നിപയെ പേടിക്കേണ്ട; തുരത്താൻ ചെയ്യേണ്ടതും അറിയേണ്ടതും...
|പനി, തലവേദന, തലകറക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. അതീവ ജാഗ്രത ആവശ്യമായ സാഹചര്യത്തിൽ പരിഭ്രാന്തരാകാതെ മുൻകരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഇത് മൂന്നാ തവണയാണ് നിപ സ്ഥിരികരിക്കുന്നത്. ഇതിന് മുൻപ് 2018 ലും 2019ലും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ എന്താണ് നിപയെന്നും എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും പലർക്കും അറിയില്ല. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
എന്താണ് നിപ?
ആർ.എൻ.എ വൈറസായ നിപ പാരാമിക്‌സോ വൈറിഡേ ഫാമിലിയിൽ പെട്ടതാണ്. മൃഗങ്ങളിൽ നിന്നാണ് നിപ വൈറസ് പടരുന്നത്. വൈറസ് ബാധയുള്ള പന്നികളിൽ നിന്നോ വവ്വാലുകളിൽ നിന്നോ നിപ മനുഷ്യരിലേക്ക് പടരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ പടരാറുണ്ട്.
രോഗ ലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസം വരെ രോഗലക്ഷങ്ങള്‍ പ്രകടമാകും. രോഗ ബാധയുണ്ടെങ്കിലും ചിലപ്പോള്‍ രോഗലക്ഷങ്ങള്‍ കാണാൻ 21 ദിവസം വരെ എടുക്കാം. പനി, തലവേദന, തലകറക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. അപൂർവ്വമായി ചുമ, വയറുവേദന, മനം പിരട്ടൽ, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ വൈറസ് ബാധ പിടിപെട്ട് ദിവസങ്ങള്‍ക്കകം തന്നെ അത്യാസന്ന നിലയിൽ ആകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
സ്ഥിരീകരണം എങ്ങനെ?
തൊണ്ടയിൽ നിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും വൈറസ് ബാധയെ തിരിച്ചറിയാം.
മുൻകരുതൽ
. രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു 20 . സെക്കന്‍റെങ്കിലും വ്യത്തിയായി കഴുകുക
. സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
ആശുപത്രികളിൽ
. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ
. രണ്ടു രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.
. രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95% വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്കും ധരിക്കണം.
. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം