തണുപ്പുകാലത്ത് തൈര് കഴിച്ചാൽ അസുഖം വരുമോ?
|ജലദോഷം,ചുമ അടക്കം ധാരാളം പകർച്ചവ്യാധികള്‍ പിടിപെടുന്ന സമയം കൂടിയാണിത്
നമ്മുടെയെല്ലാം തീൻമേശയിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തൈര്. ഒരുപാട് പോഷകഘടകങ്ങൾ അടങ്ങിയ തൈര് പല രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ഹൃദയാരോഗ്യം നിലനിർത്തുക, ശരീര ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമെല്ലാം തൈര് സഹായിക്കുന്നുണ്ട്. എന്നാൽ തൈരിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. തണുപ്പുകാലമായാൽ തൈര് കഴിക്കരുത് എന്നാണ് പൊതുവെ പറയാറ്. ധാരാളം പകർച്ചവ്യാധികളുടെ കാലം കൂടിയാണ് തണുപ്പുകാലം. ജലദോഷം,ചുമ തുടങ്ങിയവ പിടിപെടുമെന്നതിനാലാണ് കുട്ടികളോടും പ്രായമായവരോട് തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാൽ അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ...
തണുപ്പുകാലത്ത് തൈര് കഴിച്ചാൽ പ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിർത്തുകയും ചെയ്യുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. എന്നാൽ ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറിൽ ആകണമെന്ന് മാത്രം.
രാത്രി തൈര് കഴിച്ചാൽ ?
രാത്രി തൈര് കഴിക്കരുതെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാമെന്ന് ഡോക്ടർമാർ ആവർത്തിച്ചു പറയുന്നു. തൈര് തലച്ചോറില്‍ ട്രിപ്‌റ്റോഫാൻ എന്ന അമിനോ ആസിഡ് പുറത്തുവിടാൻ സഹായിക്കും. ഇത് ഞരമ്പുകൾക്ക് കൂടുതൽ വിശ്രമം നൽകും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാത്രിയിൽ തൈര് കഴിക്കുന്നത് ട്രിപ്‌റ്റോഫാൻ കാരണം ന്യൂറോണുകൾക്ക് നേരിയ വിശ്രമം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുലയൂട്ടുന്ന അമ്മമാർ തൈര് കഴിക്കാമോ
മുലയൂട്ടുന്ന അമ്മമാർ തൈര് കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് അസുഖം വരുമെന്നാണ് ചിലർ പറയാറ്.എന്നാൽ തൈരിൽ അടങ്ങിയ പോഷകങ്ങൾ മാത്രമേ മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്ക് കിട്ടൂ എന്നതാണ് സത്യം. മുലയൂട്ടുന്ന അമ്മയ്ക്ക് രാത്രിയിലോ മഞ്ഞുകാലത്തോ തൈര് കഴിച്ചാൽ പിടിപെടുന്ന അണുബാധയോ ജലദോഷമോ ഇല്ല. തൈരിലെ സജീവമായ ബാക്ടീരിയകൾ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും. തൈരിലെ വിറ്റാമിനുകളും പ്രോട്ടീനും ലാക്ടോബാസിലസും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ തൈര് കഴിക്കാമോ?
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിലും തൈര് ഉൾപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. തൈരിൽ ആന്റിഓക്സിഡന്റുകൾ കൂടുതലായതിനാൽ വീക്കം, അണുബാധ എന്നിവ അകറ്റുന്നു. കൊഴുപ്പ് കുറഞ്ഞ പാലിൽ ഉണ്ടാക്കുന്ന തൈര് കഴിക്കുകയാണെങ്കിൽ, അത് പൂരിത കൊഴുപ്പ് വർധിപ്പിക്കില്ലെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവയും ശരിയായി ആഗിരണം ചെയ്യാനും സഹായിക്കും...