Health
diabetes
Health

അധികം പെട്രോള്‍ ചെലവാക്കേണ്ട, നന്നായി നടന്നോളു... പ്രമേഹം പമ്പ കടക്കും

Web Desk
|
4 Dec 2023 7:37 AM GMT

ദാഹം, ഇടക്കിടെ മൂത്രമൊഴിക്കൽ, വിശപ്പ്, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയാണ് പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍

നമ്മളിൽ ഭൂരിഭാഗം ആളുകളും നടക്കാൻ മടിയുള്ളവരാണ്. നമ്മുടെ റോഡുകളിലേക്ക് ഇറങ്ങിയാൽ തന്നെ ഇക്കാര്യം നമുക്ക് മനസിലാകും. അത്രയധികം വാഹനങ്ങളാണ് റോഡുകളിലാകെ. വീടിന്‍റെ തൊട്ടടുത്തുള്ള കടയിലേക്ക് ഇറങ്ങാൻ സൈക്കിളെടുക്കുന്ന കുട്ടികളും സ്കൂട്ടർ ഉപയോഗിക്കുന്ന യുവാക്കളുമാണ് നമുക്ക് ചുറ്റുമുള്ളത്. അതായത് പൊതുവെ നടക്കാൻ മടിയുള്ളവരാണ് നമ്മളെന്ന് ചുരുക്കും.

ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവർ. എന്നാൽ ഇത്തരം രോഗങ്ങള്‍ക്കുള്ള പാർശ്വഫലമില്ലാത്ത മരുന്നാണ് നടത്തമെന്ന് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.




അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നതനുസരിച്ച് നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുമെന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണികളിലൊന്നായ ടൈപ്പ് 2 പ്രമേഹത്തിന്‍റെ തലസ്ഥാനം ഇന്ത്യയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഈ വർഷത്തെ പഠനം കാണിക്കുന്നത് ഇന്ത്യയിൽ 100 ​​ദശലക്ഷത്തിലധികം ആളുകൾ ഈ ജീവിതശൈലി ക്രമക്കേട് അനുഭവിക്കുന്നുണ്ടെന്നും 136 ദശലക്ഷം പേർ പ്രമേഹം വരാൻ സാധ്യതയുള്ളവരാണെന്നുമാണ്.




എപ്പോഴും ദാഹം, ഇടക്കിടെ മൂത്രമൊഴിക്കൽ, വിശപ്പ്, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയാണ് പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍. ചിലർക്ക് രോഗ ലക്ഷണങ്ങള്‍ കാണിക്കാതെയുമിരിക്കാം.

കൃത്യമായ ഭക്ഷണക്രമം , വ്യായാമം, മരുന്ന്, ഇൻസുലിൻ എന്നിവയാണ് പ്രമേഹത്തെ നിയന്ത്രിക്കാനുളള ചികിത്സകള്‍. എന്നാൽ ഇത് ശ്വാശ്യത പരിഹാരമല്ല.




നടത്തം ടൈപ്പ് 2 പ്രമേഹത്തിന്‍റെ അപകടസാധ്യത കുറക്കുമെങ്കിലും പുതിയ പഠനത്തിൽ അതിന്‍റെ വേഗതയെയും പരാമർശിക്കുന്നുണ്ട്. നവംബർ 28ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് വേഗത്തിൽ നടക്കുന്നത് പ്രമേഹ സാധ്യത 40 ശതമാനം കുറക്കുമെന്നാണ് പറയുന്നത്. 1999നും 2022 നും ഇടയിൽ നടത്തിയ 10 പഠനങ്ങളെ അവലോകനം ചെയ്ത് കൂടിയാണ് സ്പോർട്സ് മെഡിസിന്‍റെ പുതിയ പഠനം.

സാധാരണ വേഗത എന്നാൽ മണിക്കൂറിൽ 3.2 മുതൽ 4.8 കിലോമീറ്റർ വരെ നടക്കുന്നതാണ്. മണിക്കൂറിൽ 4.8 മുതൽ 6.4 കിലോമീറ്റർ വരെ വേഗത്തിൽ നടക്കുന്നതിനെയാണ് അതിവേഗ നടത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ ആറ് കിലോമീറ്ററോളം വേഗത്തിൽ നടക്കുന്നവർക്ക് പ്രമേഹത്തിനുള്ള സാധ്യത 39 ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Similar Posts