ആരോഗ്യഗുണങ്ങളറിഞ്ഞ് കഴിക്കാം ഡ്രാഗൺ ഫ്രൂട്ട്
|ഉച്ചഭക്ഷണമായോ രാത്രിയിലോ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം
വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഡ്രാഗൺ ഫ്രൂട്ട് ഇപ്പോൾ കേരളത്തിലും സുലഭമായി ലഭിക്കുന്നുണ്ട്. പലരും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ഡ്രാഗൺ ഫ്രൂട്ടിന്റെ ലഭ്യതയും കൂടി. രുചിയേറെയുള്ളതിനാൽ ആവശ്യക്കാരും കൂടുതലാണ്. എന്നാൽ രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്.
ഡ്രാഗൺ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. കാൻസർ, അകാല വാർധക്യം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധയും ഡിടിഎഫ് സ്റ്റുഡിയോ സ്ഥാപകയുമായ സോണിയ ബക്ഷി പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
- ഡ്രാഗൺ ഫ്രൂട്ടിന്‍റെ പ്രധാന ആരോഗ്യഗുണങ്ങള്‍
- കൊഴുപ്പ് രഹിതവും ഉയർന്ന നാരുകളുമടങ്ങിയ പഴം കൂടിയാണിത്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിയും.
- കുടലിലെ പ്രോബയോട്ടിക്‌സ് എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഴം കൂടിയാണിത്. ഇത് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തു.
- ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും
- ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പഴം കൂടിയാണിത്.
എപ്പോൾ കഴിക്കാം...
പഴങ്ങൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയമായി പൊതുവെ രാവിലെയാണ് പറയാറ്. രാവിലെ കഴിക്കുമ്പോൾ പഴങ്ങളിലെ പഞ്ചസാര വേഗത്തിൽ ഇല്ലാതാക്കുകയും എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ കഴിയും. എന്നാൽ ഡ്രാഗൺ ഫ്രൂട്ട് ഉച്ചഭക്ഷണമായോ രാത്രിയിലോ കഴിക്കാം. രാത്രിയിൽ കഴിയുമ്പോൾ നല്ല ഉറക്കം ഉണ്ടാക്കാൻ സഹായിക്കുമെന്നും ബക്ഷി പറയുന്നു. പൈനാപ്പിൾ, മാങ്ങ തുടങ്ങിയ പഴങ്ങൾക്കൊപ്പം സാലഡിലും ഡ്രാഗൺ ഫ്രൂട്ട് ചേർക്കാവുന്നതാണ്. ഐസ്‌ക്രീമാക്കിയോ സ്മൂത്തിയാക്കിയോ കഴിക്കാനും ഡ്രാഗൺ ഫ്രൂട്ട് ബെസ്റ്റാണ്.
അതേസമയം, അമിതമായി ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ഒഴിവാക്കണം. ഒരുപരിധിയില്‍ കൂടുതൽ കഴിച്ചാൽ വയറിന് അസ്വസ്ഥത ഉണ്ടാക്കാനും വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.