കോഴിയിറച്ചി കഴിച്ചാൽ പക്ഷിപ്പനി പകരുമോ?
|കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നാണ് പലരുടെയും സംശയം
കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയിറച്ചി വാങ്ങുന്നതിലും കഴിക്കുന്നതിലുമുള്ള ജനങ്ങളുടെ ഭീതി വർദ്ധിച്ചിട്ടുണ്ട്. കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നാണ് പലരുടെയും സംശയം.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് ഏവിയൽ ഇൻഫ്ളുവൻസ അഥവാ പക്ഷിപ്പനി. പക്ഷികളുടെ കാഷ്ടത്തിലൂടെയും സ്രവങ്ങളുലൂടെയും വായുവിലൂടെ പകരുന്ന ശ്വാസകോശ രോഗമാണിത്. പ്രധാനമായും കോഴി, കാട,താറാവ്. ടർക്കി, അലങ്കാര പക്ഷികൾ എന്നിവയ്ക്കാണ് വൈറസ് ബാധിക്കുന്നത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. എന്നാൽ രൂപമാറ്റം വരുന്ന വൈറസുകൾ വിരളമായി മനുഷ്യരിലേക്കും പടർന്നേക്കാം.
വേവിച്ച മാംസത്തിൽ നിന്ന് പക്ഷി പനി പകരാനുള്ള സാധ്യത കുറവാണ്. എന്നാലും മൃഗ സംരക്ഷണ വകുപ്പ് രോഗമുക്തമാണെന്ന് പ്രഖ്യാപിക്കുന്നത് വരെ രോഗബാധയുള്ള പ്രദേശത്തെ കോഴികളുടെ ഇറച്ചി ഉപയോഗിക്കരുത്.പാകം ചെയ്യുന്നതിന് മുൻപ് തൂവലുകൾ നന്നായി നീക്കിയെന്നും വൃത്തിയായി കഴുകിയോ എന്നും ശ്രദ്ധിക്കണം., കോഴി,താറാവ് എന്നിവയുടെ മാംസം എല്ലാ ഭാഗവും ഒരുപോലെ 70 ഡിഗ്രിയിലധികം ചൂടായോ എന്ന് ഉറപ്പ് വരുത്തണം. മുട്ട കഴിക്കുന്നവർ മുട്ട വേവിക്കുന്നതിന് മുൻപേ നന്നായി സോപ്പിട്ട് കഴുകണം. പുഴുങ്ങി മാത്രമേ കഴിക്കാവൂ.
പക്ഷികളുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കേണ്ടവ
- രോഗം ബാധിച്ച പക്ഷികളുമായി ഇടപഴകുന്നവർ കൂടുതൽ ശ്രദ്ധിക്കണം പ്രത്യേകിച്ച് പക്ഷികളെ പരിപാലിക്കുന്നവരും പൗൾട്രി ഫാം ജീവനക്കാരും, കോഴിക്കച്ചവടം ചെയ്യുന്നവരും ജാഗ്രത പാലിക്കണം.
- കയ്യുറയും മാസ്കും ധരിക്കണം. ജോലിക്ക് ശേഷം കൈകൾ സോപ്പിട്ട് കഴുകണം
- രോഗം ഉണ്ടായെന്ന് സംശയിക്കുന്നവയുടെപോലും മാംസം ഭക്ഷണമായി ഉപയോഗിക്കരുത്
- രോഗം ബാധിച്ച് ചത്തുപോയ പക്ഷികളെയും അവയുടെ കഷ്ടവും തൂവലും ആഴത്തിൽ കുഴിച്ചിടുക
- പക്ഷികളുടെ കൂടുകൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ സോപ്പ് ലായനിയോ ഉപയോഗിച്ച് വൃത്തിയാക്കണം