Health
വേവിക്കാത്ത ഭക്ഷണം കഴിച്ചാൽ പ്രമേഹം കുറയുമോ?
Health

വേവിക്കാത്ത ഭക്ഷണം കഴിച്ചാൽ പ്രമേഹം കുറയുമോ?

Web Desk
|
13 Nov 2022 4:50 AM GMT

ജീവിതശൈലിയിൽ മാറ്റങ്ങള്‍ വരുത്തിയാൽ പ്രമേഹത്തെ പോലും നിയന്ത്രിക്കാൻ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

ആരോഗ്യത്തിൻറെ കാര്യത്തിൽ ഭക്ഷണക്രമത്തെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജീവിതശൈലിയും. ജീവിതശൈലിയിൽ മാറ്റങ്ങള്‍ വരുത്തിയാൽ പ്രമേഹത്തെപ്പോലും നിയന്ത്രിക്കാൻ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനായി ആളുകള്‍ പിന്തുടരുന്ന ഏറ്റവും പുതിയ ഡയറ്റിങ്ങ് രീതിയാണ് റോ ഫുഡ് ഡയറ്റ്. വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്ന രീതിയാണിത്. പോഷകങ്ങളാൽ നിറഞ്ഞ ഈ ഭക്ഷണം എൻസൈമുകൾ നിലനിർത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ ഈ ഭക്ഷണരീതി പ്രമേഹത്തിന് പരിഹാരമാകുമോ എന്ന ചോദ്യം ബാക്കിയാണ്.

ആരോദ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ ഭക്ഷണം ആരോഗ്യകരമാണ് കാരണം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തിൽ നിന്നും പോഷകങ്ങള്‍ നഷ്ടമാകുന്നു. എന്നാൽ ഈ ഭക്ഷണരീതിയിൽ അത് സംഭവിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടില്ലാത്തതിനാൽ ആരോഗ്യകരമാണ്. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പൊതുവേ ആരോഗ്യകരമാണ്. 40-48 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വേവിക്കാത്തതും, തൈര്, കെഫീർ, കോംബൂച്ച, സോർക്രാട്ട് തുടങ്ങിയ ഭക്ഷണങ്ങളുമാണ് ഈ ഭക്ഷണരീതിയിൽ ഉൾപ്പെടുന്നത്. ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നതനുസരിച്ച് കീടനാശിനികൾ, രാസവളങ്ങൾ, മറ്റ് പ്രിസർവേറ്റീവുകൾ എന്നിവ ഉപയോഗിക്കാത്ത പഴങ്ങളും,പച്ചക്കറി ജ്യൂസുകളും,സലാഡുകളും കഴിക്കാം.

ഇത്തരം ഭക്ഷണങ്ങള്‍ അമിതഭാരമുള്ള വ്യക്തികളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്നാണ് സത്യം. എന്നാൽ ഈ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്ന എല്ലാ പഞ്ചസാരയും പ്രിസർവേറ്റീവുകളും ഇല്ലാതാക്കും. പഴങ്ങൾ, പരിപ്പ്, വിത്തുകൾ, പച്ചക്കറി ജ്യൂസുകൾ, സലാഡുകൾ തുടങ്ങിയ ഭക്ഷണങ്ങള്‍ നാരുകളുടെ കലവറയായതിനാൽ തന്നെ ഇത് വിശക്കാതിരിക്കാൻ സഹായിക്കും. സാവധാനത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരുന്നത് തടയാനും ഇത് സഹായിക്കും. എന്നാൽ ഇതൊരിക്കലും പ്രമേഹത്തിനുള്ള മരുന്നല്ല.

പ്രമേഹം നിയന്ത്രിക്കാനായി ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ എന്നി മാറ്റങ്ങള്‍ ജീവിതശൈലിയിൽ വരുത്തേണ്ടതുണ്ട്. എന്നാലും മരുന്നുകളെ അവഗണിക്കരുത്. ക്രോമിയം, മഗ്‌നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഡയറ്ററി സപ്ലിമെന്റുകളും പ്രമേഹത്തെ നിയന്ത്രിക്കാൻ ചിലപ്പോള്‍ ആവശ്യമാണ്. എല്ലാവർക്കും പ്രമേഹം മാറണമെന്നില്ല എന്നാൽ ചിലരിൽ രോഗം ഭേദപ്പെടുന്നതായി കാണാം. ഭക്ഷണം പൂർണ്ണമായും മാറ്റുന്നതിന് പകരം മതിയായ പോഷകങ്ങളുള്ള ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

Similar Posts