Health
dr shimna azeez period leave

ഡോ.ഷിംന അസീസ്

Health

'വേദന സഹിക്കാനാവാതെ ബെഡിൽ കിടന്ന്‌ ഉരുളുന്നവരും തലകറങ്ങി വീഴുന്നവരുമുണ്ട്': ആര്‍ത്തവ അവധിയെ പരിഹസിക്കുന്നവരോട് ഡോക്ടര്‍

Web Desk
|
16 Jan 2023 3:21 AM GMT

ആര്‍ത്തവ പ്രശ്നങ്ങള്‍ നേരിട്ട്‌ അറിയുകയോ കണ്ടില്ലെന്ന്‌ നടിക്കുകയോ ചെയ്യുന്ന ഒരു കൂട്ടം പുരുഷന്മാര്‍ കുസാറ്റിന്‍റെ ആർത്തവ അവധിയെ പരിഹസിക്കുകയാണെന്ന് ഡോക്ടര്‍ ഷിംന അസീസ്

കുസാറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കിയതിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഡോ.ഷിംന അസീസ്. ആർത്തവ ദിവസങ്ങളില്‍ ശരീര വേദന സഹിക്കാനാവാതെ ബെഡിൽ കിടന്ന്‌ ഉരുളുന്നവരും തലകറങ്ങി വീഴുന്നവരുമുണ്ട്. അതോടൊപ്പം ഹോർമോൺ വ്യതിയാനങ്ങൾ കാരണമുള്ള പ്രശ്നങ്ങളുമുണ്ട്. ആ ദിവസങ്ങളിൽ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത്‌ വല്ലാത്തൊരു കടമ്പയാണെന്ന് ഡോക്ടര്‍ പറയുന്നു.

ഇതൊന്നും നേരിട്ട്‌ അറിയുകയോ ഇതുവരെ ആരോടും ചർച്ച ചെയ്യുകയോ ചെയ്‌തിട്ടില്ലാത്ത, അതല്ലെങ്കിൽ കണ്ടില്ലെന്ന്‌ നടിക്കുന്ന ഒരു കൂട്ടം പുരുഷന്മാര്‍ കുസാറ്റ്‌ നൽകാൻ തീരുമാനിച്ച ആർത്തവ അവധിയെ പരിഹസിക്കുകയാണെന്ന് ഡോക്ടര്‍ വിമര്‍ശിച്ചു. ജെൻഡർ ഇക്വിറ്റി എന്നത്‌ വൈവിധ്യങ്ങളെ ചേർത്തു നിർത്തൽ കൂടിയാണ്‌. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ജൈവപരമായ പ്രത്യേകതകൾ കൊണ്ട്‌ സ്‌ത്രീയാണ്‌ അനുഭവിക്കുന്നത്‌. അതിനാല്‍ കരുതൽ നൽകേണ്ടതുണ്ടെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ആ ദിവസങ്ങൾ വിശ്രമിക്കാനായി ലഭിച്ചാൽ കൂടുതൽ പ്രൊഡക്‌റ്റിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ സ്ത്രീക്ക് സാധിക്കും. സ്‌ത്രീകൾക്ക്‌ മാത്രമല്ല ട്രാൻസ്‌ജെൻഡർ വ്യക്‌തികളിൽ ആർത്തവമുള്ളവർക്കും ഈ അവധി ബാധകമാവണം. കൂടുതൽ സ്ഥാപനങ്ങളിൽ ആര്‍ത്തവ അവധി ഉണ്ടാവട്ടെയെന്നും ഡോക്ടര്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവും ഒരു പരിധി വിട്ട്‌ വന്ന്‌ കയറും. ആർത്തവം തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുൻപ്‌ സ്‌റ്റാർട്ട്‌ ചെയ്‌ത്‍ പിരീഡ്‌സ്‌ തുടങ്ങി ഏതാണ്ട്‌ രണ്ട്‌ ദിവസമാകും വരെയൊക്കെ ഇത്‌ തന്നെ സ്‌ഥിതി. വയറുവേദനയും ബ്രസ്‌റ്റ്‌ വേദനയും പുറമെ. ഈ ദിവസങ്ങളിൽ ശരീരവേദന സഹിക്കവയ്യാതെ ബെഡിൽ കിടന്ന്‌ ഉരുളുന്നവരെയും തല കറങ്ങി വീഴുന്നവരെയും ഛർദ്ദിയും വയറിളക്കവും പ്രശ്‌നം സൃഷ്‌ടിക്കുന്നവരെയുമൊക്കെ അറിയാം. വല്ലാത്ത സഹനമാണ്‌ കുറച്ച്‌ ദിവസത്തേക്കെങ്കിലും ഇവർക്കുണ്ടാവുന്നത്‌. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട്‌ വരുന്ന ക്ഷീണവും പുകിലും വേറെയും.

ആ ദിവസങ്ങളിൽ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത്‌ വല്ലാത്തൊരു കടമ്പയാണ്. ഒരേയിരിപ്പും വാഷ്‌റൂമിൽ സൗകര്യങ്ങൾ ഇല്ലാത്തതും മുതൽ ഭക്ഷണ വിരക്‌തിയും ആരോടും മിണ്ടാൻ തോന്നാത്തതും വേദനകളും വിഷമവുമെല്ലാം ഒരു ചിരിയിലൊതുക്കേണ്ടി വരും. ചില്ലറ നയിപ്പല്ല സംഗതി.

ഇതൊന്നും നേരിട്ട്‌ അറിയുകയോ ഇത്‌ വരെ ആരോടും ചർച്ച ചെയ്യുകയോ ചെയ്‌തിട്ടില്ലാത്ത, അതല്ലെങ്കിൽ കണ്ടില്ലെന്ന്‌ നടിക്കുന്ന ഒരു കൂട്ടം പുരുഷകേസരികൾ കുസാറ്റ്‌ നൽകാൻ തീരുമാനിച്ച ആർത്തവാവധിയുടെ വാർത്തയുടെ കീഴിൽ കിടന്ന്‌ മെഴുകുന്നത്‌ കണ്ടു.

ജെൻഡർ ഇക്വിറ്റി എന്നത്‌ വൈവിധ്യങ്ങളെ ചേർത്ത്‌ നിർത്തൽ കൂടിയാണ്‌. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ജൈവപരമായ പ്രത്യേകതകൾ കൊണ്ട്‌ സ്‌ത്രീയാണ്‌ അനുഭവിക്കുന്നത്‌. ഇവിടെ അതിന്‌ തക്ക കരുതൽ നൽകേണ്ടതുമവൾക്കാണ്‌.

ആ ദിവസങ്ങൾ വിശ്രമിക്കാനായി ലഭിച്ചാൽ കൂടുതൽ പ്രൊഡക്‌റ്റിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ അവൾക്ക് സാധിക്കും. സ്‌ത്രീകൾക്ക്‌ മാത്രമല്ല, ട്രാൻസ്‌ജെൻഡർ വ്യക്‌തികളിൽ ആർത്തവമുള്ളവർക്കും ഈ അവധി ബാധകമാവണം.

ആർത്തവാവധി സ്വാഗതാർഹമായ തീരുമാനമാണ്‌. കൂടുതൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇത് കടന്ന് വരട്ടെ.

Related Tags :
Similar Posts