അമ്മ കോവിഡ് ബാധിതയായാല്‍ കുഞ്ഞിനെ മുലയൂട്ടാമോ?
|കോവിഡ് കാലത്ത് മുലയൂട്ടലുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍
കോവിഡ് കാലത്ത് കടന്നുവരുന്ന രണ്ടാമത്തെ മുലയൂട്ടല്‍ വാരാചരണത്തിലാണ് ലോകമുള്ളത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ട്. അന്ന് കോവിഡിന്‍റെ ഭീതി മാത്രമായിരുന്നുവെങ്കില്‍ ഇന്ന് വാക്സിന്‍ എത്രത്തോളം കുട്ടികളെ ബാധിക്കും എന്ന ഭീതി കൂടിയുണ്ട് അമ്മമാരില്‍. കുട്ടികളിലെ വാക്സിനേഷനിലാണെങ്കില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ.
മുലയൂട്ടുന്ന അമ്മമാര്‍ വാക്സിന്‍ എടുത്താല്‍ മുലപ്പാലിലൂടെ കുഞ്ഞിന്‍റെ ശരീരത്തില്‍ വാക്സിന്‍റെ അംശം എത്തുമോ? പാലു കുടിക്കുന്ന കുഞ്ഞുങ്ങളുണ്ടെന്ന് കരുതി അമ്മമാര്‍ വാക്സിനെടുക്കാതെ മാറി നില്‍ക്കേണ്ടതുണ്ടോ? അമ്മ കോവിഡ് പോസിറ്റീവ് ആയാല്‍ കുട്ടിയെ മുലയൂട്ടാമോ? സുരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?
കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണയിലെ ശിശുരോഗ വിദഗ്ധ ഡോ. സുനി കെ അക്ബര്‍ മറുപടി നല്‍കുന്നു.
കോവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാര്‍ കുഞ്ഞിനെ മുലയൂട്ടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഒരു പ്രശ്നവുമില്ല.. അത്തരം ആശങ്കയുടെ പുറത്ത് മുലയൂട്ടുന്ന അമ്മമാര്‍ ആരും വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല. കാരണം അമ്മയുണ്ടെങ്കിലേ കുഞ്ഞിനെ മുലയൂട്ടാനും വളര്‍ത്തുവാനും കഴിയുകയുള്ളൂ എന്ന് ഓര്‍ക്കണം. കുഞ്ഞ് ആവശ്യപ്പെട്ടാല്‍ വാക്സിനെടുത്ത ഉടനെപോലും മുലയൂട്ടാം.
അമ്മ കോവിഡ് ബാധിതയായാല്‍ കുഞ്ഞിനെ മുലയൂട്ടാമോ?
ഒന്നിന്‍റെ പേരിലും കുഞ്ഞിന് പാല് നിഷേധിക്കാതിരിക്കുക എന്ന് മാത്രമാണ് ചിന്തിക്കേണ്ടത്. പക്ഷേ കുഞ്ഞിന്‍റെ സുരക്ഷയ്ക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുലയൂട്ടുമ്പോള്‍ അമ്മ മാസ്ക് ധരിക്കണം, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക. അതിന് ശേഷം സാധാരണ കൊടുക്കുന്നതുപോലെ തന്നെ കുഞ്ഞിനെ പാലൂട്ടാവുന്നതാണ്. അമ്മയോടൊപ്പം തന്നെ കുഞ്ഞ് കഴിയുന്നത് കൊണ്ടും കുഴപ്പമൊന്നുമില്ല. അമ്മയില്‍ നിന്ന് ഒരു ആറടി മാറ്റി കിടത്താനുള്ള ഒരു മുന്‍കരുതല്‍ ഉണ്ടായിരിക്കണം.
ഇത്തരം സാഹചര്യത്തില്‍ ആളുകള്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ മാറ്റുകയും മുലപ്പാലിന് പകരം ഫോര്‍മുല മില്‍ക്ക് കൊടുത്തുതുടങ്ങുകയും ചെയ്യുന്നുണ്ട്.. ഇതിന്‍റെ ആവശ്യമുണ്ടോ?
ഒരു ആവശ്യവുമില്ല. കുഞ്ഞിന് ഏറ്റവും നല്ലത് അമ്മയുടെ മുലപ്പാല്‍ തന്നെയാണ്. കോവിഡ് ബാധിതയായ അമ്മയുടെ മുലപ്പാല്‍ കുടിച്ച കുട്ടിക്ക് കോവിഡ് ബാധിച്ച കേസുകള്‍ അധികം കേട്ടിട്ടുപോലുമില്ല. പലപ്പോഴും കുഞ്ഞും അമ്മയും വീട്ടില്‍ പോയി, വീട്ടിലെ മറ്റുള്ളവരില്‍ നിന്നാണ് കുഞ്ഞിന് അസുഖം വന്നിട്ടുള്ളത് എന്നാണ് തെളിഞ്ഞിട്ടുള്ളത്.
കോവിഡ് കാലത്ത് കുഞ്ഞിന്‍റെ സുരക്ഷയെ കരുതി ആരെയും കാണാതെ റൂമിനകത്ത് ആയിപ്പോകുന്നുണ്ട് പല അമ്മമാരും.. എങ്ങനെയാണ് ഈ അവസ്ഥയെ അതിജീവിക്കേണ്ടത്?
പ്രസവം കഴിഞ്ഞ ഒരു അമ്മ കടന്നുപോകുന്നത് നിരവധി വേദനകളിലൂടെയാണ്.. സാധാരണ പ്രസവമാണെങ്കില്‍ സ്റ്റിച്ചിന്‍റെ വേദന, സിസേറിയനാണെങ്കില്‍ അതിന്‍റെ വേദന. കൂടെ ഹോര്‍മോണ്‍ ചെയ്ഞ്ചുകള്‍ നടക്കുന്ന സമയമായതിനാല്‍ അതിന്‍റെ മൂഡ്സിംഗ്സ്, ഉറക്കക്കുറവ് അങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെയാണ് ഒരു അമ്മയുടെ മുലയൂട്ടല്‍ കാലം കടന്നുപോകുന്നത്. ആ സമയത്ത് ഭര്‍ത്താവും വീട്ടുകാരും തന്നെയാണ് അമ്മയ്ക്ക് സപ്പോര്‍ട്ട് നല്‍കി കൂടെ നില്‍ക്കേണ്ടത്.. കാരണം അമ്മ സന്തോഷമായി നിന്നാലേ അമ്മയ്ക്ക് കൃത്യമായി പാലുണ്ടാകുകയും കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുകയും ഉള്ളൂ.
പ്രസവിച്ച പെണ്ണ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല, വെള്ളം കുടിക്കാന്‍ പാടില്ല വയറുചാടും ഇങ്ങനെ നൂറുനിബന്ധനകള്‍ വെച്ച് അമ്മയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കുടുംബവും സമൂഹവും. അത് പാടില്ല. ഇത്തരം നിര്‍ദേശങ്ങള്‍ക്കൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ല. അമ്മ ധാരാളം വെള്ളം കുടിക്കണം. അത് പാലുണ്ടാകാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. അമ്മയ്ക്ക് സന്തോഷം നല്‍കുന്ന എന്തും ചെയ്യാം. പാട്ടുകള്‍ കേള്‍ക്കാം, വായിക്കാം.
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കാമോ?
തീര്‍ച്ചയായും, അതുകൊണ്ട് ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒരു ആരോഗ്യപ്രശ്നമവും ഉണ്ടാവുകയില്ല.
കുട്ടികള്‍ക്കുള്ള വാക്സിനുകള്‍, കുഞ്ഞ് കോവിഡ് പോസിറ്റീവ് ആയാല്‍ എത്ര കാലം കഴിഞ്ഞ് വേണം എടുക്കാന്‍?
കുട്ടി കോവിഡ് ബാധിച്ച്, നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ ഒരുമാസം കഴിഞ്ഞ് കുട്ടികള്‍ക്കുള്ള എല്ലാ വാക്സിനുകളും എടുക്കാവുന്നതാണ്. അമ്മയ്ക്കാണ് അസുഖം വന്നതെങ്കില്‍ നെഗറ്റീവ് ആയി 3 മാസം കഴിഞ്ഞ് കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. കുഞ്ഞിനെ സംബന്ധിച്ച് കുഞ്ഞിന് എടുക്കുന്ന എല്ലാ വാക്സിനുകളും കോവിഡ് നെഗറ്റീവായി ഒരു മാസം കഴിഞ്ഞ് എടുത്ത് തുടങ്ങാം.