Health
കോവിഡ് വന്നുപോയോ.. സ്‌ട്രോക്കിനെ സൂക്ഷിക്കണം: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Health

കോവിഡ് വന്നുപോയോ.. സ്‌ട്രോക്കിനെ സൂക്ഷിക്കണം: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Web Desk
|
10 Nov 2022 4:10 PM GMT

കോവിഡിന് ശേഷം മധ്യവയസ്‌കർക്കിടയിൽ സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്

കോവിഡ് വന്നുപോയതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ആരോഗ്യവിദഗ്ദ്ധർ അനുദിനം മുന്നറിയിപ്പ് നൽകാറുണ്ട്. കോവിഡിന് ശേഷം പ്രതിരോധ ശേഷി നഷ്ടപ്പെടുന്നത് മുതൽ നിരവധി പ്രശ്‌നങ്ങൾ ആളുകൾ നേരിടുന്നുണ്ട്. ഇപ്പോഴിതാ കോവിഡിന് ശേഷം മധ്യവയസ്‌കർക്കിടയിൽ സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

മസ്തിഷ്‌കത്തിലേക്കുള്ള രക്തചംക്രമണം കുറയുമ്പോഴാണ് സ്ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനക്ഷയത്തിനും തന്മൂലം ചലന വൈകല്യം ഉള്‍പ്പെടെയുള്ള അനവധി ബുദ്ധിമുട്ടുകൾക്കും ഇത് കാരണമായേക്കാം.

രക്തം കട്ടപിടിക്കൽ

കോവിഡിന് ശേഷം പലരുടെയും ശരീരത്തിന്റെ പലഭാഗങ്ങളിലും രക്തം കട്ടപിടിക്കുന്ന സാഹചര്യമുണ്ട്. ഇവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്. കോവിഡ് ബാധിച്ച ആളുകൾക്ക് സിരകളിൽ രക്തം കട്ടപിടിക്കാനും സാധ്യത ഏറെയാണ്.

4 മാസത്തിലേറെയായി യുകെയിലെ 54,000 ആളുകളിൽ പഠനം നടത്തി ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവക്ക് കാരണമായേക്കാം.

കോവിഡ് തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം?

സ്‌ട്രോക്കിന് വഴിവെക്കുന്നത് മാത്രമല്ല മറ്റ് പല രീതിയിലും കോവിഡ് തലച്ചോറിനെ ബാധിക്കാം. ഓർമക്കുറവ്, വിഷാദം, ഉത്കണ്ഠ, മൈഗ്രെയ്ൻ തുടങ്ങിയവയും കോവിഡാനന്തര പ്രശ്‌നങ്ങളായി ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചലന വൈകല്യങ്ങൾ, വിറയൽ, അപസ്മാരം, ശ്രവണ- കാഴ്ച വൈകല്യങ്ങൾ, ബാലൻസ്, ഏകോപന ബുദ്ധിമുട്ടുകൾ തുടങ്ങിയവക്കും സാധ്യതയുണ്ട്.

നാഡീസംബന്ധമായ രോഗങ്ങൾ

ലോകമെമ്പാടുമുള്ള 40 ദശലക്ഷത്തിലധികം നാഡീസംബന്ധമായ രോഗങ്ങൾക്ക് കോവിഡ് കാരണമായിട്ടുണ്ടെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ എപ്പിഡെമിയോളജിസ്റ്റ് സിയാദ് അൽ-അലി പറയുന്നു. മസ്‌തിഷ്‌ക പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമുള്ള വ്യക്തികളിൽ പോലും കോവിഡിന് ശേഷം മസ്‌തിഷ്‌ക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ന്യൂറോളജിക്കല്‍ സിസ്റ്റത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഒരു വ്യക്തിക്ക് ചലിക്കുന്നതിനോ സംസാരിക്കുന്നതിനോ ശ്വസിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകും. നടുവേദന, കഴുത്തുവേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ പോലും നാഡീസംബന്ധമായ രോഗങ്ങളുടെ തുടക്കമാകാം.

വാക്‌സിനുകൾ സഹായിക്കുമോ?

ഒരു പരിധി വരെ വാക്‌സിനുകൾ മസ്തിഷ്ക പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, വാക്‌സിനുകൾ നാഡീസംബന്ധമായ രോഗങ്ങളിൽ നിന്ന് പൂർണമായ സംരക്ഷണം നൽകുന്നില്ലെന്നും മനസിലാക്കണം.

സ്ട്രോക്ക് ലക്ഷണങ്ങൾ

  • കൈകാലുകളിൽ ഉണ്ടാകുന്ന തളർച്ച
  • സംസാരശേഷി നഷ്ടപ്പെടുക
  • മുഖത്തും കൈയിലും കാലിലും പെട്ടെന്നുള്ള മരവിപ്പ്
  • സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
  • കാഴ്ച്ചക്കുറവ്
  • തലകറക്കം
  • ബാലൻസ് നഷ്‌ടമാവുക

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക
  • ഉപ്പിന്റെ അളവ് കുറയ്ക്കുക
  • വ്യായാമം മുടക്കാതിരിക്കുക
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക
Related Tags :
Similar Posts