പട്ടിയുണ്ട്; പേവിഷബാധയെ പേടിക്കണം
|ഇന്നത്തെ സാഹചര്യത്തിൽ പേവിഷ ബാധയെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
തെരുവുനായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഇന്നുള്ളത്. കുട്ടികൾ സ്‌കൂളിൽ പോകുമ്പോഴോ കടയിൽ പോകുമ്പോഴോ നിരന്തരം കടിയേൽക്കുന്ന വാർത്ത മാത്രമേ കേൾക്കാനുള്ളൂ. നായകളെ കൊല്ലണമെന്ന് നാട്ടുകാർ പറയുമ്പോൾ കൊല്ലുക എന്നത് ഒരു പ്രതിവിധിയല്ല എന്നാണ് മറ്റൊരു വിഭാഗം ആളുകൾ മുറവിളി കൂട്ടുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ പേവിഷ ബാധയെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
എന്താണ് പേവിഷബാധ?
മനുഷ്യരേയും മൃഗങ്ങളേയും ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിത്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും.
രോഗ വാഹകരിൽ ഏറ്റവും പ്രധാനികൾ നായകളാണ്. കേരളത്തിൽ 95 ശതമാനവും പേവിഷബാധബാധയേൽക്കുന്നതും നായകളിൽ നിന്നാണ്. കൂടാതെ പൂച്ച, പന്നി, കഴുത, കുതിര, കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. കന്നുകാലികൾ അകാരണമായ അസ്വസ്ഥത, വെപ്രാളം വിഭ്രാന്തി തുടങ്ങിയവ പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ശ്രദ്ധിക്കണം. വീട്ടിലെ ഇത്തരം വളർത്തു മൃഗങ്ങൾ മാന്തുമ്പോഴോ നക്കുമ്പോഴോ രോഗാണുക്കൾ മനുഷ്യരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
പേവിഷബാധയുള്ള നായകളുടെ ലക്ഷണങ്ങൾ
1. മുന്നിൽ കാണുന്ന മനുഷ്യരേയും മൃഗങ്ങളേയും കടിക്കാനുള്ള പ്രവണത.
2. വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല. വെള്ളത്തെ ഭയക്കുന്ന രോഗ ലക്ഷണം ഉള്ളതിനാൽ ഹൈഡ്രോഫോബിയ എന്നും ഈ രോഗം അറിയപ്പെടുന്നു.
3. കുരക്കുമ്പോഴുള്ള ശബ്ദ വ്യത്യാസം.. തൊണ്ടയും നാവും മരവിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
4. നായകളുടെ വായിൽ നിന്ന് നുരയും പതയും വരുന്നു. ആക്രമണകാരികളാകുന്നു. ലക്ഷ്യമില്ലാതെ ഓടുന്നു.
അതേസമയം രോഗം ബാധിച്ച ചില നായകൾ ശാന്തരായി പെരുമാറുണ്ട്. അവർ ഉടമസ്ഥനോട് അനുസരണയോടെ പെരുമാറുകയും എവിടെയെങ്കിലും ഒതുങ്ങിക്കൂടാനും ശ്രമിക്കുന്നു. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി മൂന്ന് നാല് ദിവസത്തിനുള്ളിൽ ചത്തുപോകുന്നു.
പേവിഷബാധയുള്ള നായ കടിച്ചാൽ
പട്ടിയുടെ കടിയേറ്റാൽ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ തേടണമെന്നതാണ് പ്രധാനം.
. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക
. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
. കൃത്യമായ ഇടവേളയിൽ വാക്സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം
. കടിയേറ്റ ദിവസവും, തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിൻ എടുക്കണം
. വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക
. വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തുക
. മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക.
പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അതിനെ അവഗണിക്കരുത്.