കുടലിന്റെ കാവലായ് കുർക്കുമിൻ; മഞ്ഞളിലെ മാന്ത്രികമരുന്നിനെക്കുറിച്ചറിയാം
|അൾസർ മുതൽ ഉദരാർബുദം വരെ തടയാൻ കുർക്കുമിന് കഴിവുണ്ട്
ഉദരസംബന്ധമായ അസുഖങ്ങൾ വർധിച്ചുവരികയാണ്, പുതിയ ഭക്ഷണശീലങ്ങളുമായി പൊരുത്തപ്പെടാൻ നമ്മുടെ ആന്തരികാവയവങ്ങൾക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുള്ളത്. അൾസർ, മലബന്ധം, ഗ്യാസ് തുടങ്ങി അതീവഗുരുതര അസുഖമായ ഉദര അർബുദം വരെ ഇന്ന് സാധാരണമായിക്കഴിഞ്ഞു.
ഇത്തരമൊരവസരത്തിലാണ് ഭക്ഷണത്തിൽ കുർക്കുമിൻ ചേർക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങേണ്ടത്. മഞ്ഞളിന് മഞ്ഞനിറം നൽകുന്ന രാസവസ്തുവാണ് കുർക്കുമിൻ.
ഉദരസംബന്ധമായ അസുഖങ്ങളെ വലിയൊരളവിൽ തടയാൻ കുർക്കുമിന് സാധിക്കും. ആയുർവേദത്തിലും പാരമ്പര്യവൈദ്യത്തിലും ചൈനീസ് മരുന്നുകളിലും കാലകാലമായി കുർക്കുമിൻ ഉപയോഗിച്ചുവരുന്നുണ്ട്. കോശങ്ങളുടെ നാശം തടയാനും കാൻസർ കോശങ്ങളെ നശിപ്പിക്കാനും മുറിവുകളുടെ ഉണക്കം വേഗത്തിലാക്കാനും കുർക്കുമിന് കഴിവുണ്ടെന്ന് പഠനങ്ങളുണ്ട്.
കുർക്കുമിന്റെ ഗുണഗണങ്ങളെക്കുറിച്ച് ചിലതറിയാം.
വയറിലെ വീക്കവും മുറിവുകളുമുണക്കാം
ഭക്ഷണം കഴിക്കാത്തതും അധികം ഭക്ഷണം കഴിക്കുന്നതും ദഹിപ്പിക്കാൻ കഴിയാത്ത ഭക്ഷണം കഴിക്കുന്നതും വയറിനത്ര നല്ലതല്ല. ഇത് കുടൽപുണ്ണ് എന്നറിയപ്പെടുന്ന അൾസറിന് വഴിവക്കും. കുടലിലും മറ്റും വീക്കവും മുറിവുകളുമുണ്ടാക്കുന്ന അവസ്ഥ വളരെ വേദനാജനകമാണെന്നതിനൊപ്പം ദഹനത്തെ ബാധിക്കുകയും ചെയ്യും. ഈ മുറിവുകളെയും വീക്കങ്ങളെയും അതിവേഗത്തിൽ ഉണക്കാൻ കുർക്കുമിന് കഴിയും. ഒരു പരിധി വരെ വയറെരിച്ചിൽ പോലുള്ള അസുഖങ്ങൾ നിയന്ത്രിക്കാനും കുർക്കുമിന് സാധിക്കും.
കുടലിനെ ബലപ്പെടുത്താം
വയറിലെ ആസിഡുകൾ വളരേ ശക്തമാണ്, കുടലിന് മുകളിലുള്ള ആവരണമാണ് ഈ ആസിഡുകളെ കുടലിന്റെ ഭിത്തിയിൽ നിന്നും മാറ്റിനിർത്തുന്നത്. ഈ ആവരണം കാലാകാലമായുള്ള ദഹനം കൊണ്ട് നശിക്കാനും, കുടലിനെ ആസിഡിന്റെ പ്രവർത്തി കൊണ്ട് നശിപ്പിക്കാനും സാധ്യതയുണ്ട്, ഇതിനെ ഓക്‌സിഡൈസേഷൻ എന്ന് പറയുന്നു. കുടലുകൾ നശിക്കുന്നതോടെ ആസിഡും വയറിലെ അപകടകരമായ മറ്റ് സുക്ഷ്മ വസ്തുക്കളും രക്തത്തിലേക്ക് ലയിക്കുകയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കുടലിലെ മുറിവുകൾ ക്രമേണ കാൻസർ ആയിമാറാനുള്ള സാധ്യതയുമുണ്ട്.
കുടലിലെ ആവരണത്തെ ശക്തിപെടുത്താനും ആവരണത്തിലെ ദ്വാരങ്ങളടക്കാനും കുർക്കുമിൻ ഭക്ഷണത്തിലുൾപ്പെടുത്തുന്നതിന് സാധിക്കും.
വയറിലെ സൂക്ഷ്മജീവികളെ സംരക്ഷിക്കാം
മനുഷ്യന്റെ ആന്തരികാവയവങ്ങളിൽ ദഹനത്തിന് സഹായിക്കുന്ന അനവധി സൂക്ഷ്മജീവികളുണ്ട്, ഇവയില്ലെങ്കിൽ ഭക്ഷണം നലരീതിയിൽ ദഹിപ്പിക്കാനോ പോഷകങ്ങൾ ആകിരണം ചെയ്യാനോ നമുക്ക് സാധിക്കില്ല. ഇവയുടെ വളർച്ചക്കും നിലനിൽപ്പിനും ഭക്ഷണത്തിൽ കുർക്കുമിൻ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. വയറിലെത്തുന്ന ദോഷമുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കാനും ഒരു പരിധി വരെ കുർക്കുമിന് കഴിവുണ്ട്.
ഭക്ഷണത്തെ പ്രായോഗികമായി ദഹിപ്പിക്കാം
ഭക്ഷണത്തെ പ്രായോഗികമായി ദഹിപ്പിക്കാൻ വയറിന് സാധിച്ചില്ലെങ്കിൽ പോഷകങ്ങളുടെ ആഗിരണം ദുരിതത്തിലാവും. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കുർക്കുമിന് ദഹന ആസിഡുകളെ ശക്തിപ്പെടുത്താനും ദഹനം കൂടുതൽ വേഗത്തിലാക്കാനുമുള്ള കഴിവുണ്ട്.
കുടലിന്റെ ചലനം ശക്തിപ്പെടുത്താം
ദഹനത്തിന് ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിലൊന്നാണ് കുടലിന്റെ ചലനം, ഇതിനെ പെര്സ്റ്റാൾസിസ് എന്ന് വിളിക്കുന്നു. കാലക്രമേണ കുടലിന്റെ ചലിക്കാനുള്ള ശേഷി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കുടലിലെ പേശികളെ ശക്തിപ്പെടുത്താനും രക്തയോട്ടം വർധിപ്പിക്കാനും കുർക്കുമിന് സാധിക്കും. ഇതുവഴി കുടലിന്റെ ചലനശേഷി നിലനിർത്താൻ സാധിക്കുന്നു.
മ്യൂസിൻ സംരക്ഷണം
ആന്തരിക അവയവങ്ങളെ സംരക്ഷിക്കാൻ ശരീരം പുറപ്പെടുവിക്കുന്ന കൊഴുത്ത ദ്രാവകമാണ് മ്യൂസീൻ. ഇത് കുടലിലെ ആവരണ പാളിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതാണ് കുടലിൽ അൾസറുകൾ വരാതിരിക്കാൻ സഹായിക്കുന്നത്. മ്യൂസീന്റെ ഉത്പാദനവേഗം വർധിപ്പിക്കാൻ കുർക്കുമിന് മികച്ച പങ്കുവഹിക്കാൻ സാധിക്കും.
തലച്ചോറിൽ നിന്നും സിഗ്നലുകൾ സ്വീകരിക്കാം
ദഹനത്തെ നിയന്ത്രിക്കാനായി തലച്ചോറിൽ നിന്നും പല സിഗ്നലുകളും നാഡികൾ വഴി വയറിലെത്തുന്നുണ്ട്. ഈ നാഡികളെ സംരക്ഷിക്കാനും ഇവയുടെ പ്രവർത്തനം സുഖമമാക്കാനും കുർക്കുമിന് സാധിക്കും.
കുർക്കുമിൻ എവിടെ നിന്ന് നേടാം
മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കുർക്കുമിൻ ശരീരത്തിലെത്തിക്കാനുള്ള പ്രധാന വഴി. ഇഞ്ചിയിലും ചെറിയ തോതിൽ കുർക്കുമിനുണ്ട്. ഇത് കൂടാതെ കുർക്കുമിൻ സപ്ലിമെന്റ് ഗുളികകളും വിപണിയിൽ ലഭ്യമാണ്.