പാലിൽ അൽപം വെള്ളം ചേർത്താലും തെറ്റില്ല; തിളപ്പിക്കുമ്പോൾ ഇങ്ങനെ വേണം തിളപ്പിക്കാൻ
|വെറുതെ തിളപ്പിച്ച് കുടിച്ചാൽ പാലിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കില്ല. ദഹനം നല്ല രീതിയിൽ നടക്കാനും രോഗപ്രതിരോധം വർധിക്കാനും പാൽ ശരിയായ രീതിയിൽ തന്നെ തിളപ്പിക്കണം.
മൺസൂൺ ആയാൽ കയ്യിലൊരു ചൂടുചായയും പലഹാരങ്ങളുടെ മഴയും നോക്കി ഇരിക്കുന്ന ദൃശ്യങ്ങളല്ലേ മനസ്സിൽ വരിക. എന്നാൽ, ഇങ്ങനെയുള്ള സന്തോഷങ്ങൾക്കൊപ്പം രോഗത്തിന്റെയും അണുബാധയുടെയും കാലം കൂടിയാണിതെന്ന് മറക്കരുത്. ഈർപ്പം കൂടുന്തോറും തണുത്ത മധുരമുള്ള പാനീയങ്ങൾ കുടിക്കാനുള്ള ആഗ്രഹം കൂടും. എന്നാൽ, ഇളംചൂടുള്ള ഭക്ഷണപാനീയങ്ങളാണ് ഈ സീസണിൽ ഉത്തമം.
പാൽ ഒരു സമ്പൂർണ ഭക്ഷണമായാണ് കണക്കാക്കുന്നത്. ആയുർവേദത്തിൽ പാലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്നാൽ, വെറുതെ തിളപ്പിച്ച് കുടിച്ചാൽ പാലിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കില്ല. ദഹനം നല്ല രീതിയിൽ നടക്കാനും രോഗപ്രതിരോധം വർധിക്കാനും പാൽ ശരിയായ രീതിയിൽ തന്നെ തിളപ്പിക്കണം.
ചൂടോട് കൂടി തന്നെ പാൽ കുടിക്കാൻ ശ്രമിക്കണം. അധികം തണുപ്പിക്കാതെ വേണം ഉപയോഗിക്കാൻ. പാലിന്റെ ഔഷധഗുണങ്ങൾ വർധിപ്പിക്കാൻ 1/4 അളവ് വെള്ളം പാലിൽ ചേർക്കാനും ആയുർവേദ വിദഗ്ധർ നിർദേശിക്കുന്നു.
തിളപ്പിച്ച പാൽ
തണുത്തതോ ശീതീകരിച്ചതോ ആയ പാലിന് പകരം ചൂടുള്ള പാൽ കഴിക്കണം. ചെറുചൂടുള്ള പാൽ ദഹനത്തെ സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് സഹായിക്കും.
തിളപ്പിക്കേണ്ടത് ഇങ്ങനെ
1/4 അളവ് വെള്ളം ചേർത്ത് വേണം പാൽ തിളപ്പിക്കാൻ. പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണിത്. വെറുതെ കുടിക്കാതെ പാലിൽ ഏലം, കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ആയുർവേദ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താൽ ദഹനഗുണങ്ങൾ വർധിപ്പിക്കാനാകും. രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഇതുമൂലം വർദ്ധിപ്പിക്കാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും ഇതുവഴി സാധിക്കും.