പ്രായം മുപ്പത് കഴിഞ്ഞോ..? എങ്കിൽ ഈ ഭക്ഷണങ്ങള്‍ കഴിക്കാൻ മറക്കേണ്ട....
|മുപ്പത് കഴിയുമ്പോഴേക്കും മെറ്റബോളിസം നിലനിർത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങും
മുപ്പത് വയസു കഴിയുമ്പോള്‍ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. കാരണം എല്ലുകളുടെ ആരോഗ്യം കുറഞ്ഞുവരുന്ന സമയമാണിത്. മുപ്പത് കഴിയുമ്പോഴേക്കും മെറ്റബോളിസം നിലനിർത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങും. അതുകൊണ്ടു തന്നെ ആ സമയത്ത് കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. കാരണം കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പാൽ
കാത്സ്യത്തിന്റെ കലവറ എന്നാണ് പാൽ അറിയപ്പെടുന്നത്. എല്ലാ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് അസ്ഥികളെ ബലപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്താനും സഹായിക്കും. അതിനാൽ പാൽ ദിവസവും പാൽ കുടിക്കുന്നത് നല്ലതാണ്. മുപ്പത് വയസിന് താഴെ പ്രായമുള്ളവരും പാൽ കുടിക്കുന്നത് നല്ലതാണ്.
ഓറഞ്ച്
വിറ്റാമിൻ സി ധാരളമായി അടങ്ങിയ ഓറഞ്ച് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്നതാണ്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.
കട്ടത്തൈര്
കാത്സ്യം ശരീരത്തിലെത്താൻ പാലിനെക്കാളും അധികം സഹായിക്കുന്ന ഒന്നാണ് തൈര്. കാത്സ്യത്തോടൊപ്പം വിറ്റാമിൻ ഡിയും കട്ടത്തൈരിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നവയാണ്. അതിനാൽ തന്നെ തൈര് ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളെയും തടയാൻ സാധിക്കും. ദഹനത്തെ മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നതിനോടൊപ്പം മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ തൈര് കഴിക്കുന്നതിലൂടെ കുടൽസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാൻ സഹായിക്കും.
ചീസ്
കാത്സ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ചീസ്. ദിവസത്തിൽ 70 ഗ്രാം ചീസ് കഴിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. മുപ്പത് വയസ് കഴിഞ്ഞവർക്ക് ആരോഗ്യകരമായ ഈ ഭക്ഷണം പലരും കൃത്യമായി ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. അസ്ഥികൾക്ക് ഒടിവ് സംഭവിക്കുന്ന സമയങ്ങളിൽ ചീസ് കഴിക്കുന്നത് നല്ലതാണ്.
സോയാബീൻ
കാത്സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിന് സഹായിക്കും. അസ്ഥികൾക്ക് ബലത്തിനാവശ്യമായ വിറ്റാമിൻ കെയും ബീനിൽ അടങ്ങിയിട്ടുണ്ട്. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭമാണ്.
ബ്രോക്കോളി
കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് ബ്രോക്കോളി. ദിവസേന സലാഡിലോ മറ്റോ ചേർത്ത് ബ്രാക്കോളി കഴിക്കു്നനത് എല്ലിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്.