ഗ്യാസിനുള്ള ഗുളിക അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഹൃദയാഘാതത്തെ പേടിക്കണം!
|അന്‍റാസിഡുകള്‍ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയ്ക്കുന്നത് വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയോ ഭക്ഷണശേഷം അസ്വസ്ഥതകളുണ്ടായാലോ ഉടൻ തന്നെ ഗ്യാസിനുള്ള മരുന്ന് കഴിക്കുന്നവരാണോ നിങ്ങള്‍?. പലരും വയറിന് ചെറിയ അസ്വസ്ഥത തോന്നിയാൽ ഉടനെ ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ കാൽസ്യം സപ്ലിമെന്‍റുകള്‍ കഴിക്കാറാണ് പതിവ്. എന്നാൽ വയറിനെ ശാന്തമാക്കാൻ ചെയ്യുന്ന ഇത്തരം മുറിവൈദ്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കിയേക്കാം.
സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ ഒരു പഠനം അനുസരിച്ച് ഇത്തരക്കാരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്‍റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അന്‍റാസിഡുകള്‍ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയ്ക്കുന്നത് വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
കാല്‍സ്യത്തിന്‍റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. ഈ കാൽസ്യമാണ് ഇവിടെ വില്ലനാകുന്നത്. അന്‍റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്‍റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്നലുകളെ നിയന്ത്രിക്കുന്നു. ഇതിനാൽ തന്നെ ഹൃദയം എത്ര വേഗത്തില്‍ മിടിക്കുന്നു എന്നതിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം എത്ര കാര്യക്ഷമമായി എത്തിക്കുന്നു എന്നതിലും കാല്‍സ്യത്തിന് നിര്‍ണായക സ്വാധീനം ചെലുത്താനാകും.
അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമായേക്കാം. ശരീരത്തിലെ അമിതമായ കാൽസ്യം ഹൃദയധമനികളെ കാഠിന്യം വർധിപ്പിക്കാനും വാൽവുകളുടെ പ്രവർത്തനം തകരാറിലാക്കാനും കാരണമായേക്കുമെന്നും ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.