Health
തുടരുന്ന മഴ, പടരുന്ന പനി; ഡെങ്കിപ്പനിയെ സൂക്ഷിക്കാം
Health

തുടരുന്ന മഴ, പടരുന്ന പനി; ഡെങ്കിപ്പനിയെ സൂക്ഷിക്കാം

Web Desk
|
7 July 2022 4:17 PM GMT

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്

സംസ്ഥാനത്ത് മഴ തുടരുകയാണ് ഒപ്പം പനിയും, പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട. അതിൽ ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണം

എന്താണ് ഡെങ്കിപ്പനി

വൈറൽ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക എന്നതും ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഘന മി.ലിറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം പ്ലേറ്റ്‌ലെറ്റുകൾ ഉണ്ടാവും. ഡെങ്കിപ്പനി വന്നാൽ പ്ലേറ്റ്‌ലെറ്റുകൾ കുറയും. അത് രണ്ടോ മൂന്നോ ദിവസത്തിനകം പഴയ പോലെയാവും. പതിനായിരത്തിൽ താഴെ ആയാൽ മാത്രമെ പ്ലേറ്റ്‌ലെറ്റുകൾ മാറ്റേണ്ടതുള്ളു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് പ്രധാനമാണ്.

രോഗവ്യാപനം തടയാം

കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്‌ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്.

Related Tags :
Similar Posts