അമിതവണ്ണം കുറക്കാൻ കഴിയുന്നില്ലേ? ഒരു പക്ഷേ കാരണം ഇതാകാം
|പി.സി.ഒ.എസ് ഉള്ള സ്ത്രീകളില്‍ ഗ്രെലിന്‍, കോളെസിസ്റ്റോകിനിന്‍, ലെപ്റ്റിന്‍ തുടങ്ങിയ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ തകാരാറിലായിരിക്കും
പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അമിതഭാരം. പലരുടെയും ആത്മവിശ്വാസം തകർക്കുന്ന അമിതവണ്ണം രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് ആശങ്കാജനകമാണ്. മാറിയ ജീവിതശൈലി ഉള്‍പ്പടെ പലകാരണങ്ങളാണ് അമിതവണ്ണത്തിന് പിന്നിൽ. എന്നാൽ കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ചെയ്തിട്ടും പലർക്കും തങ്ങളുടെ അമിതവണ്ണം കുറക്കാൻ സാധിക്കാറില്ല. ചിലപ്പോള്‍ ഇതിനുള്ള കാരണം താഴെ പറയുന്നവയാവാം
ഹൈപ്പോതൈറോയിഡിസം
തൈറോയിഡ്ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉൽപ്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. തൈറോയിഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ അത് മെറ്റബോളിസത്തെ പതുക്കെയാക്കും. ഇത് ശരീരഭാരം കൂടാൻ കാരണമാകും. ശരീരഭാരം കൂടുക മാത്രമല്ല ശരീരഭാരം കുറക്കാൻ ഹൈപ്പോതൈറോയിഡിസം ഒരു വെല്ലുവിളി കൂടിയാണ്. ദഹനം ഉള്‍പ്പടെയുള്ള ശരീരവ്യവസ്ഥകളെ ഹൈപ്പോതൈറോയിഡിസം വേഗത്തിലാക്കുകയും ചെയ്യുന്നു.
സമ്മർദം
സമ്മർദം അനുഭവപ്പെടുമ്പോള്‍ ശരീരത്തിൽ കോർട്ടിസോള്‍ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കോർട്ടിസോളിന്‍റെ അളവ് ശരീരത്തിൽ കൂടുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. കൂടാതെ സമ്മർദം അനുഭവപ്പെടുമ്പോള്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്നതും അപകടകരമാണ്.
ഉറക്കമില്ലായ്മ
അമിതവണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കവും ഭക്ഷണവുമെല്ലാം കൃത്യമായിരിക്കണം. ചിട്ടയായ ജീവിതം മാനസിക ആരോഗ്യത്തെയും പിന്തുണക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുകയും അമിത വണ്ണത്തിന് കാരണമാകുകയും ചെയ്യും. കൂടാതെ രക്ത സമ്മർദ്ധം, കൊളസ്ട്രോള്‍,രക്തത്തിലെ പഞ്ചസാര എന്നിവക്കും ഉറക്കക്കുറവ് കാരണമായേക്കാം.
ഇൻസുലിൻ പ്രതിരോധം
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യത്തിന് ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ഉണ്ടാക്കാൻ കരൾ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ പുറത്തുവിടുന്നു.
ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെയും അവയവങ്ങളുടെയും പ്രതികരണ സ്വഭാവം കുറയ്ക്കുകയും രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് എടുക്കുകയും ചെയ്യുന്നു. വയറിന് ചുറ്റും അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും.പൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഗ്ലൂക്കോസുമായി ബന്ധിപ്പിക്കുന്നതിനുള്ള കോശങ്ങളുടെ അടുപ്പം കുറയ്ക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പി.സി.ഒ.എസ്
ഇന്ന് മിക്ക സ്ത്രീകളിലും കാണപ്പെടുന്ന ഒന്നാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം. പി.സി.ഒ.എസ് ബാധിച്ച സ്ത്രീകള്‍ക്കും ഭാരം കുറയ്ക്കുക എന്നത് വലിയ വെല്ലുവിളി ആകാറുണ്ട്. എന്നാൽ അമിതഭാരം കുറക്കേണ്ടതും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതും ഇവർക്ക് അത്യാവശ്യമാണ്. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഗ്രെലിന്‍, കോളെസിസ്റ്റോകിനിന്‍, ലെപ്റ്റിന്‍ തുടങ്ങിയ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ തകാരാറിലായിരിക്കും. അതിനാൽ ഇവരിൽ വിശപ്പ് കൂടുതലായിരിക്കും.
പിസിഒഎസ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഇരുണ്ട ചർമ്മം അല്ലെങ്കിൽ കഴുത്തിലോ കക്ഷങ്ങളിലോ ഉള്ള അധിക ചർമ്മം, പെൽവിക് വേദന കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ആർത്തവ ക്രമക്കേടുകളും വന്ധ്യതയും മാത്രമല്ല, മുഖക്കുരു, അമിതമായ രോമങ്ങൾ, മുടി കൊഴിയൽ തുടങ്ങി ചർമ്മത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ഏ ഹോർമോൺ തകരാറാണ് പി.സി.ഒ.എസ്. പി.സി.ഒ.എസിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാൽ ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.