ശീതളപാനീയങ്ങൾ കുടിച്ചാൽ എല്ലുകൾ ഒടിയാനുള്ള സാധ്യത കൂടുതലാണെന്ന് 7 വർഷത്തോളം നീണ്ടു നിന്ന പഠനത്തിലാണ് തെളിഞ്ഞിരിക്കുന്നത്.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിനു പുറമേ 'ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ' പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലും സമാന കണ്ടെത്തലുകളുള്ളതായി വ്യക്തമായിട്ടുണ്ട്. കോള കുടിക്കുന്നത് മനുഷ്യരിൽ പ്രത്യേകിച്ച് സ്ത്രീകളിലെ എല്ല് സംബന്ധമായ അസുഖങ്ങൾ വർധിപ്പിക്കുമെന്ന് തെളിയിക്കുന്നുണ്ട്.
അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ദന്തക്ഷയം തുടങ്ങിയ അസുഖങ്ങൾക്കുള്ള സാധ്യത സോഫ്റ്റ് ഡ്രിങ്ക് യൂസേഴ്‌സിൽ കൂടുതലാണെന്ന് നേരത്തെ തന്നെ പല പഠനങ്ങളും തെളിയിച്ചതാണ്. ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് കാൽസ്യത്തിന്റെ അളവിനെ ബാധിച്ചുകൊണ്ട് എല്ലുകൾക്ക് പണിതരുന്നത്. ഇത്തരമൊരു പഠനം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ സോഫ്റ്റ് ഡ്രിങ്ക് ഉപയോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അല്ലാത്ത പക്ഷം വലിയ വിലകൊടുക്കേണ്ടു വരുമെന്നുമുള്ള മുന്നറിയിപ്പാണ് ശ്‌സ്ത്രലോകം നൽകുന്നത്.
വില്ലൻ പാനീയങ്ങൾ ഉണ്ടാക്കും വിധം
സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നതു കാർബൺ ഡൈ ഓക്‌സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങിയവയും കൂട്ടിക്കലർത്തിയാണ്. 18-ാം നൂറ്റാണ്ടിൽ ജോസഫ് പ്രിസ്റ്റ്ലി അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ കാർബൺഡൈ ഓക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കാർബണേറ്റഡ് വാട്ടർ (സോഡാവെള്ളം) വികസിപ്പിച്ചെടുത്തു. ഇതാണു സോഫ്റ്റ് ഡ്രിങ്കുകളുടെ ഉത്പാദനത്തിന്റെ അടിസ്ഥാനതത്വം.
സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സീറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ് കണ്ടന്റുകളാണ് ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കാലറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും.