![മുഖക്കുരു വരുമോ.. തടി കൂടുമോ! മധുരം കഴിക്കുമ്പോൾ ഇനിയീ ചിന്തകൾ വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് മുഖക്കുരു വരുമോ.. തടി കൂടുമോ! മധുരം കഴിക്കുമ്പോൾ ഇനിയീ ചിന്തകൾ വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട്](https://www.mediaoneonline.com/h-upload/2022/10/25/1327399-untitled-2.webp)
മുഖക്കുരു വരുമോ.. തടി കൂടുമോ! മധുരം കഴിക്കുമ്പോൾ ഇനിയീ ചിന്തകൾ വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട്
![](/images/authorplaceholder.jpg?type=1&v=2)
കുറച്ചൊന്ന് ശ്രദ്ധിച്ചാൽ ഭാരം കൂട്ടാതെയും ചർമത്തിന് കേടുവരാതെയും മധുരം കഴിക്കാം
മധുരം കഴിക്കാതെ എന്ത് ആഘോഷം അല്ലേ.. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ പലതരം മധുരപലഹാരങ്ങളാണ് വിപണിയിലും വീടുകളിലും ഒരുക്കിയിരിക്കുന്നത്. നാവിൽ കൊതിയൂറുമ്പോൾ മധുരം കഴിക്കുന്നതിൽ നിന്ന് പലരെയും തടയുന്നത് ഭാരം കൂടുമോ എന്ന ചിന്തയാണ്. ചർമസംരക്ഷണത്തിന് മുൻതൂക്കം കൊടുക്കുന്നവർ മുഖക്കുരു പേടി കാരണം പലഹാരങ്ങൾക്ക് നേരെ മുഖം തിരിക്കാറുണ്ട്.
പക്ഷേ, അത്രയും കൊതി തോന്നുന്ന ഭക്ഷണങ്ങൾ എന്തിന് മാറ്റിവെക്കണം. കുറച്ചൊന്ന് ശ്രദ്ധിച്ചാൽ ഭാരം കൂട്ടാതെയും ചർമത്തിന് കേടുവരാതെയും മധുരം കഴിക്കാം.
അമിതമാകരുത്...
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് സംബന്ധിച്ച് സ്വയം ഒരു ബോധമുണ്ടാകണം. എത്ര അളവ് ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. വയറിൽ ഒട്ടും സ്ഥലമില്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കരുത്. പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതിന് ശേഷം നെയ് അധികമില്ലാത്ത മധുരപലഹാരങ്ങൾ കഴിക്കാം. ഇതും അമിതമാകരുത്.
വീട്ടിലുണ്ടാക്കുന്നത് മതി
കടകളിൽ കിട്ടുന്ന വർണക്കടലാസിൽ പൊതിഞ്ഞ പലഹാരങ്ങളേക്കാൾ സ്വന്തം വീട്ടിലുണ്ടാക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. വീട്ടിൽ പലഹാരങ്ങളുണ്ടാക്കുമ്പോൾ ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരക്ക് പകരം ശർക്കരയോ തേനോ ഈന്തപ്പഴമോ പരീക്ഷിക്കാവുന്നതാണ്.
രക്തശുദ്ധീകരണം മുതൽ നിരവധി ഗുണങ്ങളാണ് ശർക്കരയിലുള്ളത്. പ്രകൃതദത്തമായ തേൻ നാട്ടുവൈദ്യമായി ഉപയോഗിച്ച് വരുന്നത് നമുക്കറിയാം. അതിനാൽ പഞ്ചസാര ഒഴിവാക്കി ഇവ പരീക്ഷിക്കുന്നത് നല്ലതാണ്.
മറക്കരുത്...
ഭക്ഷണം ആരോഗ്യകരമായി കഴിച്ചെന്ന് ഉറപ്പ് വരുത്തിയാലും വെള്ളം കുടിക്കുന്ന കാര്യം മറക്കരുത്. നന്നായി ഭക്ഷണം കഴിച്ചാലും ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തിയില്ലെങ്കിൽ ഫലമുണ്ടാകില്ല, മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളെ ഇത് വിളിച്ചുവരുത്തുകയും ചെയ്യും.
എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചെന്ന് ഉറപ്പ് വരുത്തുക. ശീതപാനീയങ്ങൾ ഒഴിവാക്കി വെള്ളത്തിൽ നാരങ്ങ കലക്കി കുടിക്കുകയോ ഇഷ്ടപ്പെട്ട പഴങ്ങൾ ജ്യൂസ് അടിച്ച് കുടിക്കുകയോ ചെയ്യാവുന്നതാണ്.