സ്മാർട്ട്ഫോൺ ഉപയോഗം നമ്മെ അന്ധരാക്കുമോ? കണ്ണുകൾ സംരക്ഷിക്കാൻ എട്ട് വഴികൾ...
|സ്മാർട്ട് ഫോൺ ഉപയോഗത്തിന് 20/20/20 റൂളുണ്ട്
തുടർച്ചയായ സ്മാർട്ട്ഫോൺ ഉപയോഗത്തിലൂടെ ഹൈദരാബാദുകാരിയായ 30കാരിക്ക് കാഴ്ച നഷ്ടമായ വിവരം അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഈയടുത്ത് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിനൊപ്പം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ കാഴ്ച സംരക്ഷിക്കാനുള്ള മാർഗങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. ഈ സാഹചര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യ വിവിധ ആരോഗ്യ വിദഗ്ധരുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. സ്മാർട്ട്ഫോൺ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് വ്യക്തമായ പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ ദീർഘമായ സ്മാർട്ട് ഫോൺ ഉപയോഗം അപകടം ചെയ്യുമെന്നതിൽ തർക്കമില്ല. അത്തരം ഉപയോഗത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ കാഴ്ച സംരക്ഷിക്കാനാകും. അത്തരം വഴികൾ ഏതൊക്കെയെന്ന് നോക്കാം.
ഡാർക് മോഡ് ഉപയോഗിക്കുക
ഡാർക് മോഡ് അല്ലെങ്കിൽ ഡാർക് തീം എന്നറിയപ്പെടുന്ന രീതിയിൽ ഫോൺ ഉപയോഗിക്കുക. അഥവാ വെള്ള ടെക്സ്റ്റും കറുത്ത പശ്ചാത്തലവുമായി ഫോൺ ഉപയോഗിക്കുക. ഇത് ബ്ലൂ ലൈറ്റ് എക്സ്പോഷ്യർ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും. ഫോൺ ഡിസ്പ്ലേ സെറ്റിംഗ് വഴി ഈ തീം മാറ്റാൻ സാധിക്കും.
സ്ക്രീനിന്റെ ബ്രൈറ്റ്നസ് കുറയ്ക്കുക
സ്മാർട്ട് ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നസ് കൂട്ടിവെക്കുന്നതും വളരെ കുറച്ചുവെക്കുന്നതും കണ്ണിന് ദോഷകരമാണ്. നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സിൽ ഈ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ബിൽഡ് ഇന്നായുള്ള ബ്രൈറ്റ്നസും കോൺട്രാസ്റ്റ് സെറ്റിംഗ്സും ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
കണ്ണു ചിമ്മാൻ മറക്കാതിരിക്കുക
കണ്ണ് ചിമ്മുക, ചിമ്മുക, ചിമ്മുക... ഒരു സെക്കൻഡിലേറെ കണ്ണ് ചിമ്മുന്നത് കണ്ണിന് നനവേകുകയും ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യും. ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാ അര മണിക്കൂറിലും 10 മുതൽ 20 വരെ തവണ കണ്ണ് ചിമ്മുന്നുവെന്ന് ഉറപ്പാക്കുന്നത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. കണ്ണുകളുടെ ഫോക്കസ് ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.
ഐ ഫോണിൽ സ്ക്രീൻ ടൈമും ആൻഡ്രോയിഡിൽ ഡിജിറ്റൽ വെൽബിയിംഗ് ഫീച്ചറും ഉപയോഗിക്കുക
ഐഫോണും ആൻഡ്രോയിഡ് ഫോണുകളും സ്ക്രീൻ ടൈം ചുരുക്കാനുള്ള സെറ്റിംഗ്സോടെയാണ് പുറത്തിറങ്ങുന്നത്. ഐ ഫോണിൽ സ്ക്രീൻ ടൈമും ആൻഡ്രോയിഡിൽ ഡിജിറ്റൽ വെൽബിയിംഗ് ഫീച്ചറും ഇതിന് സഹായിക്കുന്നവയാണ്. സ്ക്രീൻ ടൈം വഴി ആപ്പ് ഉപയോഗം നിയന്ത്രിക്കാനും ഫോൺ മാറ്റിവെക്കാനുള്ള സമയം നിശ്ചയിക്കാനും സാധിക്കുന്നു. ഈ സമയത്ത് നോട്ടിഫിക്കേഷനും ആപ്പുകളും ബ്ലോക്ക് ചെയ്യാനും വഴിയൊരുക്കുന്നു.
ആൻഡ്രോയിഡ് ഫോണിൽ ഡിജിറ്റൽ വെൽബിയിംഗാണ് ഈ സൗകര്യമൊരുക്കുക. ആപ്പ് ലിമിറ്റ് ടൈമർ, ബെഡ് ടൈം, വിൻഡ് ഡൗൺ മോഡുകൾ എന്നിവ നൽകുന്നു. ഏത് സമയത്തും ഈ സംവിധാനങ്ങൾ ഓഫാക്കാനും ഉപഭോക്താവിന് കഴിയും.
നൈറ്റ് ഷിഫ്റ്റും നൈറ്റ് ലൈറ്റും
ഐഫോണിലെ നൈറ്റ് ഷിഫ്റ്റും ആൻഡ്രോയിഡിലെ നൈറ്റ് ലൈറ്റും രാത്രികളിൽ ഡിസ്പ്ലേ ക്രമീകരിക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ്. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്.
സ്മാർട്ട് ഫോണിലെ അക്ഷരങ്ങളുടെ സൈസ് വലുതാക്കുക
നിങ്ങളുടെ ഫോണിലെ അക്ഷരങ്ങളുടെ സൈസ് വലുതാണെന്ന് ഉറപ്പുവരുത്തുക. ചെറിയ സൈസിലുള്ള അക്ഷരങ്ങൾ കണ്ണിനെ ബുദ്ധിമുട്ടിക്കുന്നതാണ്. സെറ്റിംഗ്സിൽ ഈ കാര്യം മാറ്റാൻ സാധിക്കും. അതുവഴി വായന സുഗമമാക്കും. അതേപടി, ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, ടെക്സ്റ്റ് സെറ്റിംഗ്സ് എന്നിവയും ആവശ്യാനുസരണം ക്രമീകരിക്കാനാകുന്നു.
ഫോൺ സ്ക്രീൻ വൃത്തിയുള്ളതാക്കാം...
നമ്മുടെ ഫോണിന്റെ സ്ക്രീൻ വൃത്തികേടാകാൻ വലിയ പണിയില്ല. വൃത്തികേടുള്ള കൈ കൊണ്ട് തൊടുന്നത് സ്വഭാവികമാണല്ലോ. നാം അവ വെക്കുന്ന സ്ഥലങ്ങളിലെ പൊടിപടലങ്ങളും മറ്റും സ്ക്രീനിൽ പറ്റിപ്പിടിക്കുന്നു. ഇത്തരത്തിൽ ഫോൺ സ്ക്രീൻ വൃത്തികേടായിരിക്കുന്നത് കണ്ണിനെ ബാധിക്കും. മൃദുലമായ തുണി കൊണ്ട് സ്ക്രീൻ തുടർച്ചയായി തുടക്കുന്നത് ഈ മാലിന്യം ഒഴിവാക്കാനും ഫോൺ ഉപയോഗ വേളയിൽ അമിത ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ഉപകരിക്കുന്നു.
20/20/20 റൂൾ പാലിക്കുക
സ്മാർട്ട് ഫോൺ ഉപയോഗത്തിന് 20/20/20 റൂളുണ്ട്. അഥവാ 20 മിനുട്ട് ഫോൺ ഉപയോഗിച്ചാൽ 20 അടി അപ്പുറത്തുള്ള വല്ലതിലേക്കും 20 സെക്കൻഡ് നോക്കണം. ഇത് കണ്ണിന് സംരക്ഷണമേകും.
Can Smartphone Use Make You Blind? Eight ways to protect your eyes