കാപ്പി ലൗവ്വേഴ്സ് ആണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം...
|മൂന്ന് തരം ആളുകൾ കാപ്പി കുടിക്കുന്നത് പരിമിതപ്പെടുത്തണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്
ഒരു കപ്പ് കാപ്പിയിൽ ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. ബെഡ് കോഫി നന്നായാൽ ഒരു ദിവസം നന്നാകുമെന്ന് വിശ്വസിക്കുന്നവർ. എന്നാൽ ഇങ്ങനെയുള്ള കാപ്പി കൊതിയൻമാർ ഒന്ന് കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധനായ സിമ്രുൺ ചോപ്ര. മൂന്ന് തരം ആളുകൾ കാപ്പി കുടി പരിമിതപ്പെടുത്തണമെന്നാണ് ചോപ്ര പറയുന്നത്.
മെറ്റബോളിസം പതിയെ നടക്കുന്ന ആളുകൾ
കഫിൻ ഫലപ്രദമായി പ്രാസസ്സ് ചെയ്യാത്ത ആളുകളിലാണ് മെറ്റബോളിസം പതിയെ നടക്കുന്നത്. ഇത്തരക്കാരിൽ കാപ്പി കുടിച്ച് ഒൻപത് മണിക്കൂറിനുള്ളിൽ വിറയലും ഉത്കണ്ഠയും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മെറ്റബോളിസം വേഗത്തിൽ നടക്കുന്ന ആളുകളിൽ ഒരു പക്ഷേ കാപ്പി നന്നായി ഫലം ചെയ്തേക്കാം.
ഉത്കണ്ഠ ഉള്ള ആളുകൾ
അമിതമായ ഉത്കണ്ഠയുള്ള ആളുകൾ കാപ്പി കുടിക്കുന്നത് അവരുടെ ഇന്ദ്രിയങ്ങളെ ഉന്മാദാവസ്ഥയിലേക്ക് നയിക്കുമെന്നും സിമ്രുൺ ചോപ്ര പറഞ്ഞു.
ഗർഭിണികൾ
ഗർഭിണികൾ കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ഗർഭപിണ്ഡത്തിലേക്കുള്ള രക്ത വിതരണം കുറക്കാൻ കാപ്പികുടി കാരണമാകും എന്നതിനാൽ അമിതമായി കഫീൻ കുടിക്കുന്നതിനെതിരെ ഇതിന് മുൻപും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നിരുന്നാലും, മിതമായ കാപ്പി ഉപഭോഗം ഓർമശക്തി വർധിപ്പിക്കാനും മറ്റും സഹായിക്കുമെന്നും ചോപ്ര പറഞ്ഞു. ദിവസം 1 മുതൽ 2 കപ്പ് വരെ കാപ്പി കുടിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
കാപ്പി കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
. ഒരു ദിവസം പരമാവധി 1 മുതൽ 2 കപ്പ് വരെ കുടിക്കുക.
. ഫ്രാപ്പുച്ചിനോ പോലെ പാൽ, ക്രീം, ടൺ കണക്കിന് പഞ്ചസാര എന്നിവ നിറയ്ക്കുന്നത് ഒഴിവാക്കുക.
. നിങ്ങൾ സ്ലോ മെറ്റബോളിസർ) ആണെങ്കിൽ കാപ്പിയുടെ ഉപഭോഗം 1 കപ്പ് ആയി കുറയ്ക്കുക.
. ഭക്ഷണത്തോടൊപ്പം കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവയ്ക്ക് ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണത്തെ തടയാൻ കഴിയും.