സ്ഥിരമായുള്ള ചായകുടി പ്രമേഹ സാധ്യത കുറയ്ക്കും? ഡോക്‌ടർമാർ പറയുന്നത്...
|ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെ കുറിച്ച് വർഷങ്ങളായി പഠനങ്ങൾ നടക്കുകയാണ്
ചായ അധികം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, സ്ഥിരമായി ചായ കുടിക്കുന്നത് രണ്ടുതരം പ്രമേഹസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. 10 ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തി നടത്തിയ 19 മെറ്റാ അനാലിസിസ് പഠനങ്ങളിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ.
ദിവസവും നാല് കപ്പ് ചായ കുടിക്കുന്നത് പ്രമേഹ സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു. ഒന്നോ രണ്ടോ കപ്പ് ചായയാണ് കുടിക്കുന്നതെങ്കിൽ പ്രമേഹത്തിന്റെ നാല് ശതമാനം കുറയുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ, ഈ പഠനം ഡോക്ടർമാർ പൂർണമായും അംഗീകരിച്ചിട്ടില്ല.
കുടിക്കുന്ന ചായയുടെ അളവ് മാത്രമാണ് പ്രമേഹ സാധ്യത നിർണയിക്കാൻ പഠനവിധേയമാക്കിയിരിക്കുന്നത്. ഏത് തരം ചായയാണ് കുടിക്കുന്നത് എന്നത് പോലും പഠനവിധേയമാക്കിയിട്ടില്ല. അതിനാൽ തന്നെ ചായ സ്ഥിരം കുടിക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകില്ലെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിൽ ധാരാളം ആളുകൾ ചായ കുടിക്കുന്നുണ്ട്, എങ്കിലും രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെ കുറിച്ച് വർഷങ്ങളായി പഠനങ്ങൾ നടക്കുകയാണ്. എന്നിട്ടും, പ്രമേഹ സാധ്യത കുറയ്ക്കുമെന്ന കാര്യം സ്ഥിരീകരിക്കാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ എൻഡോക്രൈനോളജി പ്രൊഫസർ ഡോ.എസ്.വി.മധു പറഞ്ഞു. കാപ്പിയോ ചായയോ കുടിക്കുന്നവർ സ്ഥിരമായി വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവരിൽ പ്രമേഹമുണ്ടാകാനുള്ള സാധ്യത കുറവാണ്. അത് ചായയുടെ ഗുണം കൊണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നും ഡോക്ടർ വ്യക്തമാക്കി.