അമിതവണ്ണം കുറക്കാൻ തൈര് സഹായിക്കുമോ? തൈരിന്‍റെ ഗുണങ്ങളും ദോഷങ്ങളും
|ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
മലയാളികളുടെ തീൻമേശയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് തൈര്. ശുദ്ധമായ തൈര് സ്വന്തമായി വീട്ടിൽ ഉണ്ടാക്കുന്നവരും നിരവധിയാണ്. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതും രുചികരമാണെന്നതും മാത്രമല്ല അതിലുപരി നിരവധി ആരോഗ്യഗുണങ്ങളും തൈരിനുണ്ട്. തൈരിന് കുടല്‍ വീക്കം, ശരീരഭാരം, ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത എന്നിവ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കലവറയായ തൈരിൽ അടങ്ങിയ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.
തൈര് പതിവായി കഴിക്കുന്നത് ഒടിവുകൾ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ, തൈര് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും . തൈരിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും, തൈര് എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും രക്തസമ്മർദവും ഹൈപ്പർടെൻഷനും കുറക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ദഹനം മെച്ചപ്പെടുത്തുന്നതിലെ അതിന്റെ പങ്ക് ആണ്. ഒരു പ്രോബയോട്ടിക് ഭക്ഷണമെന്ന നിലയിൽ തൈരിൽ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ആസിഡ് അളവിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനത്തെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിലും തൈര് നിർണായക പങ്ക് വഹിക്കുന്നുണ്ട്. അസ്ഥികളുടെ ശക്തി വികസിപ്പിക്കുന്നതിനുള്ള അവശ്യ ഘടകങ്ങളായ കാൽസ്യം,ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. തൈര് പതിവായി കഴിക്കുന്നത് ഒടിവുകൾ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. സ്ത്രീകളിലെ സ്വകാര്യ ഭാഗങ്ങളിലെ അണുബാധ ഇല്ലാതാക്കാനും തൈര് കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തൈരിന്റെ മറ്റൊരു പ്രധാന ഗുണം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നതാണ്. തൈരിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധവും ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതുവഴി ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യതകൾ നിയന്ത്രിക്കാം. എന്നാൽ തൈരിന്‍റെ അമിത ഉപഭോഗം മലബന്ധത്തിനും ഇടയാക്കും. ചുമ, പനി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും തണുത്ത തൈര് കുടിക്കരുത്. പുളിച്ചു തികട്ടൽ ഉള്ളവരും പാൽ ഉൽപ്പന്നങ്ങള്‍ കഴിക്കുമ്പോള്‍ വയറിന് സ്തംമ്പനം ഉണ്ടാകുന്ന ആളുകളും തൈര് കഴിക്കരുത്. പുളിച്ച തൈര് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.