പ്രായം കൂടൂന്നോ; ശ്രദ്ധ വേണം കഴുത്തില്‍
|സെർവിക്കൽ സ്പോണ്ടിലോസിസിന്‍റെ വ്യാപനം സ്ത്രീകളിലും പുരുഷന്മാരിലും സമാനമാണ്.
സെർവിക്കൽ സ്പോണ്ടിലോസിസ് എന്നത് കഴുത്തിലെ നട്ടെല്ലിന്‍റെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്ന ഒരു അസുഖമാണ്. ജീവിതത്തിന്‍റെ അഞ്ചാം ദശകത്തിനുശേഷം ഭൂരിഭാഗം ആളുകളിലും വാർധക്യം മൂലമുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണിത്.
കഴുത്തിലെ നട്ടെല്ലുകളുടെ ഈ തേയ്‍മാന പ്രക്രിയ നട്ടെല്ലുകൾക്കിടയിലെ ഡിസ്കുകളെയും ഫേസെറ്റ് സന്ധികളെയും ബാധിക്കുന്നു. കൂടാതെ ഡിസ്ക് പുറത്തോട്ടുവരികയും, വെർട്ടെബ്രൽ ബോഡികളുടെ തേയ്‍മാനത്തിനും, സുഷുമ്‍നാനാഡിയുടെ ഞെരുക്കത്തിനും കാരണമാക്കുന്നു.
വാർധക്യമാണ് പ്രാഥമിക കാരണം. സെർവിക്കൽ സ്പോണ്ടിലോസിസിന്‍റെ വ്യാപനം സ്ത്രീകളിലും പുരുഷന്മാരിലും സമാനമാണ്. എന്നിരുന്നാലും തീവ്രതയുടെ അളവ് പുരുഷന്മാർക്ക് കൂടുതലാണ്. ആവർത്തിച്ചുള്ള തൊഴിൽ ആഘാതം സെർവിക്കൽ സ്പോണ്ടിലോസിസിന് കാരണമായേക്കാം. ഇരുന്ന് ജോലികൾ ചെയ്യുന്ന ആളുകളിലും തലയിലോ തോളിലോ ഭാരം ചുമക്കുന്ന ആളുകളിലും നർത്തകികളിലും ജിംനാസ്റ്റുകളിലും ഇത് കണ്ടു വരാറുണ്ട്.
സെർവിക്കൽ സ്പോണ്ടിലോസിസിന്‍റെ ലക്ഷണങ്ങൾ
കഴുത്ത് വേദനയും കഴുത്തിലെ മുറുക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. കാലക്രമേണ നാഡീ ഞരമ്പുകൾ അമരുമ്പോൾ കഴുത്തിലെ വേദന തോളുകളിലോട്ടും കൈകളിലോട്ടും ഇറങ്ങുകയും ചെയ്യുന്നു.
മിക്ക രോഗികൾക്കും ക്ലിനിക്കൽ അടിസ്ഥാനത്തിലാണ് രോഗനിർണയം നടത്തുന്നത്, എക്സ റോ, സിടി സ്കാന്‍, എംആർഐ സ്കാന്‍, ഇഎംജി തുടങ്ങിയ ഡയഗ്നോസ്റ്റിക് ഇമേജിംഗ് കൂടാതെ Spurling's Test എന്നിവ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഉപയോഗിക്കാം.
ഫിസിയോതെറാപ്പിക്ക് സെർവിക്കൽ സ്പോണ്ടിലോസിസിനെ നിയന്ത്രിച്ചുനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാനുണ്ട്. സെർവിക്കൽ ട്രാക്ഷൻ, ഹീറ്റ് തെറാപ്പി, ഐസ് തെറാപ്പി , അൾട്രാസൗണ്ട് തെറാപ്പി, TENS, IFT, LASER, TRIGGER POINT RELEASE, കഴുത്തിലെ പേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങൾ, എന്നിങ്ങനെ ഫിസിയോതെറാപ്പി ചികിത്സാ രീതിയിലൂടെ നമുക്ക് ഈയൊരു അസുഖത്തെ നിയന്ത്രിക്കാവുന്നതാണ്.
കൂടാതെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഈ അസുഖത്തെ, ജോലി ചെയ്യുന്ന രീതികളിലും അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ ചില മാറ്റങ്ങൾ വരുത്തിയും നമുക്ക് നിയന്ത്രിക്കാവുന്നതാണ്.