തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം; ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
|ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഈ വിഭാഗമുള്ളത് എയിംസിൽ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ്എടി ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവർത്തിക്കുക.
ഈ നൂതന ചികിത്സയിലൂടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയിൽ വളരെയധികം ചിലവുള്ള ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നൽകുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ ഈ വിഭാഗത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായാണ് എസ്എടി ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം സ്ഥാപിക്കുന്നത്. ഗർഭത്തിലുള്ള കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റൽ മെഡിസിൻ. ഒബ്സ്റ്റീട്രിഷ്യൻമാർ, പീഡിയാട്രിഷ്യൻമാർ, ജനിറ്റിക്സ് വിദഗ്ധർ, ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റുകൾ എന്നിവരുൾപ്പെടുന്ന ഒരു മൾട്ടിഡിസ്സിപ്ലിനറി ടീം ഉൾപ്പെടെയുള്ളവരാണ് ഈ വിഭാഗത്തിലുണ്ടാകുക.
അത്യാധുനിക ഫീറ്റൽ മെഡിസിൻ സാങ്കേതികവിദ്യകളിലൂടെ സങ്കീർണമായ അവസ്ഥകളുള്ള കുഞ്ഞുങ്ങളെ പോലും രക്ഷിച്ചെടുക്കാനാകും. ജന്മവൈകല്യങ്ങൾ, ജനിതക രോഗങ്ങൾ, മറ്റ് ഭ്രൂണ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രീനേറ്റൽ ഡയഗ്നോസിസ്, ഗർഭധാരണത്തിലുടനീളം ഭ്രൂണ വളർച്ച, വികസനം എന്നിവ നിരീക്ഷിക്കുന്ന ഫീറ്റൽ സർവൈലൻസ്, രക്തദാനം, ശസ്ത്രക്രിയ എന്നിവ പോലുള്ള ഭ്രൂണ അവസ്ഥകൾക്ക് ഇടപെടൽ നൽകുന്ന ഫീറ്റൽ തെറാപ്പി, ഭ്രൂണ വൈകല്യങ്ങളോ സങ്കീർണതകളോ ബാധിക്കുന്ന രക്ഷിതാക്കൾക്കും കുടുംബങ്ങൾക്കും മാർഗദർശനവും പിന്തുണയും നൽകുന്ന കൗൺസലിംഗ് & സപ്പോർട്ട് എന്നിവ ഈ വിഭാഗത്തിലുണ്ടാകും. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പിയോ ജെയിംസ് ഫീറ്റൽ മെഡിസിൻ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കും.