ഗർഭനിരോധന ഗുളികകൾ ഇനി പുരുഷൻമാർക്കും; ചുണ്ടെലികളിൽ നടത്തിയ പരീക്ഷണം വിജയം
|പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഗുളിക കൊണ്ട് ഗർഭസാധ്യത 99 ശതമാനം കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ
സ്ത്രീകൾക്കുള്ള ഗർഭനിരോധന ഗുളികകൾ ഇന്ന് വിപണികളിൽ സുലഭമാണ്. ഹോർമോൺ അടിസ്ഥാനമാക്കിയ ഗർഭനിരോധന ഗുളികകൾ സ്ത്രീകളിൽ ശരീരഭാരം കൂടാനും ലൈംഗികതാൽപര്യം കുറയാനും കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പുരുഷൻമാർക്കുള്ള ഗർഭമിരോധന ഗുളികകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യു.എസിലെ മിന്നസോട്ട സർവ്വകലാശാലയിലെ ഗവേഷകർ.
ശാരീരികവും മാനസികവുമായ പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഗുളിക കൊണ്ട് ഗർഭസാധ്യത 99 ശതമാനം കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. പുരുഷ പ്രത്യുൽപ്പാദനത്തിൽ നിർണായകമായ വിറ്റാമിൻ എയുടെ പ്രവർത്തനങ്ങളെയാണ് ഈ ഗുളിക നിയന്ത്രിക്കുക.
ജി.പി.എച്ച്.ആർ-529 എന്ന് പേര് നൽകിയിരിക്കുന്ന ഗുളിക നാലാഴ്ച നൽകിയ ചുണ്ടെലികളിൽ ശുക്ലത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ പ്രത്യൂൽപാദന ശേഷിയും കുറഞ്ഞതായി കണ്ടെത്തി. എന്നാൽ മരുന്നു കൊടുക്കൽ നിർത്തിയതിന് പുറമെ പ്രത്യുൽപാദന ശേഷി കൂടുകയും ചെയ്‌തെന്ന് ഗവേഷകർ പറയുന്നു. ചുണ്ടെലികളിൽ നടത്തിയ പരീക്ഷണം വിജയമായതിനാൽ ഈ വർഷം അവസാനത്തിന് മുമ്പ് മനുഷ്യരിലെ പരീക്ഷണം പൂർത്തിയാക്കുമെന്ന് ഗവേഷകർ അറിയിച്ചു.
''ഒരുപാട് കാലത്തെ ഗവേഷണത്തിലൂടെയാണ് ജി.പി.എച്ച്.ആർ-529 കണ്ടെത്തിയത്. പുരുഷൻമാർക്കുള്ള ആദ്യ ഗർഭനിരോധന ഗുളികയായിരിക്കും ഇത്.''--ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എം.ഡി.അബ്ദുല്ല അൽ നോമൻ പറഞ്ഞു.
മനുഷ്യരിലെ പരീക്ഷണം പൂർത്തിയാവുന്നതോടെ അതിന്റെ ഫലങ്ങൾക്ക് അനുസരിച്ച് മരുന്ന് വിപണിയിൽ ഇറക്കാനാണ് ഗവേഷകർ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും യുവർചോയ്സ് എന്ന കമ്പനിയിലൂടെയായിരിക്കും മരുന്ന് വിപണിയിൽ എത്തിക്കുക എന്ന്
ഡോ. എം.ഡി.അബ്ദുല്ല അൽ നോമൻ അറിയിച്ചു. ഇതിലൂടെ ലൈംഗികജന്യ രോഗങ്ങൾ പകരുന്നത് തടയാനും സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.
''പുരുഷൻമാരിലെ ഗർഭനിരോധനത്തിനുള്ള മാർഗം വികസിപ്പിച്ചെടുക്കാൻ നൂറ്റാണ്ടുകളായി പരിശ്രമിക്കുന്നു. വിറ്റാമിൻ എയുടെ പ്രവർത്തനം തടയുന്ന ഈ ഗുളിക ചുണ്ടെലികൾ വൻവിജയമാണ്.''- ഗവേഷകനായ ജോർജ് ഗൂണ്ടയിൽ പറഞ്ഞു.