ഉറക്കത്തിനിടെ 3 ലക്ഷം രൂപയുടെ ഷോപ്പിംഗ്; അപൂർവ രോഗാവസ്ഥ കാരണം ദുരിതമനുഭവിച്ച് യുവതി
|സ്വയമറിയാതെ അബോധാവസ്ഥയിൽ ഷോപ്പിങ് ചെയ്‌ത് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടാകുന്നതെന്നും യുവതി വെളിപ്പെടുത്തി.
ഉറക്കത്തിൽ കൂർക്കം വലിക്കും, സംസാരിക്കും, എഴുന്നേറ്റ് നടക്കും... ഇങ്ങനെ ഏതെങ്കിലുമൊക്കെ അവസ്ഥകൾ നമുക്കറിയാം. എന്നാൽ, ഉറക്കത്തിനിടെ ഷോപ്പിംഗ് ചെയ്യുന്ന ഒരു അപൂർവ അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ടിലെ 42 കാരിയായ കെല്ലി നൈപ്‌സ് കടന്നുപോകുന്നത്. പാരാസോംനിയ എന്ന അപൂർവരോഗാവസ്ഥയാണ് കെല്ലിക്ക്. സ്വയമറിയാതെ അബോധാവസ്ഥയിൽ ഷോപ്പിങ് ചെയ്‌ത് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടാകുന്നതെന്നും കെല്ലി വെളിപ്പെടുത്തി.
വാങ്ങിക്കൂട്ടുന്നതിൽ പലതും ഒരാവശ്യവുമില്ലാത്ത സാധനങ്ങളുമാണ്. പ്ലാസ്റ്റിക് ബാസ്കറ്റ്ബോൾ കോർട്ട്, പെയിൻ്റ് ടിന്നുകൾ, പുസ്തകങ്ങൾ, കുട്ടികളുടെ കളിസ്ഥലം, ഫ്രിഡ്ജുകൾ, മേശകൾ, നൂറുകണക്കിന് മിഠായികൾ ഇങ്ങനെ പോകുന്നു ഷോപ്പിംഗ് ലിസ്റ്റ്. ബോധം വരുമ്പോൾ പലതും തിരിച്ചയച്ച് റീഫണ്ട് ചെയ്യാറുണ്ട്. എന്നാൽ, ചില സാധനങ്ങൾക്കൊന്നും റിട്ടേൺ പോളിസി ഉണ്ടാകില്ല.
ക്രെഡിറ്റ് കാർഡ് വിവരങ്ങളെല്ലാം ഫോണിൽ സേവ് ആയിരുന്നതിനാൽ പ്രത്യേക പേയ്‌മെന്റ് നടത്തേണ്ടി വരാറില്ലെന്നും കെല്ലി പറയുന്നു. എന്നാൽ, ഒരു തവണ തട്ടിപ്പുകാർക്ക് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതോടെയാണ് സ്ഥിതി വഷളായത്. ഏകദേശം 26,000 രൂപയാണ് കെല്ലിക്ക് നഷ്ടമായത്. പിന്നീട് ബാങ്ക് വഴി അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.
രോഗാവസ്ഥ മറ്റുചില അപകടകരമായ പെരുമാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രമേഹത്തിനുള്ള മരുന്നുകളുടെ അമിതമായ ഉപയോഗം, ജനലുകളും വാതിലുകളും തുറന്നിടുക എന്നിങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട് കെല്ലിക്ക്. തന്റെ അവസ്ഥ നിയന്ത്രിക്കാൻ രാത്രിയിൽ തുടർച്ചയായ പോസിറ്റീവ് എയർവേ പ്രഷർ ഉപകരണം ഉപയോഗിച്ചുവരികയാണ് കെല്ലി. സ്ലീപ് അപ്നിയ ചികിത്സയിൽ ഉപയോഗിക്കുന്ന ശ്വസന വെൻ്റിലേഷൻ രീതിയാണ് പോസിറ്റീവ് എയർവേ പ്രഷർ. ഈ ഉപകരണം സഹായകമാണെങ്കിലും ഉറക്കത്തിൽ പലപ്പോഴും അറിയാതെ അത് നീക്കം ചെയ്യുന്നുണ്ടെന്നും കെല്ലി പറയുന്നു.
എന്താണ് പാരാസോംനിയ?
ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസാധാരണമായ ശാരീരിക പ്രശ്‌നങ്ങൾ അടങ്ങിയ ഉറക്ക തകരാറാണ് പാരാസോമ്നിയ. ഉറക്കത്തിന് മുൻപോ ഉറക്കത്തിലോ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴോ ഇത് സംഭവിക്കാം. മസ്തിഷ്കത്തിന് പാതിബോധം മാത്രമേ ഉണ്ടാകൂ എന്നതിനാൽ അബോധാവസ്ഥയിൽ ആയിരിക്കും പ്രവർത്തികൾ ചെയ്യുക. ഉറക്കത്തിന് രണ്ട് പ്രധാന ഘട്ടങ്ങളുണ്ട് - നോൺ-റാപ്പിഡ് ഐ മൂവ്‌മെൻ്റ് (നോൺ-ആർഇഎം) ഉറക്കവും ദ്രുത നേത്ര ചലനം (ആർഇഎം) ഉറക്കവും. ഉറക്കത്തിൻ്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ നോൺ-REM ഉറക്കം സംഭവിക്കുന്നു. ഈ സമയത്തെ അസ്വസ്ഥതകളെ ഉത്തേജന വൈകല്യങ്ങൾ എന്നാണ് വിളിക്കുന്നത്.
നോൺ-ആർഇഎം ഉറക്കത്തിൽ സംഭവിക്കുന്ന പാരാസോമ്നിയകളിൽ ഭയപ്പെടുക, ഉറക്കത്തിൽ നടക്കുക, പാതി ഉറക്കത്തിൽ ഭക്ഷണം കഴിക്കുന്ന എന്നിവ അടങ്ങിയിരിരിക്കുന്നു. പാരാസോംനിയ പലതരത്തിലുണ്ട്.
ദുഃസ്വപ്‌നം കാണുക
ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാണുക. ഉറക്കത്തിനിടയിൽ അറിയാതെ മൂത്രം പോകുന്ന അവസ്ഥ. ആറുവയസുവരെയുള്ള കുട്ടികളിലാണ് ഈ അവസ്ഥ കാണുന്നത്. പല്ലുകടിക്കുക, ഉറക്കത്തിനിടെ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ പാരാസോംനിയയിൽ ഉൾപ്പെടുന്നു.
ഉറക്കത്തിനിടെ പുലമ്പുക
ഉറക്കത്തിനിടെ സംസാരിക്കുകയും ഞരങ്ങുകയും ചെയ്യുന്നത് പാരാസോംനിയയുടെ മറ്റൊരു അവസ്ഥയാണ്. പാരാസോംനിയയുടെ രീതിയും അതിന്റെ തീവ്രതയും പരിശോധിച്ചാണ് ചികിത്സ. ആന്റിഡിപ്രസന്റുകൾ, മെലാടോണിൻ തുടങ്ങിയവയ്ക്കൊപ്പം തെറാപ്പിയും നൽകാറുണ്ട്