ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ പുരുഷൻമാരെ നിങ്ങള്‍ക്ക് സ്തനാർബുദമാകാം
|പുരുഷ സ്തനാർബുദത്തിന്റെ അഞ്ച് വർഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 84 ശതമാനമാണ്
പുരുഷൻമാരിൽ അപൂർവ്വമായി മാത്രമാണ് സ്തനാർബുദം കാണപ്പെടുന്നത്. പക്ഷേ പുരുഷന്മാർക്കും സ്തനാർബുദം വരാം. സ്ത്രീകളെപ്പോലെ പുരുഷന്മാരുടെ സ്തനങ്ങൾ പൂർണ്ണമായി വികസിക്കുന്നില്ലെങ്കിലും എല്ലാ പുരുഷന്മാർക്കും ബ്രെസ്റ്റ് ടിഷ്യു ഉണ്ട്. പാൽ നാളങ്ങളിലാണ് പുരുഷ സ്തനാർബുദം ഉണ്ടാകാറ്. ഇതിനെ ഡക്റ്റൽ കാർസിനോമ എന്ന് വിളിക്കുന്നു. എന്നാൽ ചില പുരുഷൻമാർക്ക് പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് ഇത് ആരംഭിക്കുക. ഇതിനെ ലോബുലാർ കാർസിനോമ എന്ന് വിളിക്കുന്നു.
2015-ൽ, ഏകദേശം 2,350 പുരുഷ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 440 പുരുഷന്മാർക്ക് രോഗം മൂലം ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് അസാധാരണമായതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കുന്നതും വൈദ്യ സഹായം തേടാത്തതുമാണ് ഇതിന് കാരണം. പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കുമെന്നും അപകടസാധ്യതകള്‍ ഉണ്ടെന്നുമുള്ള തിരിച്ചറിവില്ലായ്മ വലിയ അപകടം ഉണ്ടാക്കിയേക്കാം.
ക്യത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും രോഗത്തിന്‍റെ അപകടസാധ്യത കുറക്കും. പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ അപകടസാധ്യതകളും ലക്ഷണങ്ങളും ഇവയൊക്കെയാണ്
ആർക്കാണ് അപകടസാധ്യത?
പുരുഷ സ്തനാർബുദത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. യുവാക്കൾക്ക് സ്തനാർബുദം വരാം, എന്നാൽ പ്രായത്തിനനുസരിച്ച് അപകടസാധ്യതയിൽ വ്യത്യാസം ഉണ്ട്. രോഗനിർണയത്തിൽ പുരുഷന്മാരുടെ ശരാശരി പ്രായം 60 നും 70 നും ഇടയിലാണ്. ഓർക്കിറ്റിസ് എന്ന് വിളിക്കപ്പെടുന്ന വൃഷ്ണങ്ങളുടെ വീക്കം അപകടസാധ്യത വർധിപ്പിക്കുന്നു.
പാരമ്പര്യമായി സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. കൂടാതെ, ബി.ആർ.സി.എ 2 പോലെയുള്ള ചില പാരമ്പര്യമായി രൂപാന്തരപ്പെട്ട ജീനുകൾ സ്തന, പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത വർധിപ്പിക്കും.
ഒരു വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു, ഇതിനെ ഓർക്കിക്ടമി എന്ന് വിളിക്കുന്നു, ഇത് നിങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്നു.
സ്ത്രീ ഹോർമോണായ ഈസ്ട്രജനുമായി സമ്പർക്കം പുലർത്തുന്നതും നിങ്ങളുടെ അപകടസാധ്യത വർധിപ്പിക്കും. ക്ലൈൻഫെൽറ്റേഴ്സ് സിൻഡ്രോം എന്ന ജനിതക അവസ്ഥയുള്ള പുരുഷന്മാർ പലപ്പോഴും ഉയർന്ന അളവിൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു. ഹോർമോൺ തെറാപ്പി, കരളിന്റെ സിറോസിസ്, പൊണ്ണത്തടി എന്നിവ ഈസ്ട്രജന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു
പുരുഷന്മാരിൽ സ്തനാർബുദത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സ്തനങ്ങളിൽ വരുന്ന വലിപ്പ വ്യത്യാസം
സ്തനങ്ങളിൽ രൂപപ്പെടുന്ന മുഴ
കക്ഷ ഭാഗത്തെ മുഴകൾ
സ്തനങ്ങളിലെ നിറവ്യത്യാസം
മുലകണ്ണില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്രവം
മുലക്കണ്ണ് വേദന
ഒരു പുരുഷനിൽ രണ്ട് സ്തനങ്ങളും വലുതാകുമ്പോൾ, അതിനെ ഗൈനക്കോമാസ്റ്റിയ എന്ന് വിളിക്കുന്നു. ഈ അവസ്ഥ അർബുദമാകാൻ സാധ്യതയില്ല, ഇതിന് കാരണം ഇനി പറയുന്ന കാരണങ്ങളായിരിക്കാം
അമിതവണ്ണം
ചില മരുന്നുകളുടെ ഉപയോഗം
ലഹരി ഉപയോഗം
അമിതമായ മദ്യപാനം
പുരുഷന്മാരിൽ സ്തനാർബുദം എങ്ങനെ കണ്ടെത്താം?
വൈദ്യ സഹായം തേടുകയോ, ശാരീരിക പരിശോധന നടത്തുകയും ചെയ്യും.
അൾട്രാസൗണ്ടും, എം.ആർ.ഐയും മികച്ച പരിശോധന രീതികളാണ്
രക്തപരിശോധനയിലൂടെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും
പുരുഷന്മാരിൽ സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?
പാത്തോളജി പരിശോധനകൾ നിങ്ങൾക്ക് ഏത് തരത്തിലുള്ള അർബുദമാണെന്നും അത് എത്ര വേഗത്തിൽ നിങ്ങളുടെ ശരീരത്തെ കീഴടക്കുമെന്ന് തിരിച്ചറിയാനും സഹായിക്കും.
ശസ്ത്രക്രിയ
വലിയ ട്യൂമർ ആണെങ്കിൽ അഥവാ ഒന്നിൽ കൂടുതൽ ട്യൂമറുകൾ ഉണ്ടെങ്കിൽ, മുഴുവൻ സ്തനവും നീക്കം ചെയ്യുന്നതാണ് നല്ലത്. ഇതിനെ മാസ്റ്റെക്ടമി എന്ന് വിളിക്കുന്നു.
ശസ്ത്രക്രിയയിലൂടെ ഇല്ലാതാകുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ റേഡിയേഷൻ തെറാപ്പി ഉപയോഗിക്കുന്നു.
കീമോതെറാപ്പി ഒരു വ്യവസ്ഥാപിത ചികിത്സയാണ്. നിങ്ങളുടെ ശരീരത്തിലുടനീളമുള്ള ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
സ്ത്രീകളുടെ അതേ നിരക്കിൽ തന്നെ പുരുഷന്മാരും സ്തനാർബുദത്തെ അതിജീവിക്കുന്നു. പുരുഷ സ്തനാർബുദത്തിന്റെ അഞ്ച് വർഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 84 ശതമാനമാണ്. 10 വർഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 72 ശതമാനമാണ്. ഇവ ശരാശരി മാത്രമാണ്.
നിങ്ങളുടെ പ്രായം, ആരോഗ്യം, നിങ്ങൾ തിരഞ്ഞെടുക്കുന്ന ചികിത്സ എന്നിവയും സ്തനാർബുദത്തെ മറികടക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നവയാണ്.