പ്രായമായവർ ഉപേക്ഷിക്കേണ്ടതായ ചില ഭക്ഷണങ്ങൾ
|മരുന്ന് കഴിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്
പ്രായമായവരില്‍ പലരും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരായിരിക്കും. മരുന്ന് കഴിക്കുന്നതോടൊപ്പം അവർക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. പ്രധാനമായും ഭക്ഷണരീതിയില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ ഒരു ആരോഗ്യവിദഗ്ധന്‍റെ നിർദേശം തേടുന്നത് നല്ലതാണ്. സാധാരണഗതിയില്‍ പ്രായമായ ആളുകള്‍ ഉപേക്ഷിക്കേണ്ടതായ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ
51 വയസിന് മുകളിലുള്ള ആളുകളാണ് നിങ്ങളെങ്കിൽ, നിങ്ങൾ രക്തസമ്മർദം ഉള്ളവരാണെങ്കിൽ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. സാധാരണ 51 വയസിനു മുകളിലുള്ള ആളുകൾക്ക് പ്രതിദിനം 2,300മില്ലിഗ്രാം സോഡിയം വേണമെന്നാണ് ശിപാർശ ചെയ്യുന്നത്. എന്നാൽ രക്തസമ്മർദം ഉള്ളവരാണെങ്കിൽ 1,500 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം ശരീരത്തിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സോഡിയത്തിന്റെ അളവ് കൂടിയാൽ അത് നിങ്ങളുടെ രക്ത സമ്മർദം വർധിപ്പിക്കുകയും ഹൃദയാഘാതം,സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു.
പാലുൽപന്നങ്ങൾ
പാലുൽപന്നങ്ങൾ കഴിക്കുന്നത് ശരീരത്തിന് കാത്സ്യവും പ്രോട്ടീനും ലഭിക്കുന്നതിന് സഹായകരമാണ്. എന്നാൽ പ്രായമായവർ അമിതമായ രീതിയിൽ പാലുൽപന്നങ്ങൾ കഴിക്കുന്നത് ചിലപ്പോൾ ദഹന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കൊഴുപ്പില്ലാത്ത തൈര്, കൊഴുപ്പ് കുറഞ്ഞ ചീസ് എന്നിവ മിതമായ നിരക്കിൽ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് നല്ലതാണ്.
കഫീൻ
കഫീൻ കഴിക്കുന്നത് കൊണ്ട് എല്ലാവർക്കും പ്രശ്‌നമുണ്ടാവണമെന്നില്ല. എന്നാൽ ചിലരിൽ ഹൃദയമിടിപ്പ് കൂടുകയും അത് മൂലം ഉറക്കപ്രശ്‌നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. നിങ്ങൾ കഫീൻ കൂടുതലായി ഉപയോഗിക്കുന്ന ആളാണ് എങ്കിൽ പതുക്കെ പതുക്കെയായി നിർത്തിയാൽ മതി. പെട്ടന്ന് നിർത്തുന്നത് ഓക്കാനം, ഛർദി എന്നിവക്ക് കാരണമാകും.
മാംസം
മാംസം കഴിക്കുയാണെങ്കിൽ നന്നായി വേവിച്ച മാംസം കഴിക്കാൻ ശ്രദ്ധിക്കുക. 20 ശതമാനം മുതൽ 30 ശതമാനം വരെ കൊഴുപ്പടങ്ങിയ മാംസം ഒഴിവാക്കി 10 ശതമാനംത്തോളം മാത്രം കൊഴുപ്പടങ്ങിയ മാംസം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പരമാവധി ആരോഗ്യപരമായ മത്സ്യങ്ങൾ കഴിക്കാൻ ശ്രമിക്കുക.
മധുരനാരങ്ങ
മധുര നാരങ്ങ ഒഴിവാക്കണം എന്ന് പറയുമ്പോൾ ചിലർക്കെല്ലാം അതിശയകരമായി തോന്നാം. അതായത് നിങ്ങള്‍ ഉയർന്ന രക്ത സമ്മർദമുള്ളയാളോ അല്ലെങ്കിൽ ഉറക്കമില്ലായ്മ, ഉത്കണ്ഡ എന്നിവയുള്ള ആളുകളോ ആണെങ്കിൽ മധുരനാരങ്ങ കഴിക്കുന്നതിന് പകരം ഓറഞ്ച്, നാരങ്ങ എന്നിവ ജ്യൂസായി കഴിക്കാവുന്നതാണ്.
അസംസ്‌കൃത പച്ചക്കറികൾ
പ്രായമായവർ അസംസ്‌കൃത പച്ചക്കറികൾ അധികം കഴിക്കുന്നത് നല്ലതല്ല. കാരറ്റ്, മത്തൻ, ബീട്രൂട്ട് പോലുള്ള പച്ചക്കറികൾ നന്നായി വേവിച്ച് കൊടുക്കുകയാണെങ്കിൽ പ്രായമായവർക്ക് കഴിക്കാൻ എളുപ്പമായിരിക്കും. ജ്യൂസായോ സൂപ്പാക്കിയോ നൽകാൻ ശ്രദ്ധിക്കുക. ഉപ്പ് അധികം ചേർക്കാതിരിക്കാനും ശ്രദ്ധിക്കണം.
മദ്യപാനം
പ്രായമാകുംതോറും മദ്യം നിങ്ങളെ വ്യത്യസ്ത രീതിയിലായിരിക്കും ബാധിക്കുന്നത്. മദ്യം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. കൂടാതെ രക്ത സമ്മർദം ഉയരാനും കാരണമായേക്കാം. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ മദ്യപാനത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്.