ഐസ് വെറുതെ കഴിക്കാൻ ഇഷ്ടമാണോ? അറിയുക, ഗുരുതരമായ രോഗാവസ്ഥയാണിത്
|ഐസുകൾ ചവച്ചരച്ച് കഴിക്കുന്നത് മൂലം പല്ലുകളിലെ ഇനാമൽ നശിച്ചുപോകാൻ സാധ്യതയുണ്ട്
വേനൽകാലത്ത് ജ്യൂസിലും മറ്റും ഐസ് ചേർത്ത് കഴിക്കുന്നത് പലർക്കും ഇഷ്ടമണ്. എന്നാൽ ചിലർക്ക് ഫ്രീസറിൽ നിന്നെടുത്ത കട്ടിയുള്ള ഐസ് ക്യൂബുകൾ ചവച്ചരച്ച് കഴിക്കുന്നത് ഇഷ്ടമാണ്. ഇങ്ങനെ ഐസ് കഴിക്കുന്നത് ശരീരത്തിന് ദോഷമാണെന്നാണ് ഡോക്ടർമാർ മുന്നിറിയിപ്പ് നൽകുന്നത്. വെറുതെ ഐസ് കഴിക്കുന്നത് ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. പഗോഫാഗിയ എന്നാണ് ഇതിന്റെ പേര്. ഐസ് കഴിക്കുന്നത് പോഷകാഹാരക്കുറവിന്റെയോ ഭക്ഷണ ക്രമക്കേടിന്റെയോ ലക്ഷണമാകാം. അത് നിങ്ങളുടെ ജീവിത നിലവാരത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാം.
ഐസ് വെറുതെ കഴിക്കാൻ തോന്നുന്നതിന് പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്
വിളര്‍ച്ച
പലപ്പോഴും ഇരുമ്പിന്റെ കുറവുള്ള അനീമിയ ഉണ്ടാകുന്നത് ഐസ് കഴിക്കാൻ തോന്നുന്നതിന് കാരണമായേക്കാമെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. രക്തത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. ശരീരത്തിലെ കോശങ്ങളിലുടനീളം ഓക്‌സിജൻ എത്തിക്കുക എന്നതാണ് ചുവന്ന രക്താണുക്കളുടെ ജോലി. ഓക്‌സിജൻ ഇല്ലെങ്കിൽ, നിങ്ങൾക്ക് ക്ഷീണവും ശ്വാസതടസവും അനുഭവപ്പെടാം. അനീമിയ ഉള്ളവർ ഐസ് കഴിക്കുമ്പോൾ തലച്ചോറിലേക്ക് കൂടുതൽ രക്തം എത്താൻ കാരണമാകുമെന്ന് ചില ഗവേഷകർ പറയുന്നു. വിളർച്ചയുള്ളവരിലും ഇല്ലാത്തവരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനത്തിലെത്തിയത്. വിളർച്ച ബാധിച്ചവർ ഐസ് കഴിച്ചതിന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.
പിക ഡിസോർഡർ
ഐസ്, കളിമണ്ണ്, കടലാസ്, ചാരം പോലുള്ള ഭക്ഷ്യേതര വസ്തുക്കൾ കഴിക്കാൻ ചിലർക്ക് ഇഷ്ടമാണ്. ഈ അവസ്ഥയെപറയുന്ന പേരാണ് പിക. ഒരുതരം ഭക്ഷണ ക്രമക്കേടാണ് പിക. പഗോഫാഗിയ പിക്കയുടെ ഒരു ഉപവിഭാഗമാണ്. അനീമിയ പോലുള്ള ശാരീരിക അസ്വസ്ഥതകൾ ഉള്ളവരെ പോലെ പിക ഡിസോർഡർ ഉള്ളവർ ഐസ് കഴിക്കാൻ നിർബന്ധിതരല്ല. പകരം, ഇതൊരു മാനസിക വിഭ്രാന്തിയാണ്. മറ്റ് മാനസികാവസ്ഥകൾക്കും മാനസിക വൈകല്യങ്ങൾക്കും ഒപ്പമാണ് പികയുമുണ്ടാകുന്നത്. ഗർഭകാലത്തും ഈ അവസ്ഥയുണ്ടായേക്കാം..
ഐസ് ആസക്തിയുടെ കാരണം എങ്ങനെ കണ്ടെത്താം
ഐസ് കഴിക്കാനുള്ള തോന്നലുകൾ ഒരുമാസത്തോളം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഗർഭിണിയായിരിക്കുമ്പോഴാണ് ഈ അവസ്ഥയെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം രക്ത പരിശോധന നടത്തണം. ഗർഭകാലത്ത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഐസിന് പുറമെ മറ്റ് ഭക്ഷ്യയോഗ്യമല്ലാത്ത മറ്റെങ്കിലും കഴിക്കാൻ തോന്നുണ്ടെങ്കിൽ അതും ഡോക്ടറോട് പറയണം.ഡോക്ടറുടെ നിർദേശപ്രകാരം രക്ത പരിശോധന നടത്തി അനീമിയയാണെങ്കിൽ അതിനുള്ള മരുന്ന് കുടിച്ച് തുടങ്ങണം..
ദന്ത പ്രശ്‌നങ്ങൾ
എല്ലാ ദിവസവും ധാരാളം ഐസുകൾ ചവച്ചരച്ച് കഴിക്കുന്നത് മൂലം പല്ലുകളിലെ ഇനാമൽ നശിച്ചുപോകാൻ സാധ്യതയുണ്ട്. പല്ലിന്റെ ഏറ്റവും ശക്തമായ ഭാഗമാണ് ടൂത്ത് ഇനാമൽ. ഇത് ഓരോ പല്ലിന്റെയും ഏറ്റവും പുറം പാളി നിർമ്മിക്കുകയും ആന്തരിക പാളികളെ ദ്രവത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇനാമൽ ഇല്ലാതാകുമ്പോൾ, ചൂടുള്ളതും തണുത്തതുമായ വസ്തുക്കളോട് പല്ലുകൾ വളരെ സെൻസിറ്റീവ് ആയി പ്രതികരിക്കും.
ചികിത്സ
ഇരുമ്പിന്റെ കുറവ് മൂലം അനീമിയ അഥവാ വിളർച്ചയാണ് നിങ്ങൾക്കെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇരുമ്പ് സപ്ലിമെന്റുകൾ കഴിച്ചുതുടങ്ങണം. പികഡിസോർഡർ ആണെങ്കിൽ ചികിത്സ കുറച്ചുകൂടി സങ്കീർണ്ണമായേക്കാം.തെറാപ്പികളും മറ്റുമാണ് ഇതിനുള്ള ചികിത്സ. താടിയെല്ല് വേദനയോ പല്ലുവേദനയോ ഉണ്ടെങ്കിൽ, ദന്തരോഗവിദഗ്ദ്ധനെ കാണുക. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക.