മൂത്രാശയ ക്യാൻസറിന്റെ ലക്ഷണങ്ങളറിയാം... അവഗണിക്കാതിരിക്കാം...
|പ്രതിവർഷം 45000 പുരുഷന്മാരും 17000 സ്ത്രീകളും രോഗനിർണയം നടത്തുന്നു എന്നാണ് കണക്ക്
ആളുകൾ മറ്റേത് രോഗത്തേക്കാളുമേറെ ഭയക്കുന്ന രോഗമാണ് ക്യാൻസർ. മെഡിക്കൽ രംഗം അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ചികിത്സിച്ചാൽ ഭേദമാകുന്ന രോഗമല്ല ഇത് എന്ന ചിന്തയാണ് ഈ പേടിക്ക് കാരണം.
എന്നാൽ ആധുനികരീതിയിൽ ഫലപ്രദമായ ചികിത്സാരീതികൾ ഇന്ന് ക്യാൻസറിനുണ്ട്. നേരത്തേ കണ്ടെത്തിയാൽ ചികിത്സ നേരത്തേ തുടങ്ങി രോഗം ഭേദമാക്കാം എന്നതാണ് ക്യാൻസറിനുള്ള പ്രതിവിധി. എന്നാൽ ക്യാൻസറുകളിൽ പലതിന്റെയും ലക്ഷണങ്ങൾ ഇത്തരത്തിൽ പെട്ടെന്നറിയാൻ കഴിയുന്നതല്ല. ഇത്തരത്തിലൊന്നാണ് ബ്ലാഡർ ക്യാൻസർ.
മൂത്രാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ബ്ലാഡർ ക്യാൻസറിലേക്ക് നയിക്കുന്നത്. പ്രതിവർഷം 45000 പുരുഷന്മാരും 17000 സ്ത്രീകളും രോഗനിർണയം നടത്തുന്നു എന്നാണ് കണക്ക്. ട്രാൻസിഷണൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, അഡിനോകാർസിനോമ എന്നിങ്ങനെ മൂന്ന് തരം ബ്ലാഡർ ക്യാൻസറുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ട്രാൻസിഷണൽ സെൽ കാർസിനോമയാണ് സാധാരണ എല്ലാ ആളുകളിലും കണ്ടു വരുന്ന ക്യാൻസർ ടൈപ്പ്.
ബ്ലാഡർ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിലുള്ള രക്തത്തിന്റെ അംശം. മൂത്രം പോകുമ്പോൾ വേദനയുണ്ടാകുന്നതും കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നതുമൊക്കെ ബ്ലാഡർ ക്യാൻസറിന്റെ ലക്ഷണങ്ങളാവാം. ക്യാൻസർ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും നടുവിന് കീഴ്ഭാഗത്തോ അടിവയറ്റിലോ വേദനയുണ്ടാവുകയും ചെയ്യും. ഇവയ്ക്കൊപ്പം ഭാരക്കുറവ്, ക്ഷീണം, തലകറക്കം എന്നിവയൊക്കെ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കേണ്ട. സ്വയം രോഗനിർണയം നടത്തുന്നതിന് പകരം ശരീരത്തിൽ അസ്വാഭാവികമായി എന്ത് അനുഭവപ്പെട്ടാലും ഡോക്ടറെ കാണാൻ മറക്കരുത്.
ബ്ലാഡർ ക്യാൻസറിന് കാരണങ്ങൾ എന്തൊക്കെ?
ബ്ലാഡർ ക്യാൻസർ എങ്ങനെയുണ്ടാകുന്നു, എന്ത് കൊണ്ടുണ്ടാകുന്നു എന്നതിന് കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും സാധാരണ ക്യാൻസറിന് കാരണമായ ഘടകങ്ങൾ തന്നെ ബ്ലാഡർ ക്യാൻസറിനും വഴിവെച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ പുകവലി, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, എന്നിവയൊക്കെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നതാവും നല്ലത്.