പനിയെ നിസ്സാരവൽക്കരിക്കരുത്; പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്താം...
|കാലാവസ്ഥ വ്യതിയാനം നിലയ്ക്കാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നുണ്ട്
കാലാസ്ഥ വ്യതിയാനം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്. നമ്മുടെ നാട്ടിൽ വേനൽ കാലവും മഴക്കാലവും ഒരുപാട് അങ്ങോട്ട് നീണ്ടു പോയി. മഞ്ഞു കാലവും വന്നു. മഴക്കാലത്തിന്റെ അനന്തര ഫലങ്ങളായ മൂക്കടപ്പിനും ചുമയ്ക്കും യാതൊരു കുറവും ഇതുവരെ കാണുന്നില്ല. പനി കുറയാൻ വേണ്ടി നമ്മൾ മരുന്ന് കഴിക്കുകയോ കുത്തിവെപ്പുകൾ നടത്തുകയോ ചെയ്യാറാണ് പതിവ്. ഇത് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കുന്ന തലച്ചോറിലെ കേന്ദ്രം പഴയ നിലയിൽ തന്നെ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ആ സമയത്ത് ശരീരത്തിന്റെ താപനില കുറയ്ക്കാനുള്ള ഏക ഉപാധി ശരീരം വിയർക്കലാണ്. ശരീരം വിയർക്കുന്നതിനായി ശരീര നാഡികൾ വികസിക്കുകയാണപ്പോൾ ചെയ്യുന്നത്. പിന്നീട് വിയർപ്പു വലിഞ്ഞു പോകുമ്പോൾ ശരീരം തണുക്കുന്നത് വലിയ ആശ്വാസമാണ്.
പനിയുടെ യഥാർത്ഥ കാരണം രോഗാണുക്കളുടെ അതിപ്രസരണമാണ്. രോഗാണുക്കൾ കടന്നു കൂടിയതിന്റെ ഭാഗമായി ശരീരത്തിൽ പരോക്ഷമായോ പ്രത്യക്ഷമായോ പഴുപ്പുകൾ രൂപപ്പെട്ടേക്കാം. ഇത് പനിയായി കലാശിക്കുകയും ചെയ്യാം. രോഗാണു പ്രസരണം ഇല്ലാത്ത കൊളാജിൻ (സന്ധിരോഗം) രോഗങ്ങളിലും, ശരീരത്തിൽ മുറിവും ചതവും ഉണ്ടായാൽ പോലും പനിയുണ്ടാകാം. ക്ഷയ രോഗത്തിലും ചിലതരം കാൻസറുകളിലും പനി കാണപ്പെടാറുണ്ട്.
കാലാവസ്ഥ വ്യതിയാനം നിലയ്ക്കാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നുണ്ടെന്ന് സൂചിപ്പിച്ചല്ലോ. ഇങ്ങനെ സംഭവിക്കുമ്പോൾ കഴുത്തിലും തൊണ്ടയിലും തണുപ്പടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജലദോഷവും പനിയും ചുമയും മാറാതെ നിൽക്കുകയാണെങ്കിൽ ലബോറട്ടറി പരിശോധന തീർച്ചയായും വേണ്ടി വരും. കൊതുകു പരത്തുന്ന മലേറിയ , ഫൈലേറിയ , ഡെങ്കിപ്പനി തൊട്ട് എലിപ്പനി വരെ നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടു വരുന്നുണ്ട്. നീണ്ടു നിൽക്കുന്ന പനിയെ നിസ്സാരവൽക്കരിക്കാതെ ഡോക്ടറുടെ ഉപദേശം തേടുകയോ ചികിത്സിക്കുകയോ ആണ് വേണ്ടത്. എന്തായാലും പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്തുകയും ആരോഗ്യ വിദഗ്ദരുടെ സഹായം തേടുകയും ചെയ്യുക.