ഈ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഏതായാലും വെയിൽ കൊള്ളും
|പലരും കരുതുന്നതുപോലെ അതിരാവിലെയും വൈകുന്നേരവും ഉള്ള വെയിൽ അല്ല കൊള്ളേണ്ടത്; ജനലടച്ച് വീട്ടിലിരുന്ന് കൊണ്ടതുകൊണ്ടും കാര്യമില്ല
ദിവസവും 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വെയിൽ കൊണ്ടാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതമുള്ള ആരോഗ്യനേട്ടങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, ജീവിതശൈലീ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, എല്ലുകൾക്കും പല്ലുകൾക്കും ശക്തിപകരാൻ... അങ്ങനെ ഒട്ടനവധി ഗുണങ്ങളുണ്ട് വെയിൽ കൊള്ളുന്നതിന്. വെയിലിന്റെ സഹായത്തോടുകൂടി ശരീരം സ്വയമേവ ഉല്പാദിപ്പിക്കുന്ന ഏക ജീവകം ആയ വൈറ്റമിൻ ഡി യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ശരീരത്തിനാവശ്യമായ ആയ വൈറ്റമിൻ ഡി യുടെ 80 ശതമാനവും സൂര്യപ്രകാശത്തിന്റെ സഹായത്തോടുകൂടി ശരീരം കൊളസ്ട്രോൾ തന്മാത്രകളിൽ നിന്ന് ഉണ്ടാക്കുന്നു. ബാക്കി ഇരുപത് ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ളത്. വൈറ്റമിൻ ഡി ശരീരത്തിൻറെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ 80 ശതമാനത്തിലധികം പേർക്കും വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ആർക്കൊക്കെയാണ് വൈറ്റമിൻ ഡി കുറയുന്നത്
സൂര്യപ്രകാശം ഏൽക്കാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്കും, ജീവിക്കുന്നവർക്കുമാണ് വൈറ്റമിൻ ഡി യുടെ അളവിൽ കുറവ് കാണിക്കുന്നത്. ശരീരം മുഴുവനായി മറച്ച് വസ്ത്രം ധരിക്കുന്നവർക്ക് സൂര്യപ്രകാശം ഏൽക്കാൻ സാധ്യത കുറവായതുകൊണ്ട് വൈറ്റമിൻ ഡിയുടെ അളവ് കുറവായിരിക്കും. പൂർണ്ണമായും സസ്യാഹാരങ്ങളെ മാത്രം ആശ്രയിക്കുന്ന ഭക്ഷണശീലം ഉള്ളവരിൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞിരിക്കും.
ഉദരരോഗങ്ങൾ ആയ ക്രോൺസ് ഡിസീസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ ഉള്ളവർക്ക് വൈറ്റമിൻ ഡിയുടെ ആഗിരണം കുറവായിരിക്കും. അതുകൊണ്ടുതന്നെ ശരീരത്തിൽ ഈ ജീവകത്തിന്റെ അളവ് താഴ്ന്നു കിടക്കാൻ സാധ്യതയുണ്ട്. കൊളസ്ട്രോളിൽ നിന്ന് ഈ വൈറ്റമിൻ ഉത്പാദിപ്പിക്കുന്നതിൽ കിഡ്നി പ്രധാന പങ്കു വഹിക്കുന്നതിനാൽ കിഡ്നി രോഗമുള്ളവരിലും ഈ വൈറ്റമിന്റെ കുറവ് കാണാറുണ്ട്.
ഇരുണ്ട ചർമമുള്ളവർക്ക് വൈറ്റമിൻ ഡിയുടെ സ്വാഭാവിക ഉൽപാദനം കുറയാൻ സാധ്യതയുണ്ട്. ഇരുണ്ട ചർമമുള്ളവർക്ക് മെലാനിൻ അളവ് കൂടുതൽ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതവണ്ണമുള്ളവർക്കും, പുകവലി ശീലമുള്ളവരിലും വൈറ്റമിൻ ഡി യുടെ ഉൽപാദനവും ആഗിരണവും കുറവായിരിക്കും. ഇതിനു പുറമെ, ഗർഭിണികളിലും വൈറ്റമിൻ ഡി യു ടെ അളവ് കുറയാൻ സാധ്യത ഉണ്ട്.
വൈറ്റമിൻ ഡി യുടെ ഗുണങ്ങൾ, കുറഞ്ഞാലുള്ള ബുദ്ധിമുട്ടുകൾ
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും ഉറപ്പിനും ആവശ്യമായ കാൽസ്യത്തിന്റെ ആഗിരണത്തിനും ഫോസ്ഫേറ്റിന്റെ അളവ് നിയന്ത്രിക്കുന്നതിനും വൈറ്റമിൻ ഡി ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി യുടെ അഭാവം എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ഷയത്തിനും തേയ്മാനത്തിനും കാരണമാകുന്നു. എല്ലുകളിലും പേശികളിലും ഉണ്ടാകുന്ന വേദന ആയിട്ടാണ് ഇത് പ്രകടമാകുന്നത്. കുട്ടികളിൽ എല്ലുകളുടെ വളർച്ചയെ ഇത് ബാധിക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി കുറഞ്ഞവരിൽ ഫ്ലൂ , അണുബാധ എന്നിവ പെട്ടെന്ന് വരുന്നു. അലർജി കൂടുതലായും കണ്ടു വരുന്നു.
ജീവിതശൈലി അസുഖങ്ങളിൽ നിന്നും ശരീരത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. കൊളസ്ട്രോൾ ,ഷുഗർ എന്നിവ നിയന്ത്രിക്കാനും ഇതുവഴി ഹൃദ്രോഗത്തിൽ നിന്നും ഡയബറ്റിസിന്റെ സങ്കീർണതകളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിർത്താനും വൈറ്റമിൻ ഡി സഹായിക്കുന്നു. കൂടാതെ അമിത വണ്ണം കുറയാൻ സഹായിക്കുന്നു.
കാരണമില്ലാതെ ഉണ്ടാവുന്ന മാനസികസംഘർഷത്തിനും വിഷാദരോഗത്തിനും ആകുലതകൾക്കും വൈറ്റമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമാണ്. മാനസികാരോഗ്യം നിലനിർത്തുന്നതിൽ വൈറ്റമിൻഡി കാതലായ പങ്കുവഹിക്കുന്നു. വെയിൽ കൊള്ളാതെ അടച്ച റൂമുകളിൽ ജോലിചെയ്യുന്നവർക്ക് മാനസികസംഘർഷം വരാനും ഉറക്കക്കുറവ് അനുഭവപ്പെടാനും വൈറ്റമിൻ ഡിയുടെ കുറവ് ഒരു കാരണമായി പഠനങ്ങൾ തെളിയിക്കുന്നു.
കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്ത്രീകളിലുണ്ടാകുന്ന സ്തനാർബുദം എന്നിവ പ്രതിരോധിക്കുന്നതിൽ വൈറ്റമിന് പങ്കുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
എത്രയാണ് വൈറ്റമിൻ ഡി യുടെ ശരിയായ അളവ്.
25 ഹൈഡ്രോക്സി വൈറ്റമിൻ ഡി യുടെ രക്തത്തിലെ അളവാണ് ഇതിനുവേണ്ടി പരിശോധിക്കുന്നത്. 800 രൂപ മുതൽ 1200 രൂപ വരെയാണ് ആണ് ഈ ഒരു ടെസ്റ്റിന്റെ ചെലവ്. 20 നാനോ മില്ലിലിറ്റർ മുതൽ 50 നാനോ മില്ലി ലിറ്റർ വരെയാണ് ആണ് ഈ വൈറ്റമിൻ ശരീരത്തിൽ ആവശ്യമുള്ളത്. ഇത് ഇരുപതിൽ താഴെ വരുമ്പോൾ ആണ് വൈറ്റമിൻ ഡിയുടെ കുറവുണ്ട് എന്ന് പറയുന്നത്.
എത്ര വെയില് കൊള്ളണം, ഏത് വെയിൽ കൊള്ളണം?
ദിവസവും 15 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളുന്നതിലൂടെ ശരീരത്തിനാവശ്യമായ 80 ശതമാനത്തോളം വൈറ്റമിൻ ശരീരം സ്വയമേവ ഉൽപാദിപ്പിക്കും. എന്നാൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയുള്ള ഉള്ള അൾട്രാവയലറ്റ് രശ്മി ബി അടങ്ങിയ വെയിലാണ് ഇതിന് കൊള്ളേണ്ടത്. അല്ലാതെ പലരും കരുതുന്നതുപോലെ അതിരാവിലെയും വൈകുന്നേരവും ഉള്ള വെയിൽ അല്ല. എന്നാൽ മൂടിയ അന്തരീക്ഷത്തിലെ തീവ്രത കുറഞ്ഞ വെളിച്ചത്തിലും അൾട്രാവയലറ്റ് ബി രശ്മികൾ ഉണ്ടാവും. ഈ അൾട്രാവയലറ്റിന് ഗ്ലാസിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തത് കൊണ്ട് വീടിന്റെ അകത്തിരുന്ന് ഗ്ലാസിലൂടെ വരുന്ന വെയിൽ കൊള്ളുന്നത് പ്രയോജനകരമല്ല.
വൈറ്റമിൻ ഡി യുടെ യുടെ അപര്യാപ്തത ശരീരം എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?
ശാരീരിക ക്ഷീണം,എല്ലുകളിലും പല്ലുകളിലും വേദന ബലക്ഷയം, തേയ്മാനം എന്നിവയും ഇടക്കിടെ വരുന്ന പനി, അണുബാധ, മുടികൊഴിച്ചിൽ , മാനസിക സംഘർഷം, വിഷാദം , ഉറക്കമില്ലായ്മ എന്നിങ്ങനെ പലവിധ ലക്ഷണങ്ങളോട് കൂടിയാണ് ശരീരം വൈറ്റമിൻ ഡി യുടെ അപര്യാപ്തത പ്രകടിപ്പിക്കുന്നത്.
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
പ്രധാനമായും മാംസാഹാരങ്ങളിൽ ആണ് വൈറ്റമിൻ ഡി കൂടുതൽ അടങ്ങിയത്. മത്സ്യങ്ങൾ, മീൻമുട്ട, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി മുതലായവയിലും ഓറഞ്ച്, സോയാബീൻ, കൂൺ എന്നീ ഭക്ഷണങ്ങള്ളിലും വൈറ്റമിൻ ഡി കൂടുതലായി കാണുന്നു.
നമ്മളിൽ പലരും വെയിൽ കൊള്ളാൻ മടിക്കുന്നവരാണ്. വെയിലത്ത് പുറത്തിറങ്ങുമ്പോൾ മുഴുവനായും കവർ ചെയ്യുന്ന രൂപത്തിൽ വസ്ത്രം ധരിക്കുന്ന വരോ അല്ലെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നവരോ ആണ്. ദിവസവും കുറച്ചു നേരം എങ്കിലും വെയിൽ കൊള്ളേണ്ട ആവശ്യകത മനസിലാക്കാൻഈ ലേഖനം സഹായിക്കുമെന്ന് കരുതുന്നു
എന്നാൽ വൈറ്റമിൻ ഡി യുടെ അനാവശ്യ സപ്ലിമെന്റേഷനും നല്ലതല്ല. വൈറ്റമിൻ ഡി യു ടെ കുറവുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാണ് ഡോസ് തീരുമാനിക്കേണ്ടത്. സാധ്യത വിരളമാണെങ്കിലും സപ്ലിമെന്റേഷൻ അധികമായാൽ ഉണ്ടാകുന്ന ഹൈപ്പർ വിറ്റാമിനസിസ് എന്ന അവസ്ഥ അപകടകരമാണ്.