Health
ഗ്യാസ് ഓഫ് ആക്കിയോ? വാതിൽ ശരിക്ക് പൂട്ടിയോ..? ഒസിഡി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശങ്ക വേണ്ട; ചികിത്സയുണ്ട്
Health

ഗ്യാസ് ഓഫ് ആക്കിയോ? വാതിൽ ശരിക്ക് പൂട്ടിയോ..? ഒസിഡി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശങ്ക വേണ്ട; ചികിത്സയുണ്ട്

Web Desk
|
24 July 2023 12:47 PM GMT

അനാവശ്യഭീതിയും ഒസിഡിയുടെ ലക്ഷണങ്ങളിലൊന്നാണ്. അപകടം സംഭവിക്കുമോ മരിച്ചുപോകുമോ എന്നിങ്ങനെ പോകുന്നു ചിന്തകൾ

ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി, അല്പം വൃത്തി കൂടുതലുള്ള ആളുകൾ തങ്ങൾക്ക് ഒസിഡി എന്ന അവസ്ഥയാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ശരിക്കും വൃത്തി കൂടുന്ന അവസ്ഥയല്ല ഒസിഡി. അത്ര നിസാരവുമല്ല.. 24 നോർത്ത് കാതം എന്ന സിനിമയിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ഓർമയില്ലേ. കണിശക്കാരനായ ഏത് നേരവും കൈകഴുകുന്ന അനിയന്ത്രിതമായ ചിന്തയുള്ള ഒരാൾ.

അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം ആളുകൾ ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്.

"ഡോക്ടർ, എനിക്ക് കൈ കഴുകുന്നത് നിർത്താൻ കഴിയുന്നില്ല.."; 37കാരിയായ വീണ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഡോക്ടറെ സമീപിച്ചത് ഈ കാരണം പറഞ്ഞാണ്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഇവർ കോവിഡിന് ശേഷം ആകെ മാറി. പിന്നീടുണ്ടായ ശീലങ്ങൾ ദൈനംദിന ജീവിതം, ജോലി പ്രകടനം, എന്തിന് സ്വന്തം ഭർത്താവിനോടുള്ള പെരുമാറ്റത്തെ വരെ ബാധിച്ചുതുടങ്ങി. അസുഖം വന്നാൽ നോക്കാൻ ആരുമില്ലല്ലോ എന്ന ഭയമായിരുന്നു ആദ്യം. തുടർന്ന് തുടങ്ങിയ ശുചിത്വം പതുക്കെ പതുക്കെ വർധിച്ചുവരാൻ തുടങ്ങി. തന്റെയത്ര വൃത്തി ഭർത്താവിനില്ലെന്ന് തോന്നി തുടങ്ങിയതോടെ അദ്ദേഹത്തെ അകറ്റി നിർത്തി.

വൃത്തി കാരണം ഏത് ജോലി ചെയ്യാനും കൂടുതൽ സമയമെടുക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുട തുടക്കം. ജോലിസ്ഥലത്തും ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ ഡോക്ടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. പരിശോധനയിൽ വീണക്ക് ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്തി. സൈക്കോതെറാപ്പിയും മരുന്നുകളും ഉൾപ്പെടുന്ന ചികിത്സ ഡോക്ടർ നിർദേശിക്കുകയും ചെയ്തു. നിരവധി തെറാപ്പി സെഷനുകളാണ് ഇവർക്ക് നിർദേശിക്കപ്പെട്ടിരുന്നത്. ഇതിലൂടെ ഡിസോർഡർ നന്നായി മനസ്സിലാക്കാനും അതിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ പഠിക്കാനും സാധിച്ചു.

എക്‌സ്‌പോഷർ ആൻഡ് റെസ്‌പോൺസ് പ്രിവൻഷനും (ഇആർപി) കോഗ്‌നിറ്റീവ് റീസ്ട്രക്‌ചറിംഗും ആയിരുന്നു ചികിത്സാ രീതി. സ്എസ്ആർഐ (സെലക്ടീവ് സെറോടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്റർ) കോഴ്സും ആൻക്സിയോലൈറ്റിക് മരുന്നുകളും ഒപ്പമുണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം വീണ സാധാരണ ജീവിതത്തിലേക്ക് വരികയും ചെയ്തു.

അതിനാൽ ഒസിഡിക്ക് ചികിത്സയില്ലെന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങൾക്ക് ഒസിഡി ഉണ്ടെന്ന് ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്.

ഒസിഡിയുടെ ലക്ഷണങ്ങൾ

ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി) ഒരു മാനസികാരോഗ്യ അവസ്ഥയാണ്, ഇത് അമിതമായ അഭിനിവേശവും നിർബന്ധിതവുമാണ്. ആവർത്തിച്ചുള്ളതും വിഷമിപ്പിക്കുന്നതുമായ ചിന്തകൾ ഉണ്ടാകുന്നു. അത് തീവ്രമായ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. നിയന്ത്രിക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത.

അമിതമായ വൃത്തി

അണുക്കൾ മൂലം അസുഖങ്ങൾ ഉണ്ടാകുമോ എന്ന അനാവശ്യമായ ഭയം മൂലം കൈകൾ ഇപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കുക. വീട്ടിലെ തറയും മറ്റും അടിക്കടി തുടച്ച് വൃത്തിയാക്കുക. സാധനങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അസ്വസ്ഥത അനുഭവപ്പെടുക.

പരിശോധന

ആവർത്തിച്ചുള്ള പരിശോധനയാണ് ഒസിഡിയുടെ മറ്റൊരു ലക്ഷണം. വീട് പൂട്ടി പുറത്തിറങ്ങിയാൽ വീണ്ടും സംശയത്തോടെ പൂട്ടിയോ എന്ന് പരിശോധിക്കുക. ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കുക. അയച്ച സന്ദേശങ്ങൾ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുക.

ആവർത്തിച്ചുള്ള ലൈംഗിക ചിന്തകൾ

ആവർത്തിച്ചുവരുന്ന ലൈംഗിക ചിന്തകളും അക്രമചിന്തകളും ഒസിഡിയുടെ പ്രധാന ലക്ഷണമാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കുക, അല്ലെങ്കിൽ നോക്കി പോകുമോ എന്ന ചിന്ത. സ്വയം താനൊരു മോശം ആളാണോ എന്ന ചിന്ത.

മരണഭയം

അനാവശ്യഭീതിയും ഒസിഡിയുടെ ലക്ഷണങ്ങളിലൊന്നാണ്. അപകടം സംഭവിക്കുമോ മരിച്ചുപോകുമോ എന്നിങ്ങനെ പോകുന്നു ചിന്തകൾ. റോഡിലേക്ക് ഇറങ്ങിയാൽ വണ്ടിയിടിക്കുമോ തുടങ്ങി നിരവധി ചിന്തകൾ അലട്ടിക്കൊണ്ടേയിരിക്കും. ഭയം കാരണം വീടുവിട്ട് പുറത്തുപോകാൻ പോലും ഇവർക്ക് കഴിയില്ല.

എങ്ങനെ നേരിടാം

  • ഒസിഡിയെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുക. രോഗത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ അറിവ് നിങ്ങളെ സഹായിക്കും.
  • ഒരു മാനസികാരോഗ്യ പ്രൊഫഷണലിന്റെ സഹായം തേടുക. സൈക്കോതെറാപ്പി കൂടാതെ മരുന്നുകൾ അടങ്ങിയ ശരിയായ രോഗനിർണയത്തിനും ചികിത്സാ പദ്ധതിക്കും ഇത് സഹായകമാകും. ഒസിഡിക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ് സിബിടി (കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി). അനാവശ്യമായ ചിന്തകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
  • SSRI (സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്ററുകൾ) പോലുള്ള OCD വിരുദ്ധ മരുന്നുകൾ പലപ്പോഴും മിതമായതും കഠിനവുമായ OCD യുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  • പേശികളുടെ വിശ്രമം, യോഗ, ധ്യാനം, ഹിപ്നോതെറാപ്പി, മൈൻഡ്ഫുൾനസ് വ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ ഉത്കണ്ഠ ഫലപ്രദമായി ഇല്ലാതാക്കാൻ സഹായിക്കുന്നു
  • വേണ്ടത്ര ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, ദൈനംദിന വ്യായാമം, ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടുക, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കൽ തുടങ്ങിയവ സമ്മർദ്ദം കുറയ്ക്കും.
  • ലഹരിവസ്തുക്കളുടെ ദുരുപയോഗം ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും. ഇവയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.
  • സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. ഒസിഡി ഒരു മെഡിക്കൽ അവസ്ഥയാണെന്ന് തിരിച്ചറിയുക. ഒസിഡിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു മാനസികാരോഗ്യ പ്രൊഫഷണലിൽ നിന്ന് സഹായം തേടുന്നത് നിർണായകമാണ്.
Similar Posts