കുപ്പിവെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങള്‍? സൃഷ്ടിക്കുന്നത് 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം
|പൈപ്പ് വെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം കുപ്പിവെള്ളത്തിന്‍റെ ഉപയോഗം മൂലമുണ്ടാകുന്നതായി പഠന റിപ്പോര്‍ട്ട്.
പൈപ്പ് വെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം കുപ്പിവെള്ളത്തിന്‍റെ ഉപയോഗം മൂലമുണ്ടാകുന്നതായി പഠന റിപ്പോര്‍ട്ട്. പൈപ്പ് വെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന്‍റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പൈപ്പ് വെള്ളത്തില്‍ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനെത്തുടര്‍ന്നാണ് കുപ്പിവെള്ളത്തിന്‍റെ ഉപയോഗം സമീപ വർഷങ്ങളിൽ കുത്തനെ വർദ്ധിച്ചത്.
ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് വിരല്‍ ചൂണ്ടുന്നത്. വെള്ളത്തിന്‍റെ ഉപയോഗത്തെ മൂന്നായി തരംതിരിച്ചായിരുന്നു പഠനം.കുപ്പി വെള്ളം, പൈപ്പ് വെള്ളം, ഫിൽട്ടർ ചെയ്ത പൈപ്പ് വെള്ളം.
പൈപ്പ് വെള്ളം അണുവിമുക്തമാക്കുന്ന പ്രക്രിയയിലൂടെ കടത്തിവിടുമ്പോള്‍ വെള്ളത്തില്‍ ട്രൈഹാലോ മീതേനിന്‍റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ടി.എച്ച്.എമ്മിന്‍റെ സാന്നിധ്യം ഉള്ള വെള്ളം കുടിക്കുകവഴി മൂത്രാശയ ക്യാൻസര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് കുപ്പിവെള്ളത്തിന്‍റെ ഉപയോഗം ഗണ്യമായി വര്‍ധിച്ചത്. പക്ഷേ കുപ്പിവെള്ളത്തിന്‍റെ ഉപയോഗം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍ പൈപ്പ് വെള്ളം കുടിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ താരതമ്യേന കുറവാണെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
സ്പെയ്നിലെ ബാഴ്സലോണ കേന്ദ്രീകരിച്ച് 'സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്‍റ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ആ പ്രദേശത്തെ മുഴുവൻ ജനങ്ങളും കുപ്പിവെള്ളത്തിലേക്ക് മാറുകയാണെങ്കില്‍ പ്രതിവർഷം 1.43 സ്പീഷീസുകളുടെ നഷ്ടം സംഭവിക്കുമെന്നും റോ മെറ്റീരിയല്‍സ് വേര്‍തിരിച്ചെടുക്കാന്‍ മാത്രം 83.9 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരികയും ചെയ്യുമെന്ന് വ്യക്തമാകുന്നു. മുഴുവൻ ജനസംഖ്യ പൈപ്പ് വെള്ളത്തിലേക്ക് മാറുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, 1400മടങ്ങ് കൂടുതൽ ആഘാതമാണ് കുപ്പിവെള്ളത്തിന്‍റെ ഉപയോഗത്തിലേക്ക് ജനങ്ങള്‍ കടക്കുക വഴി ഉണ്ടാകുന്നത്. ഇതിനുപുറമേ റോ മെറ്റീരിയല്‍സ് വേര്‍തിരിച്ചെടുക്കാനുള്ള ചെലവ് 3,500 ഇരട്ടി കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
മുഴുവനാളുകളും പൈപ്പ് വെള്ളം ഉപയോഗിക്കുന്നതിലേക്ക് മാറുകയും, ഗാർഹികമായി ഫിൽട്രേഷൻ കൂടി സാധ്യമാക്കാന്‍ കഴിയുകയും ചെയ്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഫില്‍റ്റര്‍ ചെയ്യാത്ത പൈപ്പ് വെള്ളത്തിന്‍റെ ഉപയോഗം വഴി ലക്ഷത്തില്‍ 309 പേര്‍ മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍. വെള്ളം ഫില്‍റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നതുവഴി മരണപ്പെടുന്നരുടെ എണ്ണം 36 ആയി കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
പാരിസ്ഥിതിക ആഘാതവും ആരോഗ്യപരമായ പ്രശ്നങ്ങളും പരിശോധിക്കുമ്പോള്‍ കുപ്പിവെള്ളത്തേക്കാള്‍ എന്തുകൊണ്ടും പൈപ്പ് വെള്ളം തന്നെയാണ് നല്ലതെന്ന് പഠന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗാർഹിക ഫിൽട്ടറുകളുടെ ഉപയോഗം, ടാപ്പ് വെള്ളത്തിന്‍റെ രുചിയും ഗന്ധവും മെച്ചപ്പെടുത്തുന്നതിനു പുറമേ ട്രൈഹാലോ മീതേനിന്‍റെ അളവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു. ഇക്കാരണത്താൽ, ഫിൽട്ടർ ചെയ്ത ടാപ്പ് വെള്ളം കുപ്പിവെള്ളത്തിന് മികച്ച ബദലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.