ഉരുളക്കിഴങ്ങിൽ മുള വന്നാൽ കഴിക്കണോ കളയണോ? അറിയാം...
|മുള വന്നത് കൂടാതെ ഉരുളക്കിഴങ്ങിന് പച്ച നിറമുണ്ടെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്
ഉരുളക്കിഴക്ക് കണ്ടുപിടിച്ചവർക്ക് ഒരു അവാർഡ് കൊടുക്കണം എന്നൊക്കെ തമാശയായി പറയാറുണ്ട്. കറിയോ ചിപ്‌സോ ഫ്രൈസോ ആകട്ടെ, ഏത് രീതിയിലും രുചിയാണ് ഉരുക്കിഴങ്ങ് വിഭവങ്ങൾക്ക്. പാചകത്തിലെ തുടക്കക്കാരൊക്കെ ആദ്യമായി കയ്യിലെടുക്കുന്ന പച്ചക്കറിയും ചിലപ്പോൾ ഉരുളക്കിഴങ്ങ് ആവും.
ഇങ്ങനെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായ ഉരുളക്കിഴങ്ങുകളിൽ മുള വന്ന ഉരുളക്കിഴങ്ങുകൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. മുള മാറ്റി ഇവ കറി വയ്ക്കാനെടുക്കുകയാണ് പലപ്പോഴും നമ്മൾ ചെയ്യുക. എന്നാൽ ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണോ?
അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉരുളക്കിഴങ്ങിലുള്ള ഗ്ലൈക്കോആൽക്കലോയ്ഡ്‌സ് ആണ് ഇതിന് കാരണം. സൊളാനിൻ, കക്കോണിൻ എന്നീ ഗ്ലൈക്കോആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുള്ളവയാണ് ഉരുളക്കിഴങ്ങുകൾ. ഇവ ചെറിയ അളവിലാണെങ്കിൽ രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാനൊക്കെ സഹായിക്കുമെങ്കിലും അമിത അളവിൽ ഇവ ശരീരത്തിലെത്തുന്നത് ശരീരത്തിനേറെ ദോഷകരമാണ്.
മുളയ്ക്കാൻ തുടങ്ങുമ്പോൾ ഉരുളക്കിഴങ്ങിൽ ഇവയുടെ അളവും വർധിക്കും എന്നതാണ് മുളപ്പിച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതല്ല എന്നു പറയുന്നതിന് പിന്നിലെ കാരണം. മുള വന്ന ഉരുളക്കിഴങ്ങുകൾ ധാരാളം കഴിക്കുന്നത് ഛർദി, വയറിളക്കം, വയറുവേദന എന്നിവ മുതൽ ഹൃദ്രോഗങ്ങൾക്ക് വരെ കാരണമാകും. ഗർഭിണികൾ മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്.
മുള വന്നത് കൂടാതെ ഉരുളക്കിഴങ്ങിന് പച്ച നിറമുണ്ടെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങ് എപ്പോഴും തൊലി കളഞ്ഞ് ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എങ്ങനെ മുള വരാതെ നോക്കാം?
മുള വന്ന ഉരുളക്കിഴങ്ങുകൾ എല്ലാം കളയാൻ മനസ്സു വരില്ല എന്നതിനാൽ ആവശ്യമുള്ളപ്പോൾ മാത്രം വാങ്ങുക എന്നതാണ് ഇതിനൊരു പരിഹാരം. ഒരുപാട് നാൾ ഉപയോഗിക്കാതെ ഇരുന്നാലും നനവോടെ ഫ്രിഡ്ജിൽ സൂക്ഷിച്ചാലുമൊക്കെ ഉരുളക്കിഴങ്ങുകളിൽ മുള വരും. സവാളയ്‌ക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതും ഇവ മുളയ്ക്കാൻ കാരണമാകും എന്നും വാദമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.