നിങ്ങളുടെ കണ്ണുകള്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ? രോഗങ്ങളുടെ മുന്നറിയിപ്പ് ആയിരിക്കാം
|കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
കണ്ണുകള്‍ ഹൃദയത്തിന്റെ കണ്ണാടിയാണെന്നാണ് പൊതുവേ പറയാറ്. ഇതിന് കാരണം ആളുകള്‍ക്കുള്ളിലെ വികാരങ്ങള്‍ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും അത് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുമെന്നതാണ്. എന്നാൽ മനസിന്റെ മാത്രമല്ല നമ്മുടെ ശാരീരിക അസ്വസ്ഥതകളുടെ കണ്ണാടി കൂടിയാണ് കണ്ണുകള്‍. നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ നമ്മുടെ കണ്ണുകളിൽ കാണാൻ കഴിയും.
ഹൃദയാഘാതം, വൃക്കകള്‍ പ്രവർത്തനക്ഷമമല്ലാതാകുന്നത്, വിളർച്ച എന്നിങ്ങനെ നിരവധി രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ണിൽ നിന്ന് അറിയാൻ കഴിയും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ഹൃദയം അതിന്റെ പ്രവർത്തനം നിർത്തുന്നതാണ് ഹൃദയാഘാതം. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവയൊക്കെയാണ് പൊതുവേ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. പ്ലാക്ക് എന്ന് വിളിക്കുന്ന ഒരു തരം വസ്തു ധമനികളിൽ അടിഞ്ഞു കൂടുന്ന അഥിറോസ്കളീറോസിസ് എന്ന അവസ്ഥയാണ് ഹൃദയാഘാതത്തിനാധാരം. കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെയാണ് ഹൃദയത്തിന്റെ ആരോഗ്യം കണ്ണിൽ പ്രകടമാകും എന്ന് പറയുന്നതും...
കാഴ്ചശക്തി നഷ്ടപ്പെടൽ
ഹൃദയാഘാതത്തിന്റെ അധികമാരും അറിയാത്ത ഒരു ലക്ഷണമാണ് കാഴ്ചശക്തി നഷ്ടപ്പെടുക എന്നത്. അമൗറോസിസ് ഫ്യൂഗാക്സ് എന്നത് കാഴ്ചശക്തി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ്. മുപ്പത് മിനിറ്റോ അതിലധികമോ കണ്ണ് കാണാൻ കഴിയാതെ വന്നേക്കാം. പൊടുന്നനെ അപ്രതീക്ഷിതമായി കാഴ്ചശക്തി നഷ്ടപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
കണ്ണിൽ മഞ്ഞനിറം
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിറം ഒരു വ്യക്തിക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്നതിന്റെ സൂചനയാണ്. നേത്രപടലത്തിന് ചുറ്റുമായി കാണുന്ന മഞ്ഞനിറം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മാക്യുലക്ക് താഴെ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് ഈ മഞ്ഞനിറമുണ്ടാവുക.
കോർണിയക്ക് ചുറ്റും വലയം
കോർണിയക്ക് ചുറ്റും വലയം പ്രത്യക്ഷപ്പെടുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഹൃദയാഘാതമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രധാനമായും കാണപ്പെടുക. ആർക്കസ് സിനൈലിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. കണ്ണിൽ പൊടുന്നനെ ഈ വളയങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദനെ സമീപിക്കണം.
റെറ്റിനയിൽ നിറംമാറ്റം
നേത്രപടലത്തിന്റെ നിറം പെട്ടെന്ന് മാറുന്നതും ഹൃദയാരോഗ്യം അത്ര നല്ല അവസ്ഥയിലല്ല എന്ന് സൂചിപ്പിക്കുന്ന ലക്ഷണമാണ്.
കണ്ണിലെ ധമനികളുടെ തകരാർ
വളരെ നേർത്ത രക്തധമനികളാണ് കണ്ണിനുള്ളിലേത്. ഇവയ്ക്കേൽക്കുന്ന ക്ഷതവും ഹൃദയാരോഗ്യം അത്ര പന്തിയല്ല എന്ന മുന്നറിയിപ്പ് നൽകുന്നു.
റെറ്റിനയുടെ വലിപ്പം
വരാനിരിക്കുന്ന ഹൃദയാഘാതത്തിന് റെറ്റിനയുടെ വലിപ്പം പരിശോധിച്ചാൽ മതിയെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. റെറ്റിനയിലെ ആർട്ടറി വെയ്നിനേക്കാൾ ഒരുപാട് ചെറുതായാലോ വെയ്ൻ ഏറെ വികസിച്ചാലോ അത് ഹൃദയാരോഗ്യം അത്ര നല്ലതല്ല എന്ന് സൂചിപ്പിക്കുന്നു.
പ്രമേഹം
പ്രമേഹം കണ്ണിലെ ചെറിയ രക്തക്കുഴലുകളെ നിശബ്ദമായി നശിപ്പിക്കും . നേത്രപരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാം. രക്തത്തിലെ ഉയർന്ന പഞ്ചസാര കണ്ണിലെ ചെറിയ രക്തക്കുഴലുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.